KSDLIVENEWS

Real news for everyone

നഗരത്തിലെ കടകളിൽ‍ മോഷണം, 2 പേർ അറസ്റ്റിൽ; 75 ശതമാനം ഫോണുകളും 10,000 രൂപയും കണ്ടെടുത്തു

SHARE THIS ON

കാഞ്ഞങ്ങാട് ∙ നഗരത്തിലെ കടകളിൽ‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് രണ്ടു പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഒട്ടേറെ കവർച്ച കേസുകളിൽ പ്രതിയായ കാരാട്ട് നൗഷാദ് (48), എറണാകുളം സ്വദേശി ടോമി എന്ന സിജോ ജോർജ് (32) എന്നിവരെയാണു ഹൊസ്ദുർഗ് എസ്ഐ കെ.പി.സതീഷിന്റെ നേതൃത്വത്തിൽ കർണാടകയിൽ നിന്ന് അറസ്റ്റ് ചെയ്തത്. മോഷണം പോയതിൽ 75 ശതമാനം ഫോണുകളും 10,000 രൂപയും ഇവരിൽ നിന്നു പൊലീസ് കണ്ടെടുത്തു. ബാക്കിയുള്ള ഫോണുകൾ വിറ്റതായും പണം ചെലവഴിച്ചതായും പ്രതികൾ പൊലീസിനോട് പറഞ്ഞു. നൗഷാദിനെ കുന്താപുരത്ത് നിന്നും ടോമിയെ കാർവാറിൽ നിന്നുമാണ് പിടികൂടിയത്. മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. മോഷ്ടിച്ച മൊബൈലുകളുമായി കഴിഞ്ഞ ദിവസം ചെർക്കള അറന്തോട് സ്വദേശി മുഹമ്മദ് ഷെരീഫി (40) നെ വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വസ്ത്രാലയത്തിലും മൊബൈല്‍ കടയിലും നടന്ന മോഷണവുമായി ബന്ധപ്പെട്ട് മാവുങ്കാൽ കാട്ടുകുളങ്ങരയിലെ മനു (35), നീലേശ്വരം തൈക്കടപ്പുറത്തെ ഷാനവാസ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നയാ ബസാറിലെ മെജസ്റ്റിക് കമ്യൂണിക്കേഷൻ മൊബൈൽ കട കുത്തിത്തുറന്ന് 10 ലക്ഷം രൂപയുടെ ഫോണുകളും ലാപ്ടോപ്പുകളും ആലാമിപ്പള്ളിയിലെ നീതി മെഡിക്കൽ ഷോപ് കുത്തിത്തുറന്ന് 60,000 രൂപയും കവർന്ന കേസിലാണ് നൗഷാദിനെയും ടോമിയെയും പൊലീസ് അറസ്റ്റ് ചെയ്തത്. ശ്രീകൃഷ്ണ മന്ദിരം റോഡിലെ പോക്സോ കോടതി ജ‍‍ഡ്‍ജിയുടെ വീട് കുത്തിത്തുറന്ന് മോഷണത്തിന് ശ്രമിച്ചതും ഇവരാണെന്ന് പൊലീസ് പറഞ്ഞു. സമീപ ദിവസങ്ങളിൽ നഗരത്തിൽ നടന്ന മോഷണ സംഭവങ്ങളുമായി ബന്ധപ്പെട്ട് മുഴുവൻ പ്രതികളും ഇതോടെ അകത്തായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!