KSDLIVENEWS

Real news for everyone

ഫയര്‍മാന്റെ ജീവനെടുത്ത കിന്‍ഫ്ര തീപ്പിടിത്തത്തില്‍ ദുരൂഹത;അഴിമതി അന്വേഷണത്തിന് പിന്നാലെ തീപ്പിടിത്തം

SHARE THIS ON

തിരുവനന്തപുരം: അഗ്നിശമന സേനാ ഉദ്യോഗസ്ഥന്റെ ജീവന്‍ കവര്‍ന്ന തിരുവനന്തപുരം മേനംകുളത്തെ കിന്‍ഫ്ര പാര്‍ക്കിലുണ്ടായ തീപ്പിടിത്തത്തില്‍ ഗുരുതര വീഴ്ച ഉണ്ടായതായി കണ്ടെത്തല്‍. തീപ്പിടിത്തമുണ്ടായ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ ഗോഡൗണ്‍ ഒരു സുരക്ഷാ മാനദണ്ഡവും പാലിച്ചിരുന്നില്ലെന്നാണ് വ്യക്തമാകുന്നത്. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനെതിരെ അന്വേഷണം നടക്കുന്നതിനിടെ നടന്ന തീപ്പിടിത്തവും ഇതിലെ വീഴ്ചയും ദുരൂഹത ഉയര്‍ത്തുന്നുണ്ട്. കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്നതില്‍ അധികവും കാലാവധി കഴിഞ്ഞ മരുന്നുകളായിരുന്നു. തീപിടിക്കാന്‍ കാരണമാകുന്ന പതിനേഴോളം വസ്തുക്കള്‍ കെട്ടിടത്തില്‍ ഉണ്ടായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ക്ലോറിന്‍ അടക്കം സൂക്ഷിച്ചിരുന്നത് ഒരു മാനദണ്ഡങ്ങളും പാലിക്കാതെയാണ്. അഗ്നിശമനസേനയുടെ എന്‍ഒസി കൂടാതെയാണ് ഈ മരുന്ന് സംഭരണശാലയുടെ കെട്ടിടം പ്രവര്‍ത്തിച്ചതെന്ന് ഇന്നലെ സംഭവസ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് മേധാവി ഡിജിപി ബി.സന്ധ്യ പറഞ്ഞിരുന്നു. തീ കെടുത്താനുള്ള ഒരു ഉപകരണങ്ങളും ഇവിടെ ഉണ്ടായിരുന്നില്ല. കെട്ടിടത്തില്‍ ബ്ലീച്ചിങ് പൗഡര്‍ വന്‍തോതില്‍ സൂക്ഷിച്ചിരുന്നു. അതില്‍ വെള്ളംവീണാല്‍ പുകയാന്‍ സാധ്യതയുണ്ട്. ആല്‍ക്കഹോള്‍ അടങ്ങിയ ദ്രാവകവുമായി ബ്ലീച്ചിങ് സമ്പര്‍ക്കത്തിലായാല്‍ തീ കത്താന്‍ സാധ്യതയുണ്ടെന്നും ഫയര്‍ഫോഴ്‌സ് മേധാവി ചൂണ്ടിക്കാട്ടിയിരുന്നു. ദുരൂഹതയുടെ പുകയില്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികള്‍ക്കും മെഡിക്കല്‍ കോളേജുകള്‍ക്കും ആവശ്യമായ മരുന്നും മെഡിക്കല്‍ ഉപകരണങ്ങളും വാങ്ങിനല്‍കുന്നതിനായി രൂപവത്കരിച്ച മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ മരുന്നുസംഭരണ കേന്ദ്രങ്ങളില്‍ ആവര്‍ത്തിച്ചുണ്ടാവുന്ന തീപ്പിടിത്തം ദുരൂഹത വര്‍ധിപ്പിക്കുന്നു. കൊല്ലത്തും തിരുവനന്തപുരത്തും ബ്ലീച്ചിങ് പൗഡറാണ് തീപ്പിടിത്തത്തിന് കാരണമായതെന്നാണ് കോര്‍പ്പറേഷന്‍ പറയുന്നത്. പക്ഷേ, കത്തിയവയുടെ കൂട്ടത്തില്‍ തീയതി കഴിഞ്ഞതും കഴിയാത്തതുമായ മരുന്നുകളും ഉണ്ടായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. തീയതി കഴിഞ്ഞ മരുന്ന് സംഭരണകേന്ദ്രത്തില്‍ എന്തിന് സൂക്ഷിച്ചെന്നും രാസവസ്തുക്കള്‍ക്കൊപ്പം സുരക്ഷാമാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണോ മരുന്ന് സൂക്ഷിച്ചതെന്നും സംശയമുണ്ട്. അഴിമതി അന്വേഷണത്തിന് പിന്നാലെ തീപ്പിടിത്തം കോവിഡിനുപിന്നാലെയാണ് കോര്‍പ്പറേഷന്‍ ആരോപണങ്ങളുടെ തീച്ചുഴിയില്‍വീഴുന്നത്. അതുസംബന്ധിച്ച ലോകായുക്ത അന്വേഷണം നടക്കുന്നതിനിടെയാണ് ഗോഡൗണുകളില്‍ തുടര്‍ച്ചയായുണ്ടാകുന്ന തീപ്പിടിത്തം. