KSDLIVENEWS

Real news for everyone

കൊടി സുനി ഒഴികെയുള്ള പ്രതികളുടെ പെരുമാറ്റം തൃപ്തികരം’; വധശിക്ഷ ഒഴിവാക്കി ഹൈക്കോടതി

SHARE THIS ON


കൊച്ചി:  ‘‘ശത്രുതയില്ലാത്ത, എന്നാൽ വാടകക്കൊലയാളികളും ഗൂഢാലോചനയിൽ പങ്കെടുത്തവരുമായ ആറു പേർ ചേർന്ന് നിരായുധനായ ഒരു മനുഷ്യനെ വഴിയിലിട്ട് വെട്ടിക്കൊന്ന നിഷ്ഠൂരമായ കാര്യത്തെ സാധ്യമാകുന്ന എല്ലാ വിധത്തിലും അപലപിക്കേണ്ടതുണ്ട്’’– ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികളുടെ വർധിപ്പിച്ച ശിക്ഷ പ്രഖ്യാപിച്ചു കൊണ്ട് ജസ്റ്റിസുമാരായ ഡോ.എ.കെ.ജയശങ്കരൻ നമ്പ്യാർ, ഡോ.കൗസര്‍ എടപ്പഗത്ത് എന്നിവർ ഉത്തരവിൽ പറഞ്ഞത് ഇങ്ങനെ. ഇത്തരമൊരു ക്രൂരമായ കാര്യം ചെയ്തിട്ടും പ്രതികൾക്ക് അനർഹമായ ആനുകൂല്യം നൽകിയാല്‍ അത് നിയമവ്യവസ്ഥയിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തുമെന്നും കോടതി നിരീക്ഷിച്ചു.

പ്രതികൾ ചെയ്ത കുറ്റവും അതിന്റെ മാർഗവും കണക്കിലെടുത്താൽ ശിക്ഷയിൽ ഒരിളവും നൽകാൻ പാടുള്ളതല്ല. എന്നാൽ ശിക്ഷിക്കപ്പെടുന്ന പ്രതികൾ നവീകരിക്കപ്പെടും എന്ന സാധ്യത നിലനിൽക്കുന്നു എന്നത് പരിഗണിക്കാതിരിക്കാൻ കോടതികൾക്ക് കഴിയാറില്ല. വധശിക്ഷ ഒഴിവാകുന്നത് ഈ കാരണങ്ങളാലാണ് എന്ന് 166 പേജ് വരുന്ന വിധിന്യായത്തിൽ കോടതി ചൂണ്ടിക്കാട്ടി.
കോടതി ചൂണ്ടിക്കാട്ടിയ മറ്റൊരു കാര്യം മൂന്നാം പ്രതിയായ കൊടി സുനി ഒഴികെയുള്ള പ്രതികളുടെ പെരുമാറ്റം തൃപ്തികരമായിരുന്നു എന്നാണ്. ഇവർ ജോലികളും തൃപ്തികരമായി ചെയ്തു എന്നാണ് കണ്ണൂർ ജയിൽ സൂപ്രണ്ട് റിപ്പോർട്ട് നൽകിയത്. എന്നാൽ തവനൂർ ജയിൽ സൂപ്രണ്ട് റിപ്പോർട്ട് നൽകിയിരിക്കുന്നത് 2023 നവംബർ 9ന് കൊടി സുനിയെ അച്ചടക്ക വിഷയത്തെ തുടർന്ന് വിയ്യൂർ അതിസുരക്ഷാ ജയിലിലേക്ക് മാറ്റി എന്നാണ്.

