KSDLIVENEWS

Real news for everyone

ഡ്രൈവിങ് അറിയില്ലെന്ന് ഗതാഗത മന്ത്രി; പാഠ്യപദ്ധതിയിലേക്ക് ഡ്രൈവിങ് പഠനം കൊണ്ടുവരാൻ ആലോചന

SHARE THIS ON

ന്യൂഡൽഹി: പ്ലസ്ടു കഴിയുമ്പോൾ എല്ലാവർക്കും ഡ്രൈവിങ് അറിയാം എന്നതരത്തിൽ സ്‌കൂൾ പാഠ്യപദ്ധതിയിലേക്ക് ഡ്രൈവിങ് പഠനം കൊണ്ടുവരാൻ ആലോചിക്കുന്നതായി ഗതാഗതമന്ത്രി സി.പി. ജോൺ. ഇക്കാര്യം വിദ്യാഭ്യാസ മന്ത്രിയോടുൾപ്പെടെ ചർച്ചചെയ്താണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ഡ്രൈവിങ് അറിയില്ലെന്നും ലൈസൻസില്ലെന്നും റൈഡിങ്ങേ അറിയുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു.

ഹോളോഗ്രാമും ചിപ്പുമുള്ള ഡ്രൈവിങ് ലൈസൻസ് നടപ്പാക്കുമെന്നും കേരള പത്രപ്രവർത്തക യൂണിയൻ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ അദ്ദേഹം അറിയിച്ചു. നിലവിൽ കെ.എസ്.ആർ.ടി.സി.യുടെ മൗലികമായ പ്രശ്നം മാനേജ്മെന്റിലെ കെടുകാര്യസ്ഥതയാണ്. ഇക്കാര്യത്തിൽ പഴയ മന്ത്രിയെ കുറ്റപ്പെടുത്താനില്ല. ടിക്കറ്റിതര വരുമാനം കൂട്ടേണ്ടത് അത്യാവശ്യമാണ് -മന്ത്രി പറഞ്ഞു.

നിലവിൽ ആകെയുള്ള ബസുകളുടെ 65 ശതമാനത്തോളവും ഓർഡിനറിയാണ്. അത് കൂട്ടാനുള്ള ആലോചനയില്ല.

ഏതാണ്ട് ഒരുദിവസം രണ്ടരക്കോടിയുടെ നഷ്ടം കെ.എസ്.ആർ.ടി.സി.ക്ക് പ്രിയദർശിനി പദ്ധതിയിലൂടെ ഉണ്ടാവുന്നുണ്ട്. കെ.എസ്.ആർ.ടി.സി.യും പ്രൈവറ്റും ഒരുമിച്ചു പോകുന്ന റൂട്ടുകളിൽ പ്രൈവറ്റ് ബസുകൾക്കും പ്രശ്നമുണ്ടാവുന്നുണ്ട്. പ്രൈവറ്റ് എന്നല്ല, അവർ പബ്ലിക് ട്രാൻസ്‌പോർട്ട് ഓപ്പറേറ്റർമാരാണ്. അവർ നിക്ഷേപകരാണ്. പൊതുഗതാഗതത്തിന്റെ ഭാരംവഹിക്കുന്ന ലക്ഷക്കണക്കിന് കുടുംബങ്ങൾ കേരളത്തിലുണ്ടായിരുന്നു എന്നത് നമ്മൾ കാണാതെ പോയി. അത് രാഹുൽഗാന്ധി കണ്ടു. അവിടെയാണ് കോൺഗ്രസിന്റെ പുരോഗമന വീക്ഷണം -അദ്ദേഹം പറഞ്ഞു.

പൊതുഗതാഗത വികസനത്തിന് കേന്ദ്രത്തിന്റെ പിന്തുണ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി സി.പി. ജോൺ കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ ആവശ്യങ്ങളിൽ അനുകൂലതീരുമാനം ഗഡ്കരി ഉറപ്പുനൽകിയതായി സി.പി. ജോൺ പറഞ്ഞു.

കൂടിക്കാഴ്ചയിലെ പ്രധാന തീരുമാനങ്ങൾ: വാഹൻ-സാരഥി സേവനങ്ങളിലെ തടസ്സങ്ങൾ ഒരാഴ്ചയ്ക്കകം പരിഹരിക്കാൻ ദേശീയ ഇൻഫർമാറ്റിക്സ് സെന്ററിന് (എൻ.ഐ.സി.) കേന്ദ്രമന്ത്രി നിർദേശിച്ചു. കേരളത്തിൽ ഇ-ചലാൻ സംവിധാനം ഏതാനും ദിവസങ്ങൾക്കകം പൂർണമായി പ്രവർത്തനക്ഷമമാക്കും. മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റുകളിലെ ക്രമക്കേടുകൾ പരിശോധിച്ച് ഉത്തരവാദികൾക്കെതിരേ നടപടിയെടുക്കും. ദേശീയപാതകളിലെ എ.എൻ.പി.ആർ. ക്യാമറാദൃശ്യങ്ങളും വെയ്-ഇൻ-മോഷൻ വിവരങ്ങളും കേരള മോട്ടോർ വാഹന വകുപ്പുമായി കേന്ദ്രം പങ്കിടും. കെ.എസ്.ആർ.ടി.സി. ബസ് നവീകരണത്തിന് സോഫ്റ്റ് ലോൺ അനുവദിക്കണമെന്ന കേരളത്തിന്റെ ശുപാർശ സാമ്പത്തികകാര്യ വകുപ്പിന് കൈമാറും. ഹൈഡ്രജൻ അധിഷ്ഠിത പൊതുഗതാഗത പദ്ധതി വേഗത്തിൽ നടപ്പാക്കാൻ കേന്ദ്രത്തിന്റെ പൂർണ പിന്തുണ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!