തലസ്ഥാനം വിട്ടുകൊടുക്കില്ല; കിയവ് വിട്ടുപോയിട്ടില്ലെന്ന് സെലന്‍സ്കി

യുക്രൈന് തലസ്ഥാനമായ കിയവ് വിട്ട് പോയിട്ടില്ലെന്ന് യുക്രൈന് പ്രസിഡന്റ് വ്ലാദിമര്‍ സെലന്‍സ് കി. തലസ്ഥാന നഗരി വിട്ടു കൊടുക്കില്ല റഷ്യയെ ശക്തമായി പ്രതിരോധിക്കുമെന്നും സെലന്‍സ്കി പറഞ്ഞു. താന്‍ ബങ്കറിലേക്ക് ഒളിച്ചോടിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വ്യാജമാണെന്നും അദ്ദേഹം വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. വീഡീയോയില്‍ അദ്ദേഹത്തിനൊപ്പം മന്ത്രിസഭയിലെ ഉന്നതരുമുണ്ടായിരുന്നു.
നേരത്തെ യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്ന് റഷ്യയോട് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ് ആവശ്യപ്പെട്ടിരുന്നു. നാറ്റോ സഖ്യരാജ്യങ്ങളെ സംരക്ഷിക്കുമെന്നും അനിവാര്യമായി വന്നാല്‍ യുദ്ധത്തില്‍ ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
റഷ്യ യൂറോപ്പിന്റെ സമാധാനം കെടുത്തിയെന്നും ഇതിന് ഭാവിയില്‍ റഷ്യ കനത്തവില കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം പ്രത്യേക വാര്‍ത്താസമ്മേളനത്തില്‍ മുന്നറിയിപ്പ് നല്കി.
അതേസമയം റഷ്യന്‍ സൈന്യം യുക്രൈന് തലസ്ഥാനമായ കിയവിന് തൊട്ടരികിലെത്തിയിരിക്കേ നയതന്ത്ര ചര്‍ച്ചക്ക് സന്നദ്ധത പ്രകടിപ്പിച്ച് റഷ്യന്‍ പ്രസിഡന്റ് പുടിന്. ബലറൂസ് തലസ്ഥാനമായ മിന്‍സ്കിലേക്ക് നയതന്ത്രസംഘത്തെ അയക്കാമെന്നാണ് റഷ്യന്‍ പ്രസിഡന്റിന്റെ പുതിയ പ്രതികരണം. റഷ്യയുടെ ഔദ്യോഗിക വാര്‍ത്താ സംവിധാനമായ ആര്.ടി.യിലൂടെയാണ് വിവരം പുറത്തുവിട്ടത്. വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങളിലെ പ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘമാണ് ബലറൂസില്‍ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുക.
യുക്രൈന് പാര്‍ലമെന്റില്‍നിന്ന് വെറും ഒന്‍പത് കി.മീറ്റര്‍ അടുത്തുവരെ റഷ്യന്‍സൈന്യമെത്തിയിട്ടുണ്ട്. യുക്രൈന് പ്രതിരോധ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു. ശത്രുക്കള്‍ കിയവിലെ നഗരമധ്യത്തിലുള്ള പാര്‍ലമെന്റിന്റെ ഒന്‍പത് കി.മീറ്റര്‍ ദൂരത്തുള്ള ഒബലോണ്‍ ജില്ലയിലെത്തിയിട്ടുണ്ടെന്ന് യുക്രൈന് പ്രതിരോധ മന്ത്രാലയം ട്വീറ്റ് ചെയ്തു. നാട്ടുകാരോട് വീട്ടില്‍ തന്നെ തുടരണമെന്നും പുറത്തിറങ്ങരുതെന്നം ട്വീറ്റില്‍ ആവശ്യപ്പെട്ടു. കിയവിന്റെ നഗരപ്രാന്തത്തിലൂടെ സൈനികവാഹനങ്ങള്‍ റോന്തുചുറ്റുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
കിയവില്‍ റഷ്യന്‍സൈന്യവുമായി യുക്രൈന് സേനയും ശക്തമായ ഏറ്റുമുട്ടല്‍ തുടരുകയാണ്. തലസ്ഥാനഗരത്തിന്റെ പ്രാന്തപ്രദേശങ്ങളായ ഡിമെര്‍, ഇവാന്‍കിവ് എന്നിവിടങ്ങളില്‍ വലിയ തോതിലുള്ള ഏറ്റുമുട്ടലാണ് നടന്നത്. കഴിഞ്ഞ ദിവസം ആരംഭിച്ച സൈനികനടപടിക്കിടെ 450 റഷ്യന്‍ സൈനികര്‍ക്ക് ജീവന് നഷ്ടപ്പെട്ടതായി ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു. കിയവിനടുത്ത് വെടിയൊച്ചകള്‍ കേട്ടതായി ബി.ബി.സി അടക്കമുള്ള വിദേശമാധ്യമങ്ങളുടെ ലേഖകരും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉഗ്രശബ്ദത്തിലുള്ള സ്ഫോടനം നഗരത്തില്‍നിന്ന് കേള്‍ക്കാനാകുന്നെേുണ്ടന്ന് ഇവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, റഷ്യന്‍സൈനിക നീക്കത്തിന്റെ കൃത്യമായ ഗതി ഇതുവരെ മനസിലാക്കാനായിട്ടില്ല.
