ഡ്രൈവര്‍ മദ്യലഹരിയില്‍ ഓടിച്ച ട്രെയിലര്‍ ലോറി നിയന്ത്രണം വിട്ടു; തലപ്പാടിയില്‍ കൂട്ടവാഹനാപകടം

തലപ്പാടി: ഡ്രൈവര്‍ മദ്യലഹരിയില്‍ ഓടിച്ച ട്രെയിലര്‍ ലോറി നിയന്ത്രണം വിട്ടതിനെ തുടര്‍ന്ന് തലപ്പാടിയില്‍ കൂട്ട വാഹനാപകടം. ഒരാള്‍ക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ അസീസിനാണ് ഗുരുതരമായി പരിക്കേറ്റത്. അസീസിനെ മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷയും മൂന്ന് കാറുകളും രണ്ട് ലോറികളുമാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് അപകട പരമ്പര നടന്നത്. കാസര്‍കോട് ഭാഗത്ത് നിന്ന് മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്ന ട്രെയിലര്‍ ലോറി തലപ്പാടിയിലെത്തിയപ്പോള്‍ മുന്‍വശത്ത് നിന്ന് വന്ന ഓട്ടോറിക്ഷക്ക് തട്ടാതിരിക്കാന്‍ വേണ്ടി ട്രെയിലര്‍ ലോറി ഡ്രൈവര്‍ വെട്ടിക്കുന്നതിനിടെ ഓട്ടോക്ക് ഇടിക്കുകയായിരുന്നു.
മംഗളൂരു ഭാഗത്ത് നിന്ന് വന്ന കാര്‍ അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ കണ്ട് വെട്ടിക്കുന്നതിനിടെ സര്‍വീസ് റോഡിലെ സുരക്ഷാ ഭിത്തിയിലിടിക്കുകയും ഭിത്തിയുടെ ഒരു ഭാഗം കാറിന്റെ മുകളിലേക്ക് വീഴുകയും ചെയ്തു. കാസര്‍കോട് ഭാഗത്ത് നിന്ന് വന്ന ലോറിയുടെ ഡ്രൈവര്‍ തല പുറത്തിട്ട് കൂട്ട അപകടം വീക്ഷിക്കുന്നതിനിടെ ഈ ലോറിയും നിയന്ത്രണം വിട്ട് മുന്‍വശത്ത് നിന്ന് വന്ന ലോറിയിലിടിച്ചു. ഇതിന് പിന്നാലെ വന്ന കാര്‍ നിര്‍ത്തുന്നതിനിടെ റോഡില്‍ നിന്ന് തെന്നി അപകടത്തില്‍പ്പെട്ട ലോറിയിലിടിച്ചു. മംഗളൂരു ഭാഗത്ത് നിന്ന് വന്ന ലോറിയും ട്രെയിലര്‍ ലോറിയിലിടിച്ചു. തുടര്‍ന്ന് മറ്റൊരു കാറും അപകടത്തില്‍പ്പെട്ടു. മദ്യലഹരിയില്‍ വാഹനമോടിച്ചതിന് ബംഗളൂരുവിലെ ലോറി ഡ്രൈവര്‍ അര്‍ജുന(33)നെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു

