KSDLIVENEWS

Real news for everyone

യു എ ഇയിലെത്തിയ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഒരാള്‍ക്കും, സ്റ്റാഫിനും കോവിഡ് സ്ഥിരീകരിച്ചു ; ക്വാറന്റൈന്‍ കാലാവധി നീട്ടാന്‍ തീരുമാനം

SHARE THIS ON

ന്യൂഡെല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13-ാം സീസണിനായി യുഎഇയിലെത്തിയ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരങ്ങളില്‍ ഒരാള്‍ക്കും സ്റ്റാഫ് അംഗങ്ങളില്‍ ചിലര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചു. മൊത്തം 12 ഓളം ആളുകള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ത്യയുടെ സമീപകാല മത്സരങ്ങളില്‍ കളത്തിലിറങ്ങിയ യുവ ബോളര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. താരത്തിനു പുറമെ സ്റ്റാഫ് അംഗങ്ങളില്‍ ചിലര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതോടെ ക്വാറന്റൈന്‍ കാലാവധി നീട്ടാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് തീരുമാനിച്ചു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യുഎഇയിലേക്ക് മാറ്റിയ ഐപിഎല്ലിനായി ചെന്നൈ താരങ്ങള്‍ ആഗസ്ത് 21 നാണ് യുഎഇയിലെത്തിയത്. ആറുദിവസത്തെ ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞ് പ്രാക്ടീസ് ചെയ്യാനായിരുന്നു തീരുമാനം. ഇതിനിടെയാണ് താരത്തിനും സ്റ്റാഫ് അംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിക്കുന്നത്. അടുത്ത മാസം 19 മുതല്‍ നവംബര്‍ 30 വരെയാണ് ഇത്തവണ ഐ പി എല്‍ അരങ്ങേറുക. എന്നാല്‍ ബി സി സി ഐ കളിയുടെ പട്ടിക ഇപ്പോഴും പുറത്തുവിട്ടിട്ടില്ല.

യുഎഇയിലെത്തിയ ശേഷം ഒന്നാം ദിനവും മൂന്നാം ദിനവും ആറാം ദിനവുമായി മൂന്നു ഘട്ടങ്ങളിലായാണ് ചെന്നൈ താരങ്ങള്‍ക്ക് കോവിഡ് പരിശോധന നടത്തിയത്. ഇന്ത്യയില്‍നിന്ന് ഇവിടേക്ക് യാത്ര തിരിക്കും മുന്‍പും കോവിഡ് പരിശോധന നടത്തിയിരുന്നു. യുഎഇയിലെത്തിയ ശേഷമുള്ള പരിശോധനകളില്‍ ഒന്നിനാണ് ഇന്ത്യന്‍ താരത്തിനും സ്റ്റാഫ് അംഗങ്ങളില്‍ ചിലര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്. ചെന്നൈയില്‍ നിന്നുള്ള ചാര്‍ട്ടേഡ് വിമാനത്തില്‍ ക്യാപ്റ്റന്‍ എം എസ് ധോണി ഉള്‍പ്പെടെയുള്ളവര്‍ ഒരുമിച്ചാണ് യുഎഇയിലെത്തിയത്.

‘അതെ, ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിലെ ഒരു വലംകയ്യന്‍ മീഡിയം പേസ് ബോളര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം അടുത്തിടെ ഇന്ത്യയ്ക്കായി കളിച്ചിരുന്നു. ഏതാനും സ്റ്റാഫ് അംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്’ ഐപിഎല്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞ രണ്ട് പേസ് ബോളര്‍മാരാണുള്ളത്; ഷാര്‍ദുല്‍ താക്കൂറും ദീപക് ചാഹറും. ഇവരില്‍ ഒരാള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്നാണ് വിവരം.

‘സിഎസ്‌കെ മാനേജ്‌മെന്റിന്റെ ഭാഗമായിട്ടുള്ള മുതിര്‍ന്ന വ്യക്തിക്കും അദ്ദേഹത്തിന്റെ ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചതായാണ് വിവരം. അവരുടെ സോഷ്യല്‍ മീഡിയ ടീമിലെ കുറഞ്ഞത് രണ്ടു പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു’ ഐപിഎല്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!