കള്ളം പൊളിഞ്ഞു; പരിശോധനാ റിപ്പോർട്ടില്ലാതെ പേവിഷ വാക്സീൻ വാങ്ങിയത് സർക്കാർ അറിഞ്ഞ്

കോഴിക്കോട് ∙ കേന്ദ്ര മരുന്നു ലാബിന്റെ (സിഡിഎൽ) പരിശോധനാ റിപ്പോർട്ട് ഇല്ലാതെ സംസ്ഥാനത്ത് പേവിഷ വാക്സീൻ എത്തിച്ചത് ആരോഗ്യമന്ത്രിയുടെയും സർക്കാരിന്റെയും അറിവോടെ. വാക്സീൻ എത്തിക്കുന്നതിനു മുൻപ് ജൂലൈ 15ന് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ചേംബറിൽ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്‌സിഎൽ) അധികൃതർ യോഗം ചേർന്ന് ഇക്കാര്യം ചർച്ച ചെയ്തിരുന്നു.
സിഡിഎൽ റിപ്പോർട്ട് ഇല്ലാതെ വാക്സീൻ എത്തിക്കേണ്ടി വരുമെന്നു ജൂലൈ 12നു സർക്കാരിനെ ധരിപ്പിച്ചിരുന്നുവെന്നും വിവരാവകാശ നിയമപ്രകാരം കെഎംഎസ്‌സിഎലിൽനിന്നു ‘മനോരമ’യ്ക്കു ലഭിച്ച രേഖകൾ വ്യക്തമാക്കുന്നു. നിലവാര പരിശോധനയില്ലാതെ വാക്സീൻ എത്തിച്ചിട്ടില്ലെന്നു മന്ത്രിയും ആരോഗ്യവകുപ്പും നിയമസഭയിൽ ഉൾപ്പെടെ അവകാശപ്പെട്ടതിനു വിരുദ്ധമാണ് ഈ രേഖകൾ.
സംസ്ഥാനത്ത് പേവിഷ വാക്സീന് ആവശ്യം കൂടുകയാണെന്നും സ്റ്റോക്ക് മതിയാകില്ലെന്നും ജൂലൈ 11നും 15നും കെഎംഎസ്‌സിഎൽ തയാറാക്കിയ ‘കുറിപ്പ് ഫയലു’കളിൽ പറയുന്നു. ജൂൺ 6ന് ആണ് 2022–23ലേക്കുള്ള ഓർഡർ നൽകിയത്. സർട്ടിഫിക്കറ്റോടെ വാക്സീൻ ലഭ്യമാകാൻ 90 ദിവസമെടുക്കും. 30,000 വയ്ൽ വാക്സീൻ നിർമാണം പൂർത്തിയാക്കിയിട്ടുണ്ടെന്നും അതിന് സിഡിഎൽ സർട്ടിഫിക്കറ്റ് ലഭ്യമായിട്ടില്ലെന്നും കമ്പനി അറിയിച്ചു.

