വിമതന്മാരുടെ ശരീരം മാത്രമേ മുംബയില്‍ തിരിച്ചെത്തുകയുള്ളൂ, അവരുടെ ആത്മാവ് മരിച്ചുകഴിഞ്ഞു; വിവാദ പ്രസ്താവനയുമായി ശിവസേന വക്താവ് സഞ്ജയ് റാവത്ത്

മുംബയ്: വിമത എം എല്‍ എമാര്‍ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ശിവസേന വക്താവ് സഞ്ജയ് റാവത്ത്. ഗുവാഹത്തിയിലെ സ്വകാര്യ ഹോട്ടലില്‍ കഴിയുന്ന നാല്പതോളം വിമത എം എ.എമാരുടെ ആത്മാവ് മരിച്ചുകഴിഞ്ഞെന്നും അവരുടെ ശരീരം മാത്രമേ ഇനി മുംബയിലെത്തുകയുള്ളുവെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. ഇന്ന് മുംബയില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുമ്ബോഴായിരുന്നു റാവത്തിന്റെ പ്രസ്താവന.
ഗുവാഹത്തിയിലുള്ള 40 എംഎല്‍എമാരും ഇപ്പോള്‍ ജീവിച്ചിരിപ്പില്ലെന്നും ആത്മാവ് മരിച്ച അവരുടെ ശരീരം തിരിച്ചെത്തുന്ന ദിവസം തന്നെ മഹാരാഷ്ട്ര നിയമസഭയിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിന് അയയ്ക്കുമെന്നും റാവത്ത് പറഞ്ഞു. മുംബയിലെ കത്തുന്ന തീയില്‍ തങ്ങള്‍ക്ക് എന്ത് സംഭവിക്കുമെന്ന് അവര്‍ക്ക് നന്നായി അറിയാമെന്നും റാവത്ത് പറഞ്ഞു.
ഹോട്ടലില്‍ നിന്നുള്ള ചിത്രങ്ങള്‍ കാണുമ്ബോള്‍ അതൊരു ഹോട്ടലാണെന്ന് തോന്നുന്നില്ലെന്നും ബിഗ് ബോസ് പോലെയാണ് അനുഭവപ്പെടുന്നതെന്നും റാവത്ത് പരിഹസിച്ചു. ആളുകള്‍ കുടിക്കുന്നു, കഴിക്കുന്നു, കളിക്കുന്നു. അതില്‍ പകുതി പേര് പുറത്താകും. എത്രനാള്‍ നിങ്ങള്‍ ഗുജറാത്തില്‍ ഒളിക്കും, ചൗപ്പട്ടിയിലേക്ക് നിങ്ങള്‍ മടങ്ങേണ്ടി വരും. ജീവനുള്ള ശവങ്ങള് പോലെയാണ് പലരും അവിടെ കഴിയുന്നത് – റാവത്ത് പറഞ്ഞു.
അതേസമയം ഡെപ്യൂട്ടി സ്പീക്കര്‍ വിമത എം.എല്‍.എമാര്‍ക്കെതിരെ നല്കിയ അയോഗ്യത നോട്ടീസിനെ ചോദ്യം ചെയ്ത് ഏക്നാഥ് ഷിന്‍ഡെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. ഹര്‍ജി തിങ്കളാഴ്ച കോടതി പരിഗണിക്കും. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ.ബി. പര്‍ദിവാല എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഡെപ്യൂട്ടി സ്പീക്കര്‍ക്കെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം തള്ളിയ നടപടിയും ഹര്‍ജിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്, ഷിന്‍ഡെയെ നീക്കം ചെയ്ത് അജയ് ചൗധരിയെ ശിവസേനയുടെ നിയമസഭാ കക്ഷിനേതാവായി തിരഞ്ഞെടുത്ത നടപടി നിയമവിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

