KSDLIVENEWS

Real news for everyone

ഹോർമുസിൽ ഇടാക്കുന്നത് ടോൾ അല്ല: വിവിധ സേവനങ്ങൾക്കുള്ള നിരക്കുകൾ മാത്രമെന്ന് ഇറാൻ

SHARE THIS ON

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിക്കുന്ന കപ്പലുകളിൽ നിന്ന് ഇടാക്കുന്നത് യാത്രാ നികുതിയല്ലെന്നും മറിച്ച് നാവിഗേഷൻ സേവനങ്ങൾക്കും പരിസ്ഥിതി സംരക്ഷണത്തിനുമുള്ള സേവന നിരക്കുകൾ മാത്രമാണെന്നും ഇറാൻ. ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായേൽ ബഖായിയാണ് തിങ്കളാഴ്ച നടന്ന വാർത്താ സമ്മേളനത്തിനിടെ ഇക്കാര്യം വ്യക്തമാക്കിയത്.

ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ഈടാക്കുന്നത് ‘നാവിഗേഷൻ സേവന നിരക്കുകൾ’ മാത്രമാണെന്നാണ് എസ്മായേൽ ബഖായി വ്യക്തമാക്കിയത്. ഹോർമുസ് കടലിടുക്ക്, പേർഷ്യൻ ഗൾഫ്, ഒമാൻ കടൽ എന്നിവിടങ്ങളിൽ നൽകുന്ന സമുദ്ര സുരക്ഷ, പരിസ്ഥിതി സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായാണ് ഈ ഫീസ് ഈടാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിലവിലെ സാഹചര്യത്തിൽ ഹോർമുസിൽ ഇറാൻ തങ്ങളുടെ നിയന്ത്രണം ശക്തമാക്കിയിട്ടുണ്ട്. ദ്വീപുകളിൽ ചെക്ക് പോയിന്റുകൾ സ്ഥാപിച്ചും, കർശനമായ സൈനിക നിരീക്ഷണങ്ങളിലൂടെ ഷിപ്പിങ് റൂട്ടുകൾ നിയന്ത്രിച്ചുമാണ് ഇറാൻ ആധിപത്യം ഉറപ്പിക്കുന്നത്. വാണിജ്യ കപ്പലുകൾ കടലിടുക്കിലൂടെയുള്ള തങ്ങളുടെ സഞ്ചാരം ഇറാനിയൻ അധികൃതരുമായി ഏകോപിപ്പിക്കേണ്ട പുതിയ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.

ഇറാൻ സൈനിക നിരീക്ഷണം വർധിപ്പിക്കുകയും കർശനമായ നിയന്ത്രണങ്ങൾ കൊണ്ടുവരികയും ചെയ്തതോടെ കപ്പൽ ഗതാഗതം ഗണ്യമായി കുറഞ്ഞു. മുമ്പ് പ്രതിദിനം 125 മുതൽ 140 വരെ കപ്പലുകൾ ഈ പാതയിലൂടെ സഞ്ചരിച്ചിരുന്നുവെങ്കിൽ, സമീപ മാസങ്ങളിൽ ഇതിൽ വലിയ കുറവുണ്ടായിട്ടുണ്ട്.

ലോകത്തിലെ എണ്ണയുടെയും ദ്രവീകൃത പ്രകൃതിവാതകത്തിന്റെയും (എൽഎൻജി) അഞ്ചിലൊന്ന് ഭാഗവും ഹോർമുസ് കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്. അതിനാൽ തന്നെ ഈ പാതയിലുണ്ടാകുന്ന ഏത് തടസവും ആഗോള ഇന്ധന വിലയേയും വിതരണ ശൃംഖലയെയും ബാധിക്കും.

ഇന്ത്യ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ പ്രധാന ഏഷ്യൻ രാജ്യങ്ങൾ എണ്ണ ഇറക്കുമതിക്കായി ഈ പാതയെയാണ് വളരെയധികം ആശ്രയിക്കുന്നത്. പുതിയ നിരക്കുകളെക്കുറിച്ചും നിയന്ത്രണങ്ങളെക്കുറിച്ചും അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ടോൾ സംവിധാനങ്ങൾ അംഗീകരിക്കാനാവില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞിട്ടുമുണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!