ഡല്‍ഹി എയര്‍പോര്‍ട്ടില്‍ മലയാളി കുട്ടിയെ കാണാതായി കണ്ടെത്തിയത് രണ്ടു കി.മീ. അകലെ

കേലഞ്ചേരി: ന്യൂസിലൻഡില്‍ നിന്ന് മലയാളി യുവതിക്കൊപ്പം ഡല്‍ഹി വിമാനത്താവളത്തില്‍ വന്നിറങ്ങിയ രണ്ടര വയസുള്ള മകൻ അമ്മയുടെ കണ്ണുവെട്ടിച്ച് അപ്രത്യക്ഷനായി. ഒടുവില്‍ കണ്ടെത്തിയത് രണ്ടു കിലോമീറ്റര്‍ അകലെ. അനൗണ്‍സ്മെന്റും തെരച്ചിലുമായി ഒരു മണിക്കൂറോളം സംഭവം പരിഭ്രാന്തി പരത്തി. കഴിഞ്ഞ 23നാണ് കോലഞ്ചേരി മഴുവന്നൂര്‍ സ്വദേശിയായ അര്‍ച്ചന മകനുമായി വിമാനമിറങ്ങിയത്. കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ വരാനായി 31 ബി ഗേറ്റില്‍ ചെക്ക് ഇൻ ചെയ്യാനായി കാത്തു നില്‍ക്കവേ മാധവിനെ കാണാതായി. അര്‍ച്ചനയുടെ നിലവിളി കേട്ട് മൂന്നു മലയാളികള്‍ സഹായത്തിനെത്തി. എയര്‍പോര്‍ട്ടില്‍ വന്നപ്പോള്‍ എടുത്ത, നീലവരയുള്ള ടീ ഷര്‍ട്ടും നീല നിക്കറും ധരിച്ച ഫോട്ടോ കാണിച്ചതോടെ പലരും പല വഴിക്ക് തെരച്ചില്‍ തുടങ്ങി. സി.ഐ.എസ്.എഫും എയര്‍ ഇന്ത്യ ഉദ്യോഗസ്ഥരും അന്വേഷണം ഏറ്റെടുത്തു. മൈക്കിലൂടെ അനൗണ്‍സ് ചെയതു. സെക്യൂരിറ്റി കാമറകളിലൂടെ പരിസരമാകെ നിരീക്ഷിച്ചു. കിലോമീറ്ററുകള്‍ പരന്നു കിടക്കുന്ന എയര്‍പോര്‍ട്ടില്‍ നടന്നുകൊണ്ട് തെരച്ചില്‍ ബുദ്ധിമുട്ടാണെന്ന് ബോധ്യമായ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥൻ രാജ്കുമാര്‍ ബഗ്ഗി കാറില്‍ അമ്മയും മറ്റ് രണ്ട് മലയാളികളുമായി തലങ്ങും വിലങ്ങും പാഞ്ഞു. രണ്ട് കിലോമീറ്റര്‍ അകലെയുള്ള ഗേറ്റ് 47ല്‍ അവര്‍ എത്തുമ്ബോള്‍, ഈ കോലാഹലങ്ങള്‍ അറിയാതെ കളിചിരിയുമായി നില്‍ക്കുകയായിരുന്നു മാധവ്. നിമിഷങ്ങള്‍ കൂടി വൈകിയിരുന്നെങ്കില്‍ നാട്ടിലേക്കുള്ള യാത്രയും മുടങ്ങുമായിരുന്നു. ബാറ്ററി കാറില്‍ കയറിയോ ട്രാവലേറ്ററില്‍ (തറനിരപ്പില്‍ നീങ്ങുന്ന ബെല്‍റ്റ് ) കയറിയോ അവിടെ എത്തിയതാകാം എന്ന നിഗമനത്തിലാണ് സി.ഐ.എസ്.എഫ്.

