വിവാഹത്തിനായി 17 കോടിയുടെ കൊട്ടാരം ബുക്ക് ചെയ്തു, പിന്നാലെ പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിട്ട് കൊന്ന് യുവതി

പൂനെ: സ്വപ്നതുല്യമായ ഒരു വിവാഹത്തിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായിരുന്നു, എന്നാൽ ഒടുവിൽ സംഭവിച്ചത് ആരെയും നടുക്കുന്ന ഒരു കൊലപാതകം. പ്രതിശ്രുത വധുവും അവളുടെ കാമുകനും ചേർന്ന് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ഒരു ക്രൂരകൃത്യം.
മഹാരാഷ്ട്രയിലെ പ്രമുഖ വ്യവസായിയുടെ മകനായ കേതൻ അഗർവാൾ, പൂനെക്കടുത്തുള്ള ലോഹഗഡ് കോട്ടയിൽ വെച്ച് ഫോട്ടോയെടുക്കുന്നതിനിടെ വീണു മരിച്ച സംഭവം ഇപ്പോൾ ഒരു കൊലപാതകക്കേസായി മാറിയിരിക്കുകയാണ്. കേതനെ അദ്ദേഹത്തിന്റെ പ്രതിശ്രുത വധുവും കാമുകനും ചേർന്ന് താഴ്വരയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
‘ഒരാൾക്ക് എങ്ങനെ ഇത്രയും ക്രൂരനാകാൻ കഴിയും എന്നതാണ് ചോദ്യം’- കേസ് അന്വേഷിക്കുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഈ സംഭവം ഇരു കുടുംബങ്ങളെയും അന്വേഷണ ഉദ്യോഗസ്ഥരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.
എന്താണ് സംഭവിച്ചത്?
ജൂൺ 18 വ്യാഴാഴ്ച, പ്രതിശ്രുത വധു സിയ ഗോയലിന്റെ ജന്മദിനം ആഘോഷിക്കുന്നതിനാണ് കേതൻ അഗർവാൾ അവളോടൊപ്പം ലോഹഗഡ് കോട്ടയിലേക്ക് ട്രെക്കിങ്ങിന് പോയത്. അടുത്ത നവംബറിൽ ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു.
ഫോട്ടോക്ക് പോസ് ചെയ്യുന്നതിനിടെ കേതൻ അബദ്ധത്തിൽ വഴുതി വീഴുകയായിരുന്നുവെന്നാണ് സിയ ആദ്യം പൊലീസിനോട് പറഞ്ഞത്. മൂന്ന് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്. എന്നാൽ ലോണാവാല റൂറൽ പൊലീസിന്റെ അന്വേഷണത്തിൽ സിയയുടെ മൊഴിയിൽ വൈരുധ്യങ്ങൾ കണ്ടെത്തി. മൊബൈൽ ഡാറ്റ, കോൾ റെക്കോർഡുകൾ, സംഭവസ്ഥലത്ത് ഉണ്ടായിരുന്നവരുടെ മൊഴികൾ എന്നിവ പൊലീസിൽ സംശയം ജനിപ്പിച്ചു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിശ്രുത വധുവിനെയും കാമുകനെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സിയ ഗോയലും അവളുടെ കാമുകൻ ചേതൻ ചൗധരിയും ചേർന്ന് കേതനെ ആഴമേറിയ താഴ്വരയിലേക്ക് തള്ളിയിടുകയായിരുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികളെ സഹായിക്കാൻ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ആഡംബര വിവാഹ നിശ്ചയം
മഹാരാഷ്ട്രയിലെ പിംപ്രി- ചിഞ്ച്വാഡിലെ പ്രമുഖ വ്യവസായി വിശാൽ അഗർവാളിന്റെ മകനാണ് കേതൻ. നവംബറിൽ രാജസ്ഥാനിലെ ഉദയ്പൂരിൽ വെച്ചായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. ജയ്പൂരിലെ ഒരു കൊട്ടാരം 17 കോടി രൂപക്ക് വിവാഹത്തിനായി ബുക്ക് ചെയ്തിരുന്നുവെന്നും അതിഥികളെ എത്തിക്കാൻ രണ്ട് സ്വകാര്യ വിമാനങ്ങൾ ഏർപ്പാടാക്കിയിരുന്നതായും വിവരമുണ്ട്. വിവാഹത്തിനുള്ള ഒരുക്കങ്ങൾ അതിവേഗം പുരോഗമിക്കുകയായിരുന്നു. അതിനിടയിലാണ് ഞെട്ടിക്കുന്ന കൊലപാതകം.
കൊലപാതകത്തിന്റെ കാരണം
പൊലീസ് പറയുന്നതനുസരിച്ച്, സിയ ഗോയലിന് കേതനെ വിവാഹം കഴിക്കാൻ താത്പര്യമില്ലായിരുന്നു. അവനെ ഒഴിവാക്കാൻ പദ്ധതിയിട്ട സിയ അതിനായി കാമുകന്റെ സഹായം തേടുകയുമായിരുന്നു. ജന്മദിനത്തിൽ കേതനെ ട്രെക്കിങ്ങിനായി ലോഹഗഡിലേക്ക് കൂട്ടിക്കൊണ്ടുപോയ അവൾ, അവസരം ഒത്തുവന്നപ്പോൾ ചേതന്റെ സഹായത്തോടെ കേതനെ താഴ്വരയിലേക്ക് തള്ളിയിടുകയായിരുന്നു.
സിയയും ചേതനും പ്രണയത്തിലായിരുന്നുവെന്നും ഇരുവരും ഒരുമിച്ചാണ് ജോലി ചെയ്തിരുന്നതെന്നും എസ്എസ്പി സന്ദീപ് സിങ് ഗിൽ പറഞ്ഞു. അന്വേഷണത്തിൽ ചേതനും കുറ്റകൃത്യം നടന്ന സ്ഥലത്ത് ഉണ്ടായിരുന്നതായി കണ്ടെത്തി. കേതൻ അഗർവാളിനെ കൊലപ്പെടുത്താൻ ഇരുവരും ചേർന്ന് ഗൂഢാലോചന നടത്തിയതായി പ്രതികൾ സമ്മതിച്ചിട്ടുണ്ടെന്നും എസ്എസ്പി പറഞ്ഞു. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

