മലബാറിലെ ഉപരിപഠന പ്രതിസന്ധി: സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം: കാന്തപുരം
കോഴിക്കോട് : ഹയര്‍ ക്കന്‍ഡറി, ഡിഗ്രി, പി ജി തലങ്ങളിലെ ഉപരി പഠന രംഗത്തെ മലബാറിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് വിശദമായ കത്തയച്ചതായും അദ്ദേഹം അറിയിച്ചു.
ജനസംഖ്യാനുപാതികമായി മലബാര്‍ ജില്ലകളില്‍ ഉപരി പഠന രംഗത്ത് സീറ്റുകളുടെ കുറവ് ഏറെ വലുതാണ്. എസ് എസ് എല്‍ സി ജയിച്ച ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് മലബാര്‍ മേഖലയില്‍ ഉപരി പഠനാവസരമില്ലാതെ പ്രയാസപ്പെടുന്നത്.
ബിരുദത്തിലെത്തുമ്പോള്‍ സീറ്റ് ക്ഷാമം പിന്നെയും വര്‍ധിക്കുന്നു.
അടിയന്തരമായി വിഷയങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം. മറ്റു ജില്ലകളില്‍ ഒഴിഞ്ഞു കിടക്കുന്ന ബാച്ചുകള്‍ മലബാര്‍ ജില്ലകളിലേക്ക് മാറ്റിസ്ഥാപിക്കണം. മുഴുവന്‍ ഹൈസ്‌കൂളുകളും ഹയര്‍ സെക്കന്‍ഡറിയാക്കി മാറ്റുകയും നിലവിലെ ഹയര്‍ സെക്കന്‍ഡറികളില്‍ അപേക്ഷകര്‍ക്ക് ആനുപാതികമായി ബാച്ചുകള്‍ അനുവദിക്കുകയും ചെയ്യണം.
മലബാര്‍ ജില്ലകളിലെ സര്‍ക്കാര്‍ കോളജുകളില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് പുതിയ ബാച്ചുകളും കോഴ്‌സുകളും ആരംഭിക്കണം. വി എസ് അച്യുതാനന്ദന്‍ ഗവണ്‍മെന്റിന്റെ കാലത്ത് ആരംഭിച്ച സര്‍ക്കാര്‍ കോളജുകളില്‍ പലതും ഇപ്പോഴും സൗകര്യങ്ങളുടെ കാര്യത്തില്‍ ശൈശവ ദശയിലാണ്. ഇവ പരിഹരിക്കുന്നതിന് പ്രത്യേക പരിഗണന നല്‍കണമെന്നും കാന്തപുരം പറഞ്ഞു.