KSDLIVENEWS

Real news for everyone

സി.കെ.ജാനുവിന് പണം; എം.ഗണേഷുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവിട്ട് പ്രസീത

SHARE THIS ON

കണ്ണൂർ: സി.കെ.ജാനുവിന് കോഴ നൽകിയെന്ന ആരോപണത്തിൽ ഫോൺ സംഭാഷണത്തിന്റെ അടുത്ത ശബ്ദരേഖ പുറത്തുവിട്ട് ജെ.ആർ.പി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട്. ബിജെപി സംഘടനാ ജനറൽ സെക്രട്ടറി എം.ഗണേഷുമായി സംസാരിച്ചതിന്റെ ഫോൺ റെക്കോർഡാണ് പ്രസീത പുറത്തുവിട്ടത്. സുരേന്ദ്രൻ പറഞ്ഞിട്ടാണ് വിളിക്കുന്നതെന്നും ജാനുവിന്റെ കാര്യത്തിന് വേണ്ടിയാണെന്നും പ്രസീത പറയുന്നുണ്ട്. വേണ്ട വിധത്തിൽ അക്കാര്യങ്ങൾ സംസാരിച്ചിട്ടുണ്ടെന്നും സുരേഷ് എന്നായാളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഗണേഷ് ഫോൺ സംഭാഷണത്തിൽ പറയുന്നു. ജാനു തന്നെ വിളിച്ചിരുന്നു. സുരേഷുമായി അവർ സംസാരിച്ച് പരസ്പരം ധാരണയിലെത്തിയിട്ടുണ്ടെന്നടക്കം ഗണേഷ് സംഭാഷണത്തിൽ പറയുന്നതായി കേൾക്കാം. സി.കെ.ജാനുവിന് കോഴ നൽകിയതുമായി ബന്ധപ്പെട്ട് നേരത്തെ പ്രസീത ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനുമായുള്ള ഫോൺ സംഭാഷണവും പുറത്തുവിട്ടിരുന്നു. ജാനുവിന് 25 ലക്ഷം രൂപ നൽകാൻ ഗണേഷിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു ഈ സംഭാഷണത്തിൽ സുരേന്ദ്രൻ പറഞ്ഞിരുന്നത്. ഇതിനെ സാധൂകരിക്കുന്നതാണ് ഗണേഷുമായുള്ള ഫോൺ സംഭാഷണം. സി.കെ.ജാനുവിന് തിരുവനന്തപുരത്ത് വെച്ച് കെ.സുരേന്ദ്രൻ പത്ത് ലക്ഷവും ബത്തേരിയിൽ വച്ച് ബിജെപി ജില്ലാ ഭാരാവാഹികൾ വഴി 25 ലക്ഷവും കൈമാറിയെന്നാണ് പ്രസീതയുടെ വെളിപ്പെടുത്തൽ. ബത്തേരിയിൽ പണം കൈമാറിയത് ഗണേഷിന്റെ ഇടപെടലിലൂടെയാണെന്നും ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ലഭിച്ച പണം ജാനു സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിച്ചെന്നാണ് പ്രസീത പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!