മൊഗ്രാലിലെ യൂനാനി ഡിസ്പെൻസറി പുതിയ കെട്ടിടത്തിലേക്ക്; സംസ്ഥാനത്തെ തന്നെ ഏക ഡിസ്പെൻസറി

മൊഗ്രാൽ ∙ സംസ്ഥാനത്തെ ഏക യൂനാനി ഡിസ്പെൻസറിക്കു മൊഗ്രാലിൽ പുതിയ കെട്ടിടം ഒരുങ്ങുന്നു. കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ ചെലവഴിച്ചാണു കിടത്തിചികിത്സയ്ക്കായി കെട്ടിടം ഒരുക്കുന്നത്. ഇതിന്റെ നിർമാണം പൂർത്തിയായി. ജീവിതശൈലി ഉൾപ്പെടെയുള്ള വിവിധ രോഗങ്ങൾക്കു ചികിത്സ നൽകുന്ന ഈ കേന്ദ്രം ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴിലാണുള്ളത്.
കുമ്പള പഞ്ചായത്തിന്റെ സഹായത്തോടെയാണു ഡിസ്പെൻസറിയുടെ പ്രവർത്തനം. കർണാടകയിൽ നിന്നു പോലും യൂനാനി ചികിത്സ തേടി ആളുകൾ എത്താറുണ്ട്. യൂനാനി ഡിസ്പെൻസറിയിൽ ദിവസേന ഒട്ടേറെ പേരെത്തുന്നുണ്ട്. 1991ലാണു സംസ്ഥാനത്ത് ആദ്യമായി യൂനാനി ഡിസ്പെൻസറി മൊഗ്രാലിൽ തുടങ്ങിയത്. കേരളത്തിൽ അംഗീകൃത യൂനാനി ഫാർമസികൾ കുറവായതിനാൽ ഇതര സംസ്ഥാനങ്ങളിൽ നിന്നാണു മരുന്നുകൾ എത്തിക്കുന്നത്.
പരിശോധനയും മരുന്നും സൗജന്യമാണ്. കുമ്പള പഞ്ചായത്ത് വലിയൊരു തുകയാണു വർഷം തോറും ചെലവഴിക്കുന്നത്. നടപ്പു സാമ്പത്തിക വർഷത്തിൽ 14 ലക്ഷം രൂപ മാറ്റിവച്ചിട്ടുണ്ട്. എ.കെ.എം.അഷ്റഫ് എംഎൽഎ യൂനാനി ഡിസ്പെൻസറിയുടെ വിഷയം ആരോഗ്യവകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഇതേ തുടർന്നു ഡിസ്പെൻസറി ആശുപത്രിയായി ഉയർത്തുന്ന നടപടികൾ ആലോചിക്കുകയാണ് അധികൃതർ.

