ഞങ്ങൾക്കും ജീവിക്കണ്ടെ സാറേ………..മോഷ്ടാക്കളുടെ സങ്കടം കേട്ട് പോലീസ് അമ്പരന്നു,
ഇന്നലെ നഗരത്തിലെ കവർച്ച റിപ്പോർട്ട് ചെയ്ത കേസിലെ പ്രതികളാണിവർ

കാസർകോട്: ഇന്നലെ നഗരത്തീലെ മൊബൈൽ ഷോപ് കവർച്ച ചെയ്ത കേസിലെ പ്രതികളുടെ സങ്കടം കേട്ട് പോലീസ് പോലും അമ്പരന്നു. ” ലോക് ഡൗൺ ആയത് കൊണ്ട് ഞങ്ങൾ വളരെ ബുദ്ധിമുട്ടിലായിരുന്നു, പോലീസ് തലങ്ങും വിലങ്ങും കറങ്ങിയത് കാരണം തങ്ങൾക്ക് കവർച്ച നടത്താൻ കഴിഞ്ഞില്ല, നാല് മാസം മുഴു പട്ടിണിയിലായിരുന്നു’ മോഷ്ടാക്കളായ ഞങ്ങൾക്കും ജീവിക്കേണ്ടേ സാറേ…. ” കവർച്ചാ കേസിൽ അറസ്റ്റിലായ മോഷ്ടാവിൻ്റെ സങ്കടം കേട്ട് പോലീസ് അമ്പരന്നു. സൗകര്യം ഒത്തുവന്നപ്പോഴാണ് തങ്ങൾ പണിക്കിറങ്ങിയതെന്നും മോഷ്ടാവായ ഷൈജു പോലീസിനോട് പറഞ്ഞു.
നിരവധി മോഷണക്കേസിൽ പ്രതിയായ കോഴിക്കോട് തൊട്ടിപ്പാറയിലെ ഷൈജു എന്ന ഷിജു (42), കൂട്ടുപ്രതി മൂവാറ്റുപുഴയിലെ ശാഹുൽ ഹമീദ് (23) എന്നിവരെ കാസർകോട് ടൗൺ പോലീസാണ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത്. സംഘത്തിലെ രണ്ടു പേർ പോലീസിന് പിടികൊടുക്കാതെ ഓടി രക്ഷപ്പെട്ടു.
ഇവർ കവർച്ച ചെയ്ത തൊണ്ടിമുതലായ ആറ് മൊബൈൽഫോണുകളും 54,400 രൂപയും ഉർപ്പെടെ കണ്ടെടുത്തിട്ടുണ്ട്. സംഘത്തിലെ പ്രധാനിയായ ഉപ്പളയിലെ റൗഫിനെയും മറ്റൊരാളെയും കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കാസർകോട് മല്ലികാർജുന ക്ഷേത്രത്തിനടുത്തെ പെട്ടിക്കട പൊളിച്ചത് കണ്ട് സംശയം തോന്നിയ ക്ഷേത്ര സെക്യൂരിറ്റി ജീവനക്കാരൻ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കാസർകോട് ജനാർദ്ദന ആശുപത്രിക്ക് സമീപത്തെ മൊബൈൽ കടയിൽ ഇവർ മോഷ്ടിക്കുന്നത് കണ്ടെത്തുകയും ബൈക്കിൽ രക്ഷപെടാൻ ശ്രമിക്കവേ ഷൈജുവിനെയും ഷാഹുൽ ഹമീദിനെയും പോലീസ് പിടികൂടുകയുമായിരുന്നു.
SUPPORT KASARGODVARTHA
ഇതേ ദിവസം തന്നെ മേൽപ്പറമ്പിലെയും ചട്ടഞ്ചാലിലെയും ഏതാനും കടകളിലും കുമ്പളയിലെ തുണി കടവിൽ കവർച്ച നടത്തുകയും ഇവിടെ നിന്ന് ഒരു ബൈക്ക് മോഷ്ടിച്ചതായും മൊഴി നൽകിയിട്ടുണ്ട്. ഇവരുടെ പകൽ നിന്നും കെ എൽ14 എൻ 1905 ബൈക്ക് പിടികൂടിയിരുന്നു. ഇതും മോഷ്ടിച്ചതാണോയെന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. ഇത് കൂടാതെ നഗരത്തിലെ രണ്ട് ബൈക്ക് കവർച്ച ചെയ്യാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ബൈക്കിൻ്റെ വയറുകളും മറ്റും ഊരിമാറ്റിയിരുന്നു.
ഷൈജു നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് കാസർകോട്ടെ അബ്ദുൽ അൻവർ എന്നയാളുടെ വൺ ട്യൂൺസ് മൊബൈൽ കടയിൽ നിന്ന് ഒരു ലക്ഷം രൂപയും നിരവധി മൊബൈൽ ഫോണും നഷ്ടപ്പെട്ടതായും മല്ലികാർജുന ക്ഷേത്രത്തിന് സമീപത്തെ ഗണേഷിന്റെ പെട്ടിക്കടയിൽ നിന്നും നിരവധി സാധനങ്ങൾ കവർന്നതായും പൊലീസിൽ പരാതി ലഭിച്ചിട്ടുണ്ട്.
ഇതിൻ്റെ ഭാഗമായി നടന്ന തിരച്ചിലിലാണ് ആറ് മൊബൈലും അര ലക്ഷത്തിലധികം രൂപയും പ്രതികളിൽ നിന്നും കണ്ടെടുത്തത്. ബാക്കി പണവും മൊബൈലും രക്ഷപ്പെട്ട റൗഫിൻ്റെയും കൂട്ടുപ്രതിയുടെയും കൈയ്യിലാണെന്നാണ് പോലീസ് പറയുന്നത്.