രാജ്യസഭാ തെരഞ്ഞെടുപ്പ് ഇന്ന്;
കേരള കോണ്‍ഗ്രസിലെ
തർക്കം വിഷയമാകും

തിരുവനന്തപുരം: എം പി വീരേന്ദ്രകുമാറിന്റെ വിയോഗത്തെ തുടര്‍ന്ന് ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ 10ന് നിയമസഭാ മന്ദിരത്തിലെ പാര്‍ലിമെന്ററി സ്റ്റഡീസ് മുറിയിലാണ് വോട്ടെടുപ്പ്. എല്‍ ഡി എഫില്‍ നിന്ന് എല്‍ ജെ ഡി നേതാവ് എം വി ശ്രേയാംസ് കുമാറും യു ഡി എഫില്‍ നിന്ന് കോണ്‍ഗ്രസിലെ ലാല്‍ വര്‍ഗീസ് കല്‍പകവാടിയുമാണ് സ്ഥാനാര്‍ഥികള്‍. തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് വിജയം ഉറപ്പാണെന്ന സാഹചര്യമാണുള്ളത്.
കേരള കോണ്‍ഗ്രസ് എമ്മില്‍ പി ജെ ജോസഫ്, ജോസ് കെ മാണി വിഭാഗങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന രൂക്ഷമായ അഭിപ്രായ ഭിന്നത യു ഡി എഫില്‍ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ജോസ് പക്ഷവും യു ഡി എഫ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജോസഫ് വിഭാഗവും വിപ്പ് നല്‍കിയിട്ടുണ്ട്. മുന്നണി തീരുമാനത്തിനൊപ്പം നിന്നില്ലെങ്കില്‍ ജോസ് കെ മാണി വിഭാഗത്തിനെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ അന്ത്യശാസനം നല്‍കിയിരുന്നു.