യുദ്ധം തുടരുന്നു; രാജ്യത്തെ വിഭജിക്കാനാണ് റഷ്യയുടെ ശ്രമമെന്ന് യുക്രൈന്‍

യുക്രൈന്‍: യുക്രൈനില്‍ റഷ്യയുടെ ആക്രമണം നിര്‍ത്താതെ തുടരുകയാണ്. യുക്രൈന്‍ പ്രസിഡന്‍റുമായുള്ള അഭിമുഖം റിപ്പോര്‍ട്ട് ചെയ്യരുതെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ക്ക് റഷ്യ മുന്നറിയിപ്പ് നല്‍കി. ആക്രമണങ്ങളിലൂടെ റഷ്യ യുക്രൈന്‍ ജനതയില്‍ റഷ്യക്കാര്‍ക്കെതിരെ ആഴത്തിലുള്ള വെറുപ്പ് വിതയ്ക്കുകയാണെന്ന് യുക്രൈന്‍ പ്രസിഡന്‍റ് വ്ളോദിമിര്‍ സെലന്‍സ്കി പറഞ്ഞു.
യുക്രൈനില്‍ റഷ്യയുടെ ആക്രമണം ആരംഭിച്ചിട്ട് ഒരു മാസവും നാല് ദിവസവും പിന്നിടുമ്ബോഴും ആക്രമണത്തില്‍ അയവ് ഇല്ലാതെ തുടരുകയാണ്. ഖാര്‍കീവിലെ ആണവകേന്ദ്രം ലക്ഷ്യമാക്കി റഷ്യ വീണ്ടും ഷെല്ലാക്രമണം നടത്തി. ചെര്‍ണോബില്‍ ആണവ പ്ലാന്‍റിനോട് ചേര്‍ന്ന ഒരു നഗരം കൂടി റഷ്യന്‍ സേന നിയന്ത്രണത്തിലാക്കി. യുക്രൈന്‍ തലസ്ഥാനമായ കിയവ് പിടിച്ചെടുക്കുന്നതില്‍ പരാജയപ്പെട്ടതോടെ രാജ്യത്തെ വിഭജിക്കാനാണ് റഷ്യയുടെ അടുത്ത ശ്രമമെന്ന് യുക്രൈന്‍ സൈനിക ഇന്‍റലിജന്‍സ് മേധാവി കിറിലോ ബുദാനോവ് ആരോപിച്ചു. യുക്രൈനില്‍ മറ്റൊരു ദക്ഷിണ കൊറിയയും ഉത്തരകൊറിയയും സൃഷ്ടിക്കുകയാണ് റഷ്യയുടെ ലക്ഷ്യമെന്നും സൈനിക ഇന്‍റലിജന്‍സ് മേധാവി പറഞ്ഞു. ലിവിവിലെ റഷ്യന്‍ വ്യോമാക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. നിരപരാധികളെ കൊന്നൊടുക്കിയും നഗരങ്ങളെ തരിപ്പണമാക്കിയും നടത്തുന്ന ആക്രമണങ്ങളിലൂടെ റഷ്യ യുക്രൈന്‍ ജനതയില്‍ റഷ്യക്കാര്‍ക്കെതിരെ ആഴത്തിലുള്ള വെറുപ്പ് വിതയ്ക്കുകയാണെന്ന് യുക്രൈന്‍ പ്രസിഡന്‍റ് വ്ളോദിമിര്‍ സെലന്‍സ്കി പറഞ്ഞു. റഷ്യന്‍ ഭാഷ യുക്രൈന്‍കാര്‍ ഉപേക്ഷിക്കുകയാണെന്നും സെലന്‍സ്കി പറഞ്ഞു.
അതിനിടെ റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിനെ വിമര്‍ശിച്ച് യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍ രംഗത്തെത്തി. റഷ്യക്ക് സംഭവിച്ച തന്ത്രപ്രധാനമായ പരാജയമാണ് യുക്രൈന്‍ സംഘര്‍ഷമെന്നും പുടിന് അധികകാലം അധികാരത്തില്‍ തുടരാനാകില്ലെന്നും ബൈഡന്‍ പറഞ്ഞു. റഷ്യയുമായി സമാധാന ഉടമ്ബടി ചര്‍ച്ച ചെയ്യാന്‍ യുക്രൈന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി റഷ്യന്‍ മാധ്യമപ്രവര്‍ത്തകരോട് വീഡിയോ കോളിലൂടെ അറിയിച്ചു. യുക്രൈന്‍ പ്രസിഡന്‍റുമായുള്ള അഭിമുഖം റിപ്പോര്‍ട്ട് ചെയ്യരുതെന്ന് മാധ്യമങ്ങള്‍ക്ക് റഷ്യ മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് 63 ബില്യണ്‍ ഡോളറിന്‍റെ നാശനഷ്ടമുണ്ടായതായി യുക്രൈന്‍ പാര്‍ലമെന്‍റ് ട്വീറ്റ് ചെയ്തു. അവസാനിക്കാതെ തുടരുന്ന റഷ്യന്‍ ആക്രമണം ക്രൂരവും വിവേകശൂന്യവുമാണെന്നും ക്രൂരമായ പ്രവൃത്തികള്‍ ഭാവിയെ നശിപ്പിക്കുമെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞു.

