റൺവേ സുരക്ഷ: ആധുനിക റബർ റിമൂവൽ മെഷീൻ തിരുവനന്തപുരം വിമാനത്താവളത്തിൽ കമ്മിഷൻ ചെയ്തു

തിരുവനന്തപുരം∙ റൺവേയുടെ സുരക്ഷ ഉറപ്പു വരുത്താൻ ആധുനിക റബർ റിമൂവൽ മെഷീൻ തിരുവനന്തപുരം വിമാനത്താവളത്തിൽ കമ്മിഷൻ ചെയ്തു. പുതിയ റൺവേ റബർ ഡെപ്പോസിറ്റ് ആൻഡ് പെയിന്റ് റിമൂവൽ മെഷീൻ റൺവേയിലെ അപകടകരമായ വസ്തുക്കളും പഴയ മാർക്കിങ്ങുകളും നീക്കാനും ഉപയോഗിക്കും.
ലാൻഡിങ് സമയത്തും ടേക്ക് ഓഫ് സമയത്തും വിമാനങ്ങളുടെ ടയറിൽനിന്നുള്ള റബർ റൺവേയിൽ നിക്ഷേപിക്കപ്പെടും. ലാൻഡിങ് സമയത്ത് 700 ഗ്രാം റബർ വരെ നിക്ഷേപിക്കപ്പെടുന്നു എന്നാണ് ട്രാൻസ്‌പോർട്ട് റിസർച്ച് ബോർഡിന്റെ കണക്ക്. ഇത് റൺവേയുടെ ഘർഷണ ശേഷി കുറയ്ക്കും. ഇത് ലാൻഡിങ് സമയത്തെ ബ്രേക്കിങ് ഉൾപ്പെടെയുള്ളവയെ ബാധിക്കും.
റൺവേ ഉപയോഗിക്കുന്നതിന് ആനുപാതികമായി നിശ്ചിത ഇടവേളകളിൽ ഈ റബർ അവശിഷ്ടങ്ങൾ നീക്കം ചെയ്യണമെന്ന് വ്യോമയാന ഡയറക്ടർ ജനറലിന്റെ മാർഗ നിർദേശമുണ്ട്. എയർപോർട്ട് അതോറിറ്റിയുടെ ചെന്നൈ വിമാനത്താവളത്തിൽനിന്നു മെഷീൻ എത്തിച്ചാണ് ഇതുവരെ ഈ ദൗത്യം നിർവഹിച്ചിരുന്നത്. വെള്ളം മാത്രം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത് എന്നതിനാൽ പുതിയ മെഷീൻ പരിസ്ഥിതി സൗഹൃദവുമാണ്. 10 മണിക്കൂറിൽ റൺവേയുടെ ഘർഷണ ശേഷി പൂർണമായി പുനഃസ്ഥാപിക്കാനാകും.