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പി.പി.ഇ. കിറ്റ്, മാസ്‌ക് തുടങ്ങി കോവിഡ് പ്രതിരോധ സാമഗ്രികള്‍ വിപണിവിലയെക്കാള്‍ മൂന്നും നാലും മടങ്ങ് ഉയര്‍ന്നവിലയ്ക്ക് എല്ലാ നടപടിക്രമങ്ങളും മറികടന്ന് വാങ്ങിക്കൂട്ടിയെന്നാണ് ആരോപണം. ആരോപണം ഉയര്‍ന്നതിനുപിന്നാലെ പര്‍ച്ചേസുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ ഫയലുകള്‍ കോര്‍പ്പറേഷനില്‍നിന്ന് നഷ്ടമായത് സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിച്ചു. കംപ്യൂട്ടറില്‍നിന്ന് ഡിലിറ്റ്‌ചെയ്ത ഫയലുകള്‍ പിന്നീട് വീണ്ടെടുത്തെന്നും ഡിലിറ്റ് ചെയ്തയാളെ സസ്‌പെന്‍ഡ് ചെയ്‌തെന്നും അറിയിച്ച് കോര്‍പ്പറേഷന്‍ രംഗത്തുവന്നെങ്കിലും ആരോപണങ്ങളുടെ മുനയൊടിക്കാന്‍ കോര്‍പ്പറേഷനായില്ല. കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ ഡോ. ദിലീപ് കുമാര്‍ അടക്കമുള്ളവരെ സ്ഥാനത്തുനിന്ന് മാറ്റി. സംഭവത്തെക്കുറിച്ച് ധനകാര്യപരിശോധനാ വിഭാഗവും അന്വേഷണംനടത്തിയെങ്കിലും തുടര്‍നടപടികളൊന്നുമുണ്ടായില്ല. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ എസ്. നായര്‍ ലോകായുക്തയെ സമീപിച്ചിരുന്നു. പി.പി.ഇ. കിറ്റ്, ഗ്ലൗസ്, തെര്‍മോമീറ്റര്‍ തുടങ്ങിയവ വാങ്ങിയതില്‍ 600-700 കോടിയുടെ അഴിമതി നടന്നുവെന്നാണ് പരാതി. മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ, ആരോഗ്യ സെക്രട്ടറി രാജന്‍ ഖൊബ്രഗഡെ തുടങ്ങി 13 പേരാണ് കേസിലെ പ്രതികള്‍. ജൂണ്‍ 15-ന് കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് കോര്‍പ്പറേഷന്റെ കൊല്ലത്തെയും തൊട്ടുപിന്നാലെ തിരുവനന്തപുരത്തെയും ഗോഡൗണുകളിലെ തീപ്പിടിത്തം. വകുപ്പ് ആസ്ഥാനത്തും ഫയല്‍ നഷ്ടമായി മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ നടത്തിയ പര്‍ച്ചേസുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ ഫയലുകള്‍ മായ്ച്ചുകളഞ്ഞെന്ന ആരോപണത്തിനുപിന്നാലെയായിരുന്നു ആരോഗ്യവകുപ്പ് ആസ്ഥാനത്ത് സൂക്ഷിച്ചിരുന്ന അഞ്ഞൂറിലേറെ ഫയലുകള്‍ നഷ്ടമായത്. ആരോഗ്യവകുപ്പ് ഡയറക്ടറുടെ പരാതിയില്‍ സംഭവത്തെക്കുറിച്ച് പോലീസ് ആന്വേഷണം നടത്തിയെങ്കിലും മരുന്നിടപാടുമായി ബന്ധപ്പെട്ട ഫയലുകളല്ല നഷ്ടമായതെന്ന് പറഞ്ഞ് ആരോഗ്യവകുപ്പുതന്നെ തടിയൂരി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!