രണ്ടാം വിവാഹം ഒരാഴ്ച മുമ്പ്: മൂന്നു മക്കളെയും കൊന്ന് ജീവനൊടുക്കിയതെന്ന് സംശയം

കണ്ണൂർ: കണ്ണൂർ ചെറുപുഴയ്ക്കടുത്ത് പാടിച്ചാലിൽ ഒരു വീട്ടിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ചെറുപുഴ സ്വദേശികളായ ഷാജി, ഭാര്യ ശ്രീജ, ശ്രീജയുടെ മൂന്ന് മക്കളായ സൂരജ് (10), സുരഭി (8), സുജിൻ (12) എന്നിവരെയാണ് ബുധനാഴ്ച രാവിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ഥലത്ത് നിന്നും ആത്മഹത്യാക്കുറിപ്പ് ലഭിച്ചതായി പോലീസ് അറിയിച്ചു. ഷാജിയും ശ്രീജയും വിവാഹിതരായത് ഒരാഴ്ച മുമ്പാണ് കഴിഞ്ഞ പതിനാറിനായിരുന്നു ഇരുവരുടെയും വിവാഹം. ഷാജിയ്ക്ക് വേറെ ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ശ്രീജയുടെ ആദ്യ വിവാഹത്തിലുള്ള കുട്ടികളാണ് മരിച്ച മൂന്ന് പേരും. കുടുംബപ്രശ്നങ്ങളാണ് ഇവരുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് നിലവിൽ പുറത്ത് വരുന്ന വിവരം. വീട്ടിൽ ചില സംഘർഷങ്ങൾ ഉണ്ടായിരുന്നതായി നാട്ടുകാരും വ്യക്തമാക്കുന്നുണ്ട്. രാവിലെ വീട് തുറക്കാത്ത നിലയിൽ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മക്കളെ കൊലപ്പെടുത്തിയ ശേഷം ഇരുവരും ആത്മഹത്യ ചെയ്‌തെന്നാണ് പോലീസ് കരുതുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)

