ആദ്യ ഓൺലൈൻ മന്ത്രിസഭാ യോഗം ഇന്ന്. കോവിഡ് സ്ഥിതി വിലയിരുത്തും, ധനബില്ലിന് സാധുതയേകാൻ ഓർഡിനൻസ് അംഗീകരിക്കും
ആദ്യമായാണ് സംസ്ഥാനത്ത് ഓൺലൈനിൽ മന്ത്രിസഭാ യോഗം ചേരുന്നത്
തിരുവനന്തപുരം സംസ്ഥാന മന്ത്രിസഭാ യോഗം തിങ്കളാഴ്ച ചേരും . രാവിലെ 10 ന് ഓൺലൈനിലാണ് യോഗം . ആദ്യമായാണ് സംസ്ഥാനത്ത് ഓൺലൈനിൽ മന്ത്രിസഭാ യോഗം ചേരുന്നത് . തിരുവനന്തപുരം ജില്ലയിൽ രോഗവ്യാപനം ഗുരുതരമായി തുടരുന്നതിനാലാണ് ഓൺലൈനിലാക്കിയത് . സർക്കാർ യോഗങ്ങളെല്ലാം പരമാവധി ഓൺലൈനാക്കാൻ നിർദേശിച്ചിരുന്നു . സെക്രട്ടറിയറ്റിനുള്ളിലെ ധനവകുപ്പിന്റെ ഉദ്യോഗസ്ഥതല യോഗംപോലും ഓൺലൈനിലേക്ക് മാറ്റി . മന്ത്രിമാർ പങ്കെടുക്കുന്ന ഉദ്യോഗസ്ഥ യോഗങ്ങളും ഓൺലൈനിലാണ് . ഈ സാഹചര്യത്തിലാണ് മന്ത്രിസഭാ യോഗവും ഓൺലൈനിലേക്ക് മാറ്റിയത് . ജില്ലകളിൽ തങ്ങി കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന മന്ത്രിമാർക്കും പങ്കെടുക്കാൻ കഴിയുമെന്നതും പരിഗണിച്ചു .
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ യോഗം ചർച്ച ചെയ്യും . കണ്ടെയ്ൻമെന്റ് സോണുകളിൽ നിയന്ത്രണത്തിൽ വരുത്തേണ്ട മാറ്റങ്ങളും പരിഗണിച്ചേക്കും . കേരള പ്രൊവിഷണൽ റവന്യൂസ് കലക്ഷൻ ആക്ടിലെ വ്യവസ്ഥകളിൽ ഭേദഗതി വരുത്തുന്ന ഓർഡിനൻസ് മന്ത്രിസഭ പരിഗണിക്കും . ധന ബില്ലിലെ നിർദേശങ്ങൾക്ക് രണ്ടുമാസംകൂടി പ്രാബല്യം ഉറപ്പുവരുത്താനാണ് ഓർഡിനൻസ് പുറപ്പെടുവിക്കുന്നത് . ധനബിൽ കാലാവധി 29 ന് തീരും . കോവിഡുമൂലം നിയമസഭാ സമ്മേളനം ചേരാനാകാത്ത സാഹചര്യമാണ് . ഇതിനാലാണ് ധനബിൽ നിർദേശങ്ങൾ അംഗീകരിക്കുന്നതിനുള്ള സമയപരിധി 180 ദിവസമായി ഉയർത്തി ഓർഡിനൻസ് പുറപ്പെടുവിക്കുന്നത് .