KSDLIVENEWS

Real news for everyone

പട്ടാപ്പകലിൽ പയ്യന്നൂരിലെ വീട്ടിൽ കവർച്ച: സ്വർണാഭരണം കാഞ്ഞങ്ങാട്ടെ ജ്വല്ലറിയിൽനിന്ന്‌ കണ്ടെത്തി

SHARE THIS ON

പയ്യന്നൂർ: അന്നൂരിൽ കഴിഞ്ഞ ദിവസം പകൽ വീട്ടിൽ അതിക്രമിച്ച് കയറി സ്ത്രീയുടെ കഴുത്തിന് കത്തിവെച്ച് സ്വർണാഭരണങ്ങൾ കവർന്ന സംഭവത്തിലെ ആഭരണങ്ങൾ കാഞ്ഞങ്ങാട്ടെ ജൂവലറിയിൽനിന്ന്‌ പോലീസ് കണ്ടെത്തി. അന്നൂർ കൊരവയലിലെ കുണ്ടത്തിൽ സാവിത്രിയുടെ (66) സ്വർണമാലയും കമ്മലുമാണ് വ്യാഴാഴ്ച രാവിലെ 10.30 ഓടെ കവർച്ചചെയ്തത്. ഈ ആഭരണങ്ങളാണ് പോലീസ് കണ്ടെത്തിയത്. സംഭവത്തിൽ കരിവെള്ളൂർ കൂക്കാനത്തെ മാങ്കുഴിയിൽ ഹൗസിൽ രാജേന്ദ്രനെ (55) മണിക്കൂറുകൾക്കകം പയ്യന്നൂർ എസ്ഐ പി. യദുകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയിരുന്നു.

പ്രദേശത്തെ വീടുകളിലും മറ്റുമുള്ള നിരീക്ഷണ ക്യാമറകൾ പരിശോധിച്ചതിൽനിന്നാണ് പ്രതിയെ പിടികൂടാനായത്. മോഷണശേഷം ഓടി സ്കൂട്ടറുമായി കണ്ടോത്ത് എത്തി. അവിടെനിന്നും കാഞ്ഞങ്ങാട്ടേക്ക് ബസ് കയറി. അവിടെയുള്ള ജൂവലറിയിൽ സ്വർണാഭരണങ്ങൾ മാറ്റി പുതിയത് വാങ്ങി. തൊട്ടടുത്തുള്ള ജൂവലറിയിൽ വില്പന നടത്തി. ഇവിടെ നിന്നും കിട്ടിയ 1,38,000 രൂപയുമായി തിരിച്ച് പയ്യന്നൂർ പെരുമ്പയിലെത്തി. ഇവിടെയുള്ള കടയിൽനിന്നും പുതിയ ഷർട്ട് വാങ്ങി കൈയിലുണ്ടായിരുന്ന പണത്തിൽനിന്നും 4,000 രൂപയെടുത്ത് ബാക്കി ഷർട്ട് വാങ്ങിയ കവറിനകത്തിട്ട് കടയിൽ ഏല്പിച്ചു. കുറച്ച് കഴിഞ്ഞ് കൊണ്ടുപോകാമെന്ന് പറഞ്ഞ് പുറത്തിറങ്ങുകയായിരുന്നു. അപ്പോഴാണ് പോലീസ് പ്രതിയെ പിടികൂടിയത്. നൗഫൽ അഞ്ചില്ലത്ത്, എ.ജി. അബ്ദുൾ ജബ്ബാർ, പ്രമോദ് കടമ്പേരി, ജിജു ജേക്കബ്, കെ.വി. മനോജൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!