ജെഇഇ, നീറ്റ് വിദ്യാര്‍ഥികളുടെ ആശങ്ക കേന്ദ്രം മുഖ വിലക്ക് എടുക്കണമെന്ന്
സോണിയ ഗാന്ധി
കൊവിഡ് പ്രതിസന്ധിക്കിടെ നീറ്റ്, ജെഇഇ പരീക്ഷ നടത്തുന്നതില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി. വിദ്യാര്‍ഥികളുടെ ആശങ്ക കേന്ദ്രം മുഖവിലക്ക് എടുക്കണമെന്നും സോണിയ വീഡിയോ സന്ദേശത്തില്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്തുകൊണ്ടാണ് സന്ദേശം.
“വിദ്യാര്‍ഥികളെ, നിങ്ങള്‍ ബുദ്ധിമുട്ടേറിയ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. പരീക്ഷ എപ്പോള്‍, എവിടെവെച്ച് നടക്കണം എന്നതെല്ലാം നിങ്ങളെ പോലെ നിങ്ങളുടെ കുടുംബത്തിനും പ്രധാനമാണ്. ഇന്ത്യയുടെ ഭാവി നിങ്ങളാണ്. മെച്ചപ്പെട്ട രാജ്യം കെട്ടിപ്പടുക്കുന്നതിന് നിങ്ങള്‍ അനിവാര്യമാണ്. അതുകൊണ്ട് തന്നെ നിങ്ങളുടെ ഭാവി സംബന്ധിച്ച് എന്ത് തീരുമാനം എടുക്കുമ്പോഴും നിങ്ങളുടെ കൂടി സമ്മതത്തോടെ ആകണം അത്. സര്‍ക്കാര്‍ നിങ്ങളെ ശ്രദ്ധിക്കുമെന്ന് ഞാന്‍ കരുതുന്നു” – സോണിയ വ്യക്തമാക്കി.
കൊവിഡിനിടെ നീറ്റ് പരീക്ഷ നടത്തുന്നതിനെ വിമര്‍ശിച്ച് രാഹുലും നേരത്തെ രംഗത്ത് വന്നിരുന്നു. പരീക്ഷയുടെ കാര്യത്തില്‍ സര്‍ക്കാര്‍ സമവായത്തിന് തയ്യാറാകണം എന്നായിരുന്നു രാഹുലിന്റെ പ്രസ്താവന.