കോൺഗ്രസിന് ഇനി താഴെത്തട്ടിൽ യൗവനം; പകുതി 50 വയസ്സിൽ താഴെയുള്ളവർ, മുഴുവൻസമയ ബ്ലോക്ക് പ്രസിഡന്റ്

തിരുവനന്തപുരം: കോൺഗ്രസ് പുനഃസംഘടനയിൽ സംസ്ഥാനത്തെ മുഴുവൻ ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാരും മാറണമെന്നും പകരം പുതുമുഖങ്ങളെ നിയമിക്കണമെന്നും നിർദേശം. ഒരുവർഷത്തിനിടെ നിയമിതരായവർക്ക് മാത്രമാണ് പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഇളവുകിട്ടുക, അതും അനിവാര്യമെങ്കിൽമാത്രം. ഇതടക്കം പുനഃസംഘടനാ മാർഗനിർദേശങ്ങൾക്ക് കെ.പി.സി.സി രൂപംനൽകി. ഡി.സി.സി ഭാരവാഹികൾ, എക്സിക്യുട്ടീവ് അംഗങ്ങൾ, ബ്ലോക്ക് പ്രസിഡന്റുമാർ എന്നിവരിൽ 50 ശതമാനംപേർ പുതുമുഖങ്ങളാകണം. 50 വയസ്സിൽ താഴെയുള്ളവരുമാകണം. വലിയ ജില്ലകളിൽ ഡി.സി.സി.ക്ക് 35 ഭാരവാഹികളുണ്ടാകും. കാസർകോട്, വയനാട്, ഇടുക്കി ജില്ലകളിൽ 25 ഭാരവാഹികളും. 35 ഭാരവാഹികളിൽ ആറു വൈസ് പ്രസിഡന്റും 28 ജനറൽ സെക്രട്ടറിമാരും ഒരു ട്രഷററുമുണ്ടാകും. വൈസ് പ്രസിഡന്റുമാരിൽ ഒരാൾ വനിതയും ഒരാൾ പട്ടികജാതി-വർഗവിഭാഗത്തിൽപ്പെട്ടയാളുമാകണം. ആകെ ഭാരവാഹികളിൽ പട്ടികജാതി-വർഗ വനിത ഉൾപ്പെടെ ആറു വനിതകൾവേണം. ഈ ജില്ലകളിൽ 36 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയാണ് വേണ്ടത്. രണ്ടുഘട്ടമായാണ് പുനഃസംഘടന. ആദ്യഘട്ടത്തിൽ ഡി.സി.സി. ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡന്റുമാർ എന്നിവരെ നിയമിക്കും. ഇതിനുള്ള പട്ടിക ഉപസമിതി ഫെബ്രുവരി അഞ്ചിനകം കെ.പി.സി.സി.ക്ക് നൽകണം. മണ്ഡലം പ്രസിഡന്റുമാരുടെ പട്ടിക 15-നകം നൽകണം. മണ്ഡലം പ്രസിഡന്റുമാരെ നിയമിക്കാനുള്ള അധികാരം ജില്ലാതല സമിതികൾക്ക് നൽകി. തർക്കമുള്ളയിടത്ത് കെ.പി.സി.സി. തീരുമാനമെടുക്കും. ഇതിന്റെകൂടെ ഡി.സി.സി. അംഗങ്ങളായി തിരഞ്ഞെടുക്കേണ്ടവരുടെ പാനലും നൽകണം. ഒരു ബ്ലോക്കിൽനിന്ന് ആറ് ഡി.സി.സി. അംഗങ്ങളുണ്ടാകും. മണ്ഡലം, ബ്ലോക്ക് ഭാരവാഹികളെ നിശ്ചയിക്കാൻ നിയമസഭാ മണ്ഡലതലത്തിൽ ചെറിയസമിതിയെ ഡി.സി.സി. നിയമിക്കണം. മുഴുവൻസമയ ബ്ലോക്ക് പ്രസിഡന്റ് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റായി നിയമിക്കപ്പെടണമെങ്കിൽ മുഴുവൻസമയ പാർട്ടി പ്രവർത്തനത്തിന് സന്നദ്ധരാകണം. സർക്കാർ, അർദ്ധ സർക്കാർ, സഹകരണ സ്ഥാപനങ്ങൾ, ബാങ്കിങ് മേഖല എന്നിവിടങ്ങളിൽ ജോലിചെയ്യുന്നവരെയും ത്രിതല പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്മാരെയും ജില്ലാപഞ്ചായത്ത് അംഗങ്ങളെയും ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കില്ല. പുനഃസംഘടനയിലൂടെ വരുന്ന പ്രസിഡന്റുമാർ പൂർണസമയവും പാർട്ടി പ്രവർത്തനരംഗത്ത് ഉണ്ടാകണമെന്നാണ് ജില്ലാതല പുനഃസംഘടനാ ഉപസമിതികളോട് കെ.പി.സി.സി. പറഞ്ഞിരിക്കുന്നത്.