റഷ്യയ്ക്ക് യുക്രൈനില്‍ എന്താണ് കാര്യം?
യുഎസ് നേതൃത്വം നല്കുന്ന മുപ്പത് പാശ്ചാത്യന്‍ രാജ്യങ്ങളുടെ സൈനിക സഖ്യമായ നാറ്റോയില്‍ അംഗത്വമെടുക്കാനുള്ള യുക്രൈന്റെ ശ്രമങ്ങളാണ് റഷ്യയെ ചൊടിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് യുക്രൈന് നാറ്റോയില്‍ അംഗത്വം ആവശ്യപ്പെട്ടത്. അതിര്‍ത്തി രാഷ്ട്രത്തില്‍ നാറ്റോ സഖ്യസേനയ്ക്ക് താവളമൊരുങ്ങുന്നത് റഷ്യ ആശങ്കയോടെയാണ് കാണുന്നത്. ശീതയുദ്ധ കാലത്തെ അനുഭവങ്ങള്‍ റഷ്യയെ ഭയപ്പെടുത്തുകയും ചെയ്യുന്നു. നാറ്റോയ്ക്കും തങ്ങള്‍ക്കുമിടയിലെ ‘നോ മാന്‍സ് ലാന്‍ഡ്’ ആയാണ് റഷ്യ യുക്രൈനെ കാണുന്നത്. നാറ്റോയില്‍ അംഗത്വമെടുക്കുന്ന നിലപാടുമായി മുമ്ബോട്ടു പോയാല്‍ കടുത്ത നടപടികള്‍ക്കു വിധേയമാകുമെന്ന് റഷ്യന്‍ പ്രസിഡണ്ട് വ്ളാദിമിര്‍ പുടിന് നേരത്തെ തന്നെ മുന്നറിയിപ്പു നല്‍കിയിരുന്നു.
എന്നാല്‍ തങ്ങള്‍ പരമാധികാര രാഷ്ട്രമാണ് എന്നും സ്വന്തം തീരുമാനവുമായി മുമ്ബോട്ടുപോകുമെന്നും യുക്രൈന് പ്രസിഡണ്ട് വ്ളോദിമിര്‍ സെലന്‍സ്കി നിലപാടെടുത്തു. നേരത്തെ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന രാഷ്ട്രങ്ങള്‍ക്ക് നാറ്റോ അംഗത്വം നല്‍കിയതാണ് സെലന്‍സ്കിയെ ഈ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്. ഇതോടെ യുക്രൈയന് അതിര്‍ത്തികളിലും സഖ്യരാഷ്ട്രമായ ബെലറൂസിലും റഷ്യ സേനയെ വിന്യസിച്ചു. രണ്ടു ലക്ഷത്തിലേറെ സൈനികരാണ് അതിര്‍ത്തിയില്‍ ഉണ്ടായിരുന്നത്. നാറ്റോയില്‍ ചേരില്ലെന്ന ഉറപ്പ് യുക്രൈനില്‍ നിന്നും പാശ്ചാത്യന്‍ രാജ്യങ്ങളില്‍ നിന്നും ലഭിക്കണമെന്നാണ് പുടിന്റെ നിലപാട്.
മാറിനില്‍ക്കുന്ന യുഎസ്
യുദ്ധ ഭീഷണി ഉയര്‍ന്ന വേളയില്‍ യുക്രൈനു വേണ്ടി നിലകൊണ്ട രാഷ്ട്രമാണ് യുഎസ്. ആവശ്യമെങ്കില്‍ സൈനിക സഹായം നല്‍കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. എന്നാല്‍ യുദ്ധം തുടങ്ങിയതിന് ശേഷം, സൈനിക നടപടികളില്‍ നിന്നു വിട്ടു നില്‍ക്കുകയാണ് അമേരിക്ക. പകരം ഉപരോധം കടുപ്പിക്കുകയാണ് ചെയ്തത്. യുഎസിലുള്ള എല്ലാ സമ്ബത്തും മരവിപ്പിക്കുമെന്ന് ബൈഡന് പ്രഖ്യാപിച്ചിട്ടുണ്ട്. യുഎസിന് പുറമേ, യൂറോപ്പും റഷ്യയ്ക്കെതിരെ ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ഉപരോധം റഷ്യമായി കാര്യമായി അലട്ടില്ല എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. എണ്ണ, പ്രകൃതിവാതക കയറ്റുമതിയാണ് പ്രധാനമായും യൂറോപ്പുമായി റഷ്യക്കുള്ളത്. ഏത് ഉപരോധത്തിനിടയിലും അവ സുരക്ഷിതമായി കയറ്റി അയക്കപ്പെടും. കാരണം, അത് യൂറോപ്പിന്റെ കൂടി ആവശ്യമാണ്. എന്നാല്‍ നോര്‍ട് സ്ട്രീം-2 പൈപ്പ് ലൈന്‍ പദ്ധതി നിര്‍ത്തിവയ്ക്കാനുള്ള ജര്‍മനിയുടെ തീരുമാനം റഷ്യക്ക് തിരിച്ചടിയാണ്. റഷ്യയില്‍ നിന്ന് ജര്‍മനി വരെ നീളുന്ന പ്രകൃതിവാതക പൈപ്പ്ലൈനാണ് നോര്‍ഡ് സ്ട്രീം 2. ചൈന നല്കുന്ന പിന്തുണയും റഷ്യക്ക് ബലമേകുന്നു. യുക്രൈനില്‍ റഷ്യ നടത്തിയത് അധിനിവേശമല്ല എന്ന നിലപാടാണ് ചൈനയുടേത്.
