ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്യാനുള്ള സമയം ഇന്ന് അവസാനിക്കും; പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്താന്‍ ഗുസ്തി താരങ്ങള്‍

ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ്ഭൂഷണ് ശരണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യാൻ താരങ്ങള്‍ സര്‍ക്കാരിന് നല്കിയ സമയം ഇന്ന് അവസാനിക്കും. നടപടി ഉണ്ടാകാത്ത സാഹചര്യത്തില്‍ ഉദ്ഘാടന ദിവസം പുതിയ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ വനിതാ മഹാപഞ്ചായത്ത് നടത്തുമെന്ന് ഗുസ്തി താരങ്ങള്‍ അറിയിച്ചു. ആവശ്യമെങ്കില്‍ അറസ്റ്റ് വരിക്കാൻ പോലും തയ്യാറാണെന്ന് താരങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ്ഭൂഷണിനെതിരെ നടപടിയെടുക്കാത്ത പശ്ചാത്തലത്തില്‍ നാളെ ഡല്‍ഹിയിലെ അതിര്‍ത്തികളില്‍നിന്ന് മാര്‍ച്ച് നടത്താനാണ് കര്‍ഷകരുടെ തീരുമാനം. നാളെ രാവിലെ പതിനൊന്ന് മണിയോടെ ജന്ദര്‍ മന്ദറില്‍നിന്ന് രാജസ്ഥാനില്‍നിന്നുള്ള കര്‍ഷകര്‍ക്കൊപ്പമായിരിക്കും താരങ്ങള്‍ പാര്‍ലമെൻ്റിലേക്ക് മാര്‍ച്ച് നടത്തുക. ഉത്തര്‍പ്രദേശില്‍നിന്നുള്ള കര്‍ഷകര്‍ ഗാസിപ്പൂര്‍ അതിര്‍ത്തിയിലും, ഹരിയാനയില്‍നിന്നുള്ള കര്‍ഷകര്‍ തിക്രി അതിര്‍ത്തിയിലും, പഞ്ചാബില്‍നിന്നുള്ള കര്‍ഷകര്‍ സിംഘു അതിര്‍ത്തിയിലും ഇതേസമയം മാര്‍ച്ച് ആരംഭിക്കും. പുതിയ പാര്‍ലമെൻ്റ് മന്ദിരത്തിന് മുന്നിലെ വനിതാ മഹാപഞ്ചായത്ത് തീര്‍ത്തും സമാധാനപരമായിരിക്കുമെന്നാണ് ഗുസ്തി താരങ്ങള്‍ അറിയിച്ചത്. അറസ്റ്റ് വരിക്കാൻ തങ്ങള്‍ തയാറാണെന്നും താരങ്ങള്‍ വ്യക്തമാക്കി. അതേസമയം, സമരം കണക്കിലെടുത്ത് ഡല്‍ഹിയില്‍ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. താരങ്ങളുടെ സമരത്തിന് കര്‍ഷക പിന്തുണ വര്‍ധിക്കുന്നത് കേന്ദ്ര സര്‍ക്കാരിനെയും സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ്. Summary: The wrestlers to intensify the protest as the time given by the players to the government to arrest the Wrestling Federation of India (WFI) president and BJP MP Brijbhushan Sharan Singh ends today

