KSDLIVENEWS

Real news for everyone

അസമില്‍ മുസ്‌ലിം വിവാഹനിയമം റദ്ദാക്കി; ഏകീകൃത സിവില്‍കോഡിലേക്കുള്ള ആദ്യ ചുവടുവെപ്പ്

SHARE THIS ON

ഗുവാഹാട്ടി: മുസ്ലിം വിവാഹ-വിവാഹ മോചന രജിസ്‌ട്രേഷന്‍ നിയമം റദ്ദാക്കാന്‍ അസം മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാനത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനുള്ള ആദ്യപടിയായാണ് ഈ നീക്കം. നേരത്തെ രാജ്യത്താദ്യമായി ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍കോഡ് പാസാക്കിയിരുന്നു. അസമിലും നിയമം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ പറഞ്ഞിരുന്നു. ഫെബ്രുവരി 28-ന് ആരംഭിക്കുന്ന അസം നിയമസഭാ സമ്മേളനത്തില്‍ മുസ്‌ലിം വിവാഹ നിയമം റദ്ദാക്കുന്ന ബില്‍ അവതരിപ്പിക്കും. ഇതിന് മുന്നോടിയായാണ് വെള്ളിയാഴ്ച ചേര്‍ന്ന മന്ത്രി സഭായോഗത്തില്‍ നിയമം റദ്ദാക്കുന്നതിന് അംഗീകാരം നല്‍കിയത്. 2011-ലെ സെന്‍സസ് പ്രകാരം അസം ജനസംഖ്യയുടെ 34 ശതമാനമാണ് ഇസ്‌ലാം മതവിശ്വാസികളുള്ളത്. ’23-2-2024ന്, അസം മന്ത്രിസഭ, കാലപഴക്കമുള്ള അസം മുസ്ലീം വിവാഹം & വിവാഹമോചന രജിസ്‌ട്രേഷന്‍ നിയമം റദ്ദാക്കാനുള്ള സുപ്രധാന തീരുമാനമെടുത്തു. വധൂവരന്മാര്‍ക്ക് 18-ഉം 21-ഉം വയസ്സ് ആയിട്ടില്ലെങ്കില്‍ പോലും നിയമപ്രകാരം വിവാഹ രജിസ്‌ട്രേഷന്‍ അനുവദിക്കുന്ന വ്യവസ്ഥകള്‍ ഈ നിയമത്തില്‍ അടങ്ങിയിരിക്കുന്നു. അസമില്‍ ശൈശവവിവാഹം നിരോധിക്കുന്നതിനുള്ള മറ്റൊരു സുപ്രധാന ചുവടുവെപ്പാണ് ഈ നീക്കം’, മന്ത്രിസഭാ യോഗത്തിന് ശേഷം അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ എക്‌സില്‍ കുറിച്ചു. മുസ്‌ലിം വിവാഹ നിയമപ്രകാരം സംസ്ഥാനത്ത് ഇനി വിവാഹം രജിസ്റ്റര്‍ചെയ്യാന്‍ സാധിക്കില്ലെന്നും പ്രത്യേക വിവാഹ നിയമപ്രകാരം എല്ലാ വിവാഹങ്ങളും രിജസ്റ്റര്‍ ചെയ്യാമെന്നും അസം മന്ത്രി ജയന്ത മല്ല ബറുവ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!