ഇത്തവണയും ഓണക്കിറ്റ് നല്‍കും; അവശ്യ സാധനങ്ങള്‍ക്ക് ജിഎസ്ടി നടപ്പാക്കില്ല- മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ വ്യവസായ രംഗത്ത് ഗണ്യമായ പുരോഗതിയുണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി. ലോകശ്രദ്ധയാകര്‍ഷിക്കുന്ന സ്റ്റാര്‍ട് അപ് ഹബ്ബായി കേരളത്തെ മാറ്റുകയാണ് ലക്ഷ്യം. പുത്തന്‍ സംരംഭങ്ങള്‍ കൊണ്ടുവരിക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നിവയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും പ്രതീക്ഷിച്ച നിലയില്‍ മുന്നേറുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഇത്തവണയും ഓണക്കിറ്റ് നടപ്പിലാക്കുമെന്നും അവശ്യസാധനങ്ങളുടെ ജി.എസ്.ടി. സംസ്ഥാനത്ത് നടപ്പിലാക്കുകയില്ലെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ചു.
സാധാരണക്കാരെ ബാധിക്കുന്ന എല്ലാ നികുതി വര്‍ധനയ്ക്കും സര്‍ക്കാര്‍ എതിരാണ്. ജി.എസ്.ടി. നിരക്ക് വര്‍ധനയ്ക്കെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ആഢംബര വസ്തുക്കള്‍ക്ക് ജി.എസ്.ടി. കൂട്ടാം എന്നതാണ് സര്‍ക്കാര്‍ നിലപാട്. ചെറുകിട കച്ചവടക്കാരും കുടുംബശ്രീ അടക്കമുള്ള ചെറുകിട ഉല്പാദകരും പായ്ക്ക് ചെയ്ത് വില്‍ക്കുന്ന അരിക്കും പയറുല്പന്നങ്ങള്ക്കുമടക്കം ജി.എസ്.ടി. വര്‍ധിപ്പിച്ച തീരുമാനം കേരളത്തില്‍ നടപ്പാക്കില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ജി.എസ്.ടി. കൗണ്‍സില്‍ യോഗങ്ങളിലും ജി.എസ്.ടി. നിരക്കുകള്‍ സംബന്ധിച്ച കമ്മിറ്റികളിലും കേരളം ഈ നിലപാട് ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