പലരും ശിക്ഷ വർധിപ്പിക്കുന്നത് ഒഴിവാക്കുന്നതിന് കാരണമായി പറഞ്ഞത് കുടുംബങ്ങൾ അവരെ ആശ്രയിച്ചു ജീവിക്കുന്നു എന്നാണ്. എന്നാൽ ഇവരെ ആശ്രയിച്ചല്ല മിക്കവരും ജീവിക്കുന്നത്. ഉദാഹരണത്തിന് 18ാം പ്രതിയായ വാഴപ്പടച്ചി റഫീഖിന്റെ ഭാര്യ തയ്യൽ ജോലി ചെയ്താണ് മൂന്നു കുട്ടികൾ അടക്കമുള്ള കുടുംബം പോറ്റുന്നത്. രണ്ടാം പ്രതി കിർമാണി മനോജ്, ഏഴാം പ്രതി കെ.ഷിനോജ് എന്നിവര്‍ ഒഴികെയുള്ളവർ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
18ാം പ്രതി വാഴപ്പടച്ചി റഫീഖിന്റെ ശിക്ഷ വർധിപ്പിക്കുന്നതിനുള്ള കാരണങ്ങൾ കാണുന്നില്ലെന്നും കോടതി വ്യക്തമാക്കി. ഗ‍ൂഢാലോചന കുറ്റത്തിനോ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ഭാഗമാണെന്നോ കൊലപാതകവുമായി ബന്ധിപ്പിക്കുന്നതിനുള്ള എന്തെങ്കിലും കാരണമോ ചുമത്തിയിട്ടില്ല. എന്നാൽ വിചാരണക്കോടതി റഫീഖിന് ചുമത്തിയിട്ടുള്ള പിഴ കുറവാണെന്നാണ് അഭിപ്രായമെന്ന് കോടതി വ്യക്തമാക്കി. വിചാരണ കോടതി വിധിച്ച ജീവപര്യന്തം ശിക്ഷയോടെ റഫീഖിന്റെ ശിക്ഷാ കാലാവധി അവസാനിക്കും.
വിചാരണ കോടതി കെ.കെ.രമയ്ക്ക് മൂന്നു ലക്ഷം രൂപയും മകൻ അഭിനന്ദിന് രണ്ടു ലക്ഷം രൂപയുമാണ് നഷ്ടപരിഹാരം വിധിച്ചിരുന്നത്. ഇത് ഉയർത്തണമെന്ന് ഇവർ ആവശ്യപ്പെട്ടിരുന്നു. കെ.കെ.രമയ്ക്ക് ഏഴര ലക്ഷം രൂപയും മകന് 5 ലക്ഷം രൂപയും നഷ്ടപരിഹാരം നൽകണം. പ്രതികള്‍ ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതി. 
2012 മുതൽ പ്രതികൾ തടവിലാണ്. ജീവപര്യന്തം ശിക്ഷയായതിനാൽ പലപ്പോഴും 14 വർഷം കഴിയുമ്പോൾ മോചിതരാകാറുണ്ട്. ജയിൽ മോചനത്തിന്റെ അരികിലെത്തി നിൽക്കുമ്പോഴാണ്, കൊലപാതകം നടത്തിയ ഏഴില്‍ ആറു പേരെയും ഹൈക്കോടതി മറ്റൊരു ജീവപര്യന്തത്തിനു  കൂടി ശിക്ഷിച്ചിരിക്കുന്നത്. ആറാം പ്രതി എസ്.സിജിത്തിനെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയിരുന്നില്ല.

18ാം പ്രതി റഫീഖിനു പുറമെ എട്ടാം പ്രതി കെ.സി.രാമചന്ദ്രൻ, 11ാം പ്രതി ട്രൗസർ മനോജൻ, 31ാം പ്രതി ലംബു പ്രദീപൻ എന്നിവർക്കും വിചാരണ കോടതി ശിക്ഷിച്ച ജീവപര്യന്തം പൂർത്തിയാകുമ്പോൾ പുറത്തിറങ്ങാം. ലംബു പ്രദീപന്റെ ജാമ്യം കോടതി റദ്ദാക്കുകയും ചെയ്തു. അതേസമയം, വിചാരണ കോടതി വെറുതെ വിടുകയും ഹൈക്കോടതി കുറ്റം നിലനിൽക്കുമെന്ന് കണ്ടെത്തുകയും ചെയ്ത 10ാം പ്രതി കെ.കെ.കൃഷ്ണൻ, 12ാം പ്രതി ജ്യോതി ബാബു എന്നിവരെ കാത്തിരിക്കുന്നതു നീണ്ട ജയിൽവാസമാണ്..

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!