KSDLIVENEWS

Real news for everyone

ട്രോളിങ് നിരോധനം 31 ന് അവസാനിക്കും ; പ്രതീക്ഷയുടെ വല വിരിച്ച് തീരദേശത്തെ മൽസ്യത്തൊഴിലാളികൾ

SHARE THIS ON

ചെറുവത്തൂർ : ആഴക്കടൽ മീൻ പിടുത്തം വിലക്കുന്ന മൺസൂൺകാല ട്രോളിങ് നിരോധനം 31 ന് അർധരാത്രി അവസാനിക്കാനിരിക്കെ പ്രതീക്ഷയുടെ വല നിറച്ച് മൽസ്യത്തൊഴിലാളികൾ . നീണ്ട 52 ദിവസത്തെ നിരോധനത്തിനു ശേഷമാണു ജില്ലയിലെ മീൻ പിടുത്ത ബോട്ടുകളുടെ ഉടമകളും തൊഴിലാളികളും കടലിലിറങ്ങാനൊരുങ്ങുന്നത് . ട്രോളിങ് നിരോധനം കഴിഞ്ഞ ഉടൻ ബോട്ടുകൾക്ക് കടലിലിറങ്ങാൻ പറ്റുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട് . തീരദേശത്തെ കോവിഡ് വ്യാപനത്തെ തുടർന്നു കാസർകോട് ജില്ലയിൽ മീൻ പിടുത്തവും വിൽപ്പനയും 31 വരെ നിരോധിച്ചിരിക്കയാണ് . ഈ നിരോധനം ഇനിയും നീണ്ടു പോകുമോ എന്നതാണ് ഈ ആശങ്കയ്ക്ക് കാരണം . എങ്കിലും പ്രതീക്ഷ കൈവിടാതെ ബോട്ടുകൾ , വലകൾ എന്നിവയുടെ അറ്റകുറ്റപ്പണികൾ എല്ലായിടത്തും തകൃതിയായി നടക്കുന്നുണ്ട് . ബോട്ടുകൾ കടലിലിറങ്ങിയാൽ
കടലമ്മ കനിയുമെന്ന വിശ്വാസത്തോടെയാണ് ഇതെല്ലാം ഒരുക്കുന്നത് . ശക്തമായ മഴ പെയ്ത് കടലിളകി ചേറ് രൂപപ്പെടുന്നതോടെ ചാകരക്കോളും മത്സ്യത്തൊഴിലാളികൾ പ്രതീക്ഷിക്കുന്നു . ട്രോളിങ് നിരോധന കാലത്ത് പരമ്പരാഗത മീൻ പിടുത്ത വള്ളങ്ങൾക്ക് കടലിൽ പോകുന്നതിന് വിലക്കുണ്ടായിരുന്നില്ല . ഈ സമയത്ത് വള്ളങ്ങൾക്ക് കിളിമീൻ , അയല എന്നിവയ്ക്ക് പുറമെ ധാരാളമായി ചെമ്മീനും ലഭിച്ചിരുന്നു . എന്നാൽ മീൻപിടുത്ത നിരോധനത്തെ തുടർന്ന് വള്ളങ്ങൾക്കും കടലിലിറങ്ങാൻ കഴിയാത്ത അവസ്ഥയാണ് . ജില്ലയിൽ മീൻപിടുത്തവും അനുബന്ധി തൊഴിലുകളും ചെയ്ത് പതിനായിരങ്ങളാണ് ഉപജീവനം കഴിക്കുന്നത് . മീൻപിടുത്തത്തിനും വിൽപ്പനയ്ക്കും ഉള്ള നിരോധനം ഇനിയും നിണ്ടു പോയാൽ ജില്ലയിലെ തീരദേശ മേഖലയിലെ ജനങ്ങൾ പട്ടിണിയിലേക്ക് നീങ്ങുമെന്ന കാര്യത്തിൽ സംശയമില്ല .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!