വിമാനത്തിൽ കയ്യാങ്കളി; മുഖത്ത് ഇടിച്ചു, ബെൽറ്റുകൊണ്ട് കഴുത്തുഞെരിക്കാൻ ശ്രമം; വൈറ്റില സ്വദേശി പിടിയിൽ

നെടുമ്പാശേരി: അബുദാബിയിൽ നിന്ന് കൊച്ചിയിലെത്തിയ ഇൻഡിഗോ വിമാനത്തിൽ സഹയാത്രികനെ ക്രൂരമായി മർദിച്ച യുവാവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. എറണാകുളം വൈറ്റില തൈക്കൂടം വെട്ടയ്ക്കൽ സ്വദേശി റോഷൻ മാർട്ടിനാണ് (36) പിടിയിലായത്. പരുക്കേറ്റ തൃശൂർ അകലാട് സ്വദേശി യൂസഫിനെ (52) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ രണ്ടു മണിയോടെ എത്തിയ 6E1404 ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം.
റോഷനും യൂസഫും അടുത്തടുത്ത സീറ്റുകളിലാണ് ഇരുന്നിരുന്നത്. ഇവർക്കിടയിലുണ്ടായ വാക്കുതർക്കം അതിരുവിട്ടതോടെ റോഷൻ യൂസഫിന്റെ മുഖത്ത് ശക്തമായി ഇടിച്ചെന്നും ഇടിയുടെ ആഘാതത്തിൽ കണ്ണട തകർന്ന് വലതുകണ്ണിന് താഴെ സാരമായി പരുക്കേറ്റതായും നെടുമ്പാശ്ശേരി പൊലീസ് വ്യക്തമാക്കി. തുടർന്നുണ്ടായ പിടിവലിക്കിടെ റോഷൻ ബെൽറ്റ് ഉപയോഗിച്ച് യൂസഫിന്റെ കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിക്കാൻ ശ്രമിച്ചതായും പോലീസ് പറഞ്ഞു.
സഹയാത്രികരും വിമാന ജീവനക്കാരും ഇടപെട്ടാണ് ഇരുവരെയും പിടിച്ചുമാറ്റിയത്. വിമാനം കൊച്ചിയിലെത്തിയ ഉടൻ ഇൻഡിഗോ സുരക്ഷാ വിഭാഗത്തിന്റെ പരാതിയിൽ നെടുമ്പാശേരി പൊലീസ് റോഷനെ കസ്റ്റഡിയിലെടുത്തു. മനഃപൂർവം പരുക്കേൽപ്പിക്കൽ, മാരകായുധങ്ങളോ മറ്റ് ഉപാധികളോ ഉപയോഗിച്ച് ഗുരുതരമായ പരുക്കേൽപ്പിക്കൽ എന്നീ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു. യൂസഫിന്റെ വിശദമായ മൊഴി ഉടൻ രേഖപ്പെടുത്തുമെന്നും ഇതിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

