KSDLIVENEWS

Real news for everyone

പ്രതിപക്ഷം പ്രതികളുടെ പക്ഷം ആകരുത് ;
തിരിച്ചടിച്ച് ഭരണ പക്ഷം

SHARE THIS ON

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് സ്വാധീനം ചെലുത്തിയെന്ന് ഒരു ഏജന്‍സിയും പറഞ്ഞിട്ടില്ലെന്ന് അവിശ്വാസപ്രമേയത്തെ എതിര്‍ത്ത് എസ് ശര്‍മ എംഎല്‍എ. സംഭവത്തില്‍ രാജ്യദ്രോഹത്തിനു തെളിവ് പ്രതിപക്ഷത്തിന്റെ കൈയിലുണ്ടങ്കില്‍ അത് അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കണം. പ്രതിപക്ഷത്തിന് അക്കാര്യത്തില്‍ മുട്ടുവിറയ്ക്കും. ബിജെപി ആരോപണം അതേപടി ആവര്‍ത്തിക്കുകയാണ് രമേശ് ചെന്നിത്തലയെന്നും ശര്‍മ പറഞ്ഞു.

മല എലിയെ പ്രസവിച്ചത് പോലെയാണ് സര്‍ക്കാരിനെതിരായ പ്രതിപക്ഷ അവിശ്വാസ പ്രമേയം. നിയമസഭയുടെ ചരിത്രത്തില്‍ മുന്‍പ് അവതരിപ്പിച്ച 18 അവിശ്വാസ പ്രമേയങ്ങള്‍ക്കും വ്യക്തമായ കാരണങ്ങളുണ്ടായിരുന്നു.

എന്നാല്‍ വിഡി സതീശന്‍ അവതരിപ്പിച്ചതിന് അതില്ല.

ജനപിന്തുണ നഷ്ടപ്പെട്ട യുഡിഎഫിന് എങ്ങനെയാണ് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ സാധിക്കുക. യുഡിഎഫിന് ജനപിന്തുണ നഷ്ടപ്പെട്ടുവെന്നതിന്റെ തെളിവാണ് പാലാ, കോന്നി, വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പ് ഫലം. മുന്നണി ബന്ധവും അലങ്കോലപ്പെട്ടിരിക്കുകയാണ്. വിഡി സതീശന്‍ വിദേശത്തുപോയി പണം പിരിച്ച്‌ വീട് നിര്‍മിച്ചതിനു കേന്ദ്രനുമതി ഉണ്ടായിരുന്നോയെന്നും ശര്‍മ ചോദിച്ചു.

പ്രതിപക്ഷം പ്രതികളുടെ പക്ഷം ആകരുതെന്ന് ഭരണപക്ഷത്തുനിന്ന് സംസാരിച്ച മുല്ലക്കര രത്‌നാകരന്‍ പറഞ്ഞു. അവിശ്വാസ പ്രമേയം ചുരുട്ടിക്കൂട്ടി കേരളത്തിന്റെ രാഷ്ട്രീയ ചവറ്റുകൊട്ടയില്‍ എറിയണമെന്നും എ പ്രദീപ് കുമാര്‍ പറഞ്ഞു.

അതേസമയം, സര്‍ക്കാര്‍ നാലരക്കൊല്ലം അധികാരം പൂര്‍ത്തിയാക്കുമ്ബോള്‍ അവതാരങ്ങളുടെ നീണ്ട പട്ടികയാണ് കാണാന്‍ കഴിയുന്നതെന്ന് പ്രമേയത്തെ പിന്താങ്ങി സംസാരിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. സമയം നല്‍കുകയാണെങ്കില്‍ ഒരു 15 പേരുടെ പറയാനുണ്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അല്ല, മുഖ്യമന്ത്രിയാണ് പ്രതിയെന്നു വേണം പറയാനെന്നു കെഎം ഷാജി കുറ്റപ്പെടുത്തി. എന്നാല്‍ തന്നെപ്പറ്റി മാത്രം പറയരുതെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. പ്രധാനമന്ത്രിയെ പോലെ മുഖ്യമന്ത്രിയും ചോദ്യങ്ങളോട് അസഹിഷ്ണുത കാണിക്കുകയാണ്. മുഖ്യമന്ത്രി ജൂനിയര്‍ മാന്‍ഡ്രേക്ക് അല്ല സീനിയര്‍ മാന്‍ഡ്രേക്കാണ്.

കക്കാനുള്ള സകല സാഹചര്യവും പരിശോധിച്ച ഇതുപോലൊരു സര്‍ക്കാര്‍ ഉണ്ടായിട്ടില്ല. നാട്ടിന്‍ പുറങ്ങളില്‍ പറയാറുണ്ട് ശര്‍ക്കര കുടത്തില്‍ കയ്യിട്ടുവാരുക എന്ന്. ഓണക്കിറ്റില്‍ അതും വാരിയില്ലേ? ആത്മീയ കള്ളക്കടത്തിനാണ് ഒരു മന്ത്രിക്ക് താല്‍പ്പര്യം. കള്ളക്കടത്തിന് മന്ത്രി ജലീല്‍ വിശുദ്ധ ഖുറാനെ മറയാക്കി. ാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിക്കൊപ്പമിരിക്കുന്ന ഇരിക്കുന്ന റവന്യു മന്ത്രിയും ആരോഗ്യ മന്ത്രിയും പ്രാണായാമം ചെയ്യുകയാണെന്നും ഷാജി പരിഹസിച്ചു.

ശിവശങ്കരനെപ്പോലെ ഒരാള്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്നത് രാജ്യത്തിന് അപമാനമാണെന്നും പിജെ ജോസഫ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!