കീവിന്റെ തെരുവുകളിൽ കനത്ത പോരാട്ടം; കീഴടങ്ങൽ പ്രചാരണം വ്യാജമെന്ന് സെലെൻസ്കി

ന്യൂഡൽഹി: വിദേശകാര്യ മന്ത്രാലയം യുക്രൈനിന്റെ പടിഞ്ഞാറൻ അതിർത്തികളിലേക്ക് സംഘങ്ങളെ അയച്ചതിനു പിന്നാലെ, റൊമാനിയയിൽ നിന്നും ഹംഗറിയിൽ നിന്നുമുള്ള വിമാനങ്ങൾ വഴി യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികൾ തുടരുന്നു.
യുക്രൈൻ വ്യോമാതിർത്തി അടച്ചതോടെ ഡൽഹിയിൽ നിന്നും മുംബൈയിൽ നിന്നും റൊമാനിയയിലെ ബുക്കാറെസ്റ്റിലേക്കും ഹംഗറിയിലെ ബുഡാപെസ്റ്റിലേക്കും എയർ ഇന്ത്യ വിമാനങ്ങൾ അയക്കാനുള്ള നടപടികൾ കേന്ദ്ര സർക്കാർ ആരംഭിച്ചിട്ടുണ്ട്. റൊമാനിയയിലെയും ഹംഗറിയിലെയും വ്യോമമന്ത്രാലയങ്ങളുടെ അനുമതി ലഭിച്ചാൽ ഉടൻ യാത്ര തിരിക്കും എന്നാണ് വിവരം.
ഹംഗറി, പോളണ്ട്, സ്ലോവാക് റിപ്പബ്ലിക്, റൊമാനിയ തുടങ്ങി യുക്രൈനിന്റെ അതിർത്തികളിലൂടെ ഇന്ത്യക്കാരെ ഒഴിപ്പിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. “യുക്രൈനിൽ നിന്നുള്ള ആദ്യ സംഘം സൂസെവ അതിർത്തി വഴി റൊമാനിയയിൽ എത്തുന്നു. സുസേവയിലെ ഞങ്ങളുടെ ടീം ബുക്കാറെസ്റ്റിലേക്കും അവിടെ നിന്നും ഇന്ത്യയിലേക്കുമുള്ള അവരുടെ യാത്ര സുഗമമാക്കും,” എംഇഎ വക്താവ് അരിന്ദം ബാഗ്ചി വെള്ളിയാഴ്ച രാത്രി ട്വീറ്റ് ചെയ്തു.
അധികൃതർ പറയുന്നതനുസരിച്ച്, ഡൽഹിയിൽ നിന്ന് ബുക്കാറെസ്റ്റിലേക്കുള്ള വിമാനം ശനിയാഴ്ച രാവിലെ 7.30 ന് പുറപ്പെടും, 11.30 ന് (പ്രാദേശിക സമയം) ബുക്കാറെസ്റ്റിൽ നിന്ന് മടങ്ങും. ഡൽഹിയിൽ നിന്ന് ബുഡാപെസ്റ്റിലേക്കുള്ള വിമാനം ശനിയാഴ്ച രാവിലെ 9 മണിക്കാണ്, 1.15 ന് (പ്രാദേശിക സമയം) ബുഡാപെസ്റ്റിൽ നിന്ന് മടങ്ങും. വന്ദേ ഭാരത് മിഷന്റെ കീഴിലാണ് 256 സീറ്റുകളുള്ള ബോയിങ് 787 വിമാനങ്ങൾ സർവീസ് നടത്തുകയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ മുംബൈയിലേക്കുള്ള വിമാനങ്ങളുടെ വിവരം ലഭ്യമല്ല.
യുക്രൈനിലെ ഇന്ത്യൻ പൗരന്മാരെ തിരികെയെത്തിക്കാനുള്ള പ്രത്യേക സർക്കാർ ചാർട്ടർ വിമാനങ്ങൾ ഫെബ്രുവരി 26 ന് ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്ന് ബുക്കാറെസ്റ്റ് (റൊമാനിയ), ബുഡാപെസ്റ്റ് (ഹംഗറി) എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുമെന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു.

