നിരോധനത്തില്‍ ബാലന്‍സ് വേണമെന്ന് എം.കെ. മുനീര്‍; ഫലവത്തായേക്കില്ലെന്ന് എം.എന്‍ കാരശ്ശേരി

കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് സമൂഹത്തിനോ സമുദായത്തിനോ ഗുണകരമല്ലെന്നും പോപ്പുലര്‍ ഫ്രണ്ടും ആര്‍.എസ്.എസും ഒരേ സ്വഭാവമുള്ള സംഘടനകളാണെന്നും ലീഗ് നേതാവ് എം.കെ. മുനീര്‍. നിരോധനത്തില്‍ ബാലന്‍സ് വേണം. നിരോധിച്ചതിന്റെ ഗുണം സമൂഹത്തിന് കിട്ടണമെന്നും മുനീര്‍ പറഞ്ഞു.
ആശയത്തെ ആണ് ഇല്ലാതെയാക്കേണ്ടത്. ഹര്‍ത്താലിലെ ഒറ്റ ദിവസം കൊണ്ട് അവരുടെ സ്വഭാവം പുറത്തുവന്നു. സി.പി.എം എസ്.ഡി.പി.ഐയെ ഉപയോഗിച്ചിട്ടുണ്ട്. കോടിയേരി ബാലകൃഷ്ണനെ വിജയിപ്പിക്കണമെന്ന് തേജസില്‍ പരസ്യം വന്നു. എസ്.ഡി.പി.ഐയ്ക്ക് സമുദായത്തിന്റെ അട്ടിപ്പേറാവകാശമില്ല എന്ന് പിണറായി പറയുന്നത് കേള്‍ക്കാനാണ് കാത്തിരിക്കുന്നതെന്നും മുനീര്‍ പറഞ്ഞു.
നിരോധനം ഫലവത്തായേക്കില്ല- എം.എന്‍ കാരശ്ശേരി
പി.എഫ്.ഐ എന്ന സംഘടനയും അവരുടെ ആശയങ്ങളും പ്രവര്‍ത്തികളുമായി ഒരിