പാർട്ടി രൂപീകരിക്കാൻ ക്രൗഡ് ഫണ്ടിങ്; 6 മുഖ്യമന്ത്രിമാരുടെ ധനസഹായം: പ്രശാന്ത്

പട്ന ∙ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനായി രാജ്യത്തെ ഏറ്റവും വലിയ ‘ക്രൗഡ് ഫണ്ടിങ്’ സംഘടിപ്പിക്കുമെന്നു തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ബിഹാറിലെ 13 കോടി ജനങ്ങളിൽ 2 കോടി ആളുകൾ 100 രൂപ വീതം നൽകിയാൽ 200 കോടി സമാഹരിക്കാനാകും. രാജ്യത്തെ സാധാരണക്കാരിൽനിന്നു ചെറിയ തുക വീതം സമാഹരിക്കുകയെന്നതാണു പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ പാർട്ടി രൂപീകരണത്തിനു മുന്നോടിയായി നടത്തുന്ന ‘ജൻ സുരാജ്’ പ്രചാരണ പരിപാടിക്കു രാജ്യത്തെ ആറു മുഖ്യമന്ത്രിമാർ ധനസഹായം നൽകുന്നുണ്ടെന്നു പ്രശാന്ത് കിഷോർ വെളിപ്പെടുത്തി. തിരഞ്ഞെടുപ്പു തന്ത്രജ്ഞനെന്ന നിലയിൽ നൽകിയ സേവനങ്ങൾക്കുള്ള പ്രത്യുപകാരമായാണു ധനസഹായമെന്നും അദ്ദേഹം അവകാശപ്പെട്ടു.
പ്രശാന്ത് കിഷോർ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഏജന്റാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ സഞ്ജയ് ജയ്സ്വാൾ ആരോപിച്ചു. നിതീഷ് ഉൾപ്പെടെയുള്ള മുഖ്യമന്ത്രിമാരിൽനിന്നു ധനസഹായം സ്വീകരിക്കുന്നതായി പ്രശാന്ത് സമ്മതിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

