ജെ ഇ ഇ, നീറ്റ് പരീക്ഷ: ബി ജെ പി ഒഴികെ ഏഴ് ഇതര മുഖ്യമന്ത്രിമാർ സുപ്രീം കോടതിയിലേക്ക്
ന്യൂഡൽഹി| കൊവിഡ് 19 ആശങ്കകൾക്കിടയിൽ നീറ്റ്, ജെ ഇ ഇ പരീക്ഷ നടത്താനുള്ള കേന്ദ്ര തീരുമാനത്തെ ചോദ്യം ചെയ്ത് ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ സുപ്രീം കോടതിയിൽ ഹരജി നൽകാൻ തീരുമാനിച്ചു. സംസ്ഥാനങ്ങൾക്ക് കേന്ദ്രം ജി എസ് ടി നഷ്ടപരിഹാരം നൽകാൻ കാലതാമസം വരുത്തുന്നതിനെ കുറിച്ചും കൊവിഡിനിടെ മെഡിക്കൽ, എൻജിനീയറിംഗ് പ്രവേശന പരീക്ഷകൾ നടത്താനുള്ള സർക്കാർ തീരുമാനത്തെ കുറിച്ചും ചർച്ച ചെയ്യാനായി കോൺഗ്രസ് താത്കാലിക അധ്യക്ഷ സോണിയാ ഗാന്ധി വിളിച്ച വെർച്വൽ മീറ്റിംഗിലാണ് തീരുമാനം.
പഞ്ചാബിലെ അമരീന്ദർ സിംഗ്, രാജസ്ഥാനിലെ അശോക് ഗെഹ്‌ലോട്ട്, ഛത്തീസ്ഗഢിലെ ഭൂപേഷ് ബാഗേൽ, പുതുച്ചേരിയിലെ വി നാരായണസാമി എന്നീ കോൺഗ്രസ് മന്ത്രിമാരും ടി എം സി മേധാവിയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി, ശിവസേന നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദവ് താക്കറെ, മുക്തി മോർച്ചാ പ്രസിഡന്റും ഝാർഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറൻ എന്നിവരുമാണ് യോഗത്തിൽ പങ്കെടുത്തത്.
മമത ബാനർജിയാണ് എല്ലാ സംസ്ഥാനങ്ങളും കൈകോർത്ത് പരീക്ഷ നീട്ടിവെക്കാൻ സുപ്രീംകോടതിയെ സമീപിക്കണമെന്ന് നിർദേശിച്ചത്. അവശ്യസംവിധാനങ്ങളെല്ലാം അനിശ്ചിതാവസ്ഥയിൽ തുടരുന്ന സമയത്ത് പരീക്ഷാ നടത്താനുള്ള തീരുമാനം വിദ്യാർഥികളെ ദോഷകരമായി ബാധിക്കുമെന്നും മമത പറഞ്ഞു. സ്ഥിതിഗതികൾ സാധാരണനിലയിൽ എത്തിയ ശേഷം മാത്രമേപരീക്ഷകൾ നടത്താകൂവെന്നാണ് ഉദ്ധവ് താക്കറെയുടെ അഭിപ്രായം.
മഹാരാഷ്ട്ര ലോക്ക്ഡൗണിൽ നിന്ന് ഘട്ടം ഘട്ടമായി പുറത്ത് വരുന്നതേയുള്ളു. സ്‌കൂളുകൾ അടഞ്ഞുകിടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടിയന്തര ആവശ്യങ്ങൾ സാധാരണനിലയിലായതിന് ശേഷമേ പരീക്ഷ നടത്താകൂവെന്നും കൊവിഡ് ഇപ്പോഴും നമുക്കൊപ്പമുണ്ടെന്നും ഹേമന്ത് സോറൻ പറഞ്ഞു.