കരിപ്പൂരിന്റെ ചിറകരിയാൻ അനുവദിക്കില്ല ; എസ് വൈ എസ്
കോഴിക്കോട് | കഴിഞ്ഞ 32 വര്‍ഷമായി പൊതുമേഖലയില്‍ മികച്ച രൂപത്തില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കോട് എയര്‍പോര്‍ട്ടിനെ തകര്‍ക്കാനുള്ള ഗൂഢ നീക്കങ്ങളെ പരാജയപ്പെടുത്താന്‍ ജനകീയ ചെറുത്തുനില്‍പുണ്ടാകണമെന്നു എസ് വൈ എസ് സംസ്ഥാന കമ്മിറ്റി. അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ ഇന്ത്യയിലെ ഏഴ് പ്രധാന മെട്രോ നഗരങ്ങളിലെ വിമാനത്താവളങ്ങളുടെ തൊട്ടു പുറകിലായി എട്ടാം സ്ഥാനത്തും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നേരിട്ട് നടത്തുന്ന പൊതുമേഖല വിമാനത്താവളങ്ങളില്‍ മൂന്നാം സ്ഥാനത്തുമാണ് കരിപ്പൂര്‍.
തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ 125 കോടി രൂപയിലേറെ കേന്ദ്ര സര്‍ക്കാറിന് പ്രതിവര്‍ഷം ലാഭം നല്‍കുന്ന സ്ഥാപനമാണ് കരിപ്പൂര്‍ വിമാനത്താവളം. 2019-2020 സാമ്ബത്തിക വര്‍ഷം 137 കോടി രൂപയാണ് എയര്‍പോര്‍ട്ടിന്റെ ലാഭം. തൊട്ടടുത്ത് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കൊച്ചി വിമാനത്താവളത്തിലെ സര്‍വീസുകളുടെയും യാത്രക്കാരുടെയും എണ്ണത്തിലുള്ള അന്തരവും അവരുടെ ലാഭ വിഹിതവും പരിഗണിക്കുമ്ബോള്‍ വളരെ വലിയ ലാഭമാണ് കോഴിക്കോട് വിമാനത്താവളത്തിന്റേത്.
ചെറു വിമാനത്താവളമെന്നു പറഞ്ഞൊതൂക്കിയ കോഴിക്കോട് വിമാനത്താവളത്തില്‍ പ്രളയ കാലത്തു വലിയ വിമാനങ്ങള്‍ ഉള്‍പ്പെടെ നൂറിലധികം അധിക സര്‍വീസുകളാണ് നടന്നത്. കൊച്ചി വിമാനത്താവളം അടച്ചിട്ടപ്പോള്‍ യാത്രാ വിമാനങ്ങളുടെ സര്‍വീസ് കോഴിക്കോട്ടേക്ക് മാറ്റുകയുണ്ടായി. ഈ വര്‍ഷത്തെ ഹജ്ജ് സര്‍വീസ് നടത്താന്‍ തയ്യാറായി നില്‍ക്കാന്‍ പോലും കോഴിക്കോട് എയര്‍പോര്‍ട്ടിനു നിര്‍ദ്ദേശം ലഭിക്കുകയുണ്ടായി. ഇങ്ങനെയൊക്കെയായിട്ടും കരിപ്പൂര്‍ വിമാനത്താവളം അടച്ചിടാന്‍ തീരുമാനിച്ചതും വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാനുള്ള അനുമതി നിഷേധിച്ചതും നീതീകരിക്കാനാവില്ല. വിമാന അപകടത്തിന്റെ പശ്ചാത്തലത്തില്‍ ടേബിള്‍ ടോപ് ഘടനയാണ് അപകട കാരണമെന്നു വരുത്തി എയര്‍പോര്‍ട്ടിനെ തകര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നത്.
സുരക്ഷക്ക് ഏറെ പ്രാധാന്യം നല്‍കുന്ന എമിറേറ്റ്‌സ്, സൗദി എയര്‍ലൈന്‍സ്, എയര്‍ ഇന്ത്യ, ഖത്തര്‍ എയര്‍വെയ്സ് തുടങ്ങിയ ലോക പ്രശസ്ത എയര്‍ലൈന്‍ കമ്ബനികള്‍ സുരക്ഷാ പരിശാധനകള്‍ക്ക് ശേഷം സര്‍വീസ് നടത്താന്‍ തയ്യാറായ സാഹചര്യത്തില്‍ മലബാറിലെ ലക്ഷക്കണക്കിന് സാധാരണക്കാരായ പ്രവാസികള്‍ ആശ്രയിക്കുന്ന വിമാനത്താവളത്തിലെ വലിയ വിമാനങ്ങളുടെ സര്‍വ്വീസ് ഉടനെ പുനരാരംഭിക്കണം എന്നും യോഗം കേന്ദ്ര സര്‍ക്കാറരിനോട് ആവശ്യപ്പെട്ടു. വലിയ വിമാനങ്ങള്‍ക്കായി വിമാനത്താവളം തുറക്കാന്‍ അടിയന്തിര നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുന്നില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
റണ്‍വേ വികസനത്തിന്റെ പേരില്‍ 2015-16 കാലത്തു വിമാനത്താവളം അടച്ചിട്ടപ്പോള്‍ എസ് വൈ എസ് ഉള്‍പ്പെടെ നടത്തിയ ശക്തമായ സമര പരിപാടികളാണ് സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കുകയും വിമാനത്താവളം വലിയ വിമാനങ്ങള്‍ക്കായി വീണ്ടും തുറക്കാനുള്ള നടപടികള്‍ സ്വീകരിച്ചതെന്നും ഇവര്‍ പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ സഖാഫി അധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, മജീദ് കക്കാട്, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, ഡോ : മുഹമ്മദ് കുഞ്ഞു സഖാഫി കൊല്ലം, ഡോ : എ പി അബ്ദുല്‍ ഹക്കീം അസ്ഹരി, മുഹമ്മദ് പറവൂര്‍ പ്രസംഗിച്ചു