മൂന്നാം ലോകയുദ്ധമോ?
റഷ്യ-യുക്രൈന് യുദ്ധം മൂന്നാം ലോകമഹായുദ്ധത്തിന് കാരണമാകുമോ എന്ന് ലോകം ആശങ്കപ്പെടുന്നു. ആക്രമണം നീണ്ടു പോയാല്‍ ഇതോട് യുഎസും നാറ്റോയും എങ്ങനെ പ്രതികരിക്കുമെന്നതിനെ ആശ്രയിച്ചിരിക്കുമിത്. എന്നാല്‍ ലോകമഹായുദ്ധമല്ല, രണ്ടാം ശീതയുദ്ധത്തിനാണ് തുടക്കം കുറിച്ചിട്ടുള്ളതെന്ന് ചില വിദഗ്ധര്‍ പറയുന്നു. യുക്രൈനില്‍ സര്‍വാധിപത്യം സ്ഥാപിക്കാനായാല്‍ മധ്യയൂറോപ്പില്‍ റഷ്യക്ക് കൂടുതല്‍ സ്വാധീനം ഉണ്ടാക്കാനാകും. യുക്രൈന് അധീനതയിലായാല്‍ നാറ്റോ അംഗ രാജ്യങ്ങളായ പോളണ്ടിന്റെ കിഴക്കന്‍ അതിര്‍ത്തിയിലേക്കും സ്ലൊവാക്യ, ഹംഗറി, റൊമാനിയ രാജ്യങ്ങളുടെ വടക്കന്‍ അതിര്‍ത്തിയിലേക്കും റഷ്യക്ക് എളുപ്പത്തില്‍ എത്താനാകും. അയല്‍രാജ്യമായ ബെലറൂസ് ഇപ്പോള്‍ തന്നെ റഷ്യന്‍ സഖ്യരാഷ്ട്രമാണ്. ഭൂമിശാസ്ത്രപരമായി റഷ്യയ്ക്ക് ലഭിക്കുന്ന ഈ മേധാവിത്വം എസ്റ്റോണിയ, ലാത്വിയ, ലിത്വാനിയ തുടങ്ങിയ ബാള്‍ട്ടിക് രാഷ്ട്രങ്ങളും ഭീഷണിയാകും.
സമ്ബദ് വ്യവസ്ഥയെ പിടിച്ചുലക്കും
കോവിഡ് മഹാമാരിയില്‍ ഉലഞ്ഞ ആഗോള സമ്ബദ് വ്യവസ്ഥയെ പിടിച്ചുലയ്ക്കുന്നതായിരിക്കും യുദ്ധം. യുദ്ധം ആരംഭിച്ച ആദ്യദിനം തന്നെ ക്രൂഡ് ഓയില്‍ വിലയും സ്വര്‍ണവിലയും വര്‍ധിച്ചിട്ടുണ്ട്. ക്രൂഡ് ഓയില്‍ വില 2014നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ്. എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ പോലുള്ള രാഷ്ട്രങ്ങളെയാണ് ഇത് കൂടുതല്‍ ബാധിക്കുക. എണ്ണ വില വര്‍ധിക്കുന്നതോടെ വിലപ്പെരുപ്പവും ഗണ്യമായ രീതിയില്‍ വര്‍ധിക്കും. വിപണിയില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിദേശനിക്ഷേപകര്‍ കൂട്ടത്തോടെ ഓഹരി വിറ്റഴിക്കുന്ന സാഹചര്യവുമുണ്ടാകും. യുദ്ധത്തിന്റെ ആദ്യദിനം തന്നെ ഇന്ത്യന്‍ ഓഹരി വിപണിയില്‍നിന്ന് ഒലിച്ചു പോയത് 13 ലക്ഷം കോടിയിലേറെ രൂപയാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണം കൂടുതല്‍ വാങ്ങിക്കൂട്ടുന്നത് മഞ്ഞലോഹത്തിന്റെ വില വര്‍ധിക്കാനും കാരണമാകും.

