പുകില് പിടിച്ച കേന്ദ്രത്തിന്റെ ആരോഗ്യ കാർഡ്
ലൈംഗിക താത്പര്യവും രാഷ്ട്രീയവും രേഖപ്പെടുത്തണം;

ന്യൂഡല്‍ഹി | പൗരന്മാര്‍ക്കായി കേന്ദ്ര ഗവണ്‍മെന്റ് പുറത്തിറക്കുന്ന ആരോഗ്യ കാര്‍ഡ് വിവാദത്തില്‍. വ്യക്തികളുടെ ജാതിയും രാഷ്ട്രീയവും ലൈംഗിക താത്പര്യവും ഉള്‍പ്പെടെ വിവരങ്ങള്‍ ആരോഗ്യകാര്‍ഡിനായി ശേഖരിക്കാന്‍ നിര്‍ദേശിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്ന്. ഇതോടൊപ്പം, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങളും അറിയിക്കണം. ആരോഗ്യകാര്‍ഡിന്റെ കരടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ഇതുസംബന്ധിച്ച് അടുത്ത മാസം മൂന്ന് വരെ പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ അറിയിക്കാം.
ആരോഗ്യമേഖലയിലെ വിപ്ലവമെന്ന് കൊട്ടിഘോഷിച്ച് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് ആരോഗ്യകാര്‍ഡ് പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ഒരു പൗരന്റെ എല്ലാ മെഡിക്കല്‍ വിവരങ്ങളും രോഗചരിത്രവും ഉള്‍ക്കൊള്ളുന്നതാണ് കാര്‍ഡ്. രോഗവിവരങ്ങളും കഴിക്കുന്ന മരുന്നുകളുടെ വിവരങ്ങളും ലാബ് പരിശോധന റിപ്പോര്‍ട്ടുകളും ഇതിലേക്ക് ചേര്‍ക്കും. ഈ വിവരങ്ങള്‍ക്ക് ഒപ്പമാണ് പൗരന്റെ സ്വകാര്യതകളെ ലംഘിക്കുന്ന തരത്തിലുള്ള വിവര ശേഖരണത്തിന് കൂടി ശുപാര്‍ശയുള്ളത്.
എന്നാല്‍ ഈ വിവരങ്ങള്‍ നല്‍കാതിരിക്കാന്‍ വ്യക്തികള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും കരടില്‍ വ്യക്തമാക്കുന്നുണ്ട്. താത്പര്യമില്ലെങ്കില്‍ ഹെല്‍ത്ത് ഐ.ഡി. കാര്‍ഡ് വേണ്ടെന്നു വെക്കാന്‍ വ്യക്തികള്‍ക്ക് അവകാശമുണ്ടെന്നും കരടില്‍ പറയുന്നു.
ആരോഗ്യ ഐഡിയുടെ ഡേറ്റാ സുരക്ഷ സംബന്ധിച്ച് കരട് നയം ദേശീയ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍ പുറത്തിറക്കിയയിട്ടുണ്ട്. ഇതില്‍ സെപ്റ്റംബര്‍ മൂന്നുവരെ ജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താം. ആരോഗ്യ ഐഡിക്കായി നല്‍കുന്ന വിവരങ്ങളുടെ നിയന്ത്രണാധികാരം വ്യക്തികള്‍ക്കായിരിക്കുമെന്ന് കരട് നയത്തില്‍ പറയുന്നുണ്ടെങ്കിലും ഇത് എത്രമാത്രം വിശ്വസിക്കാം എന്നതില്‍ ആശങ്കയുണ്ട്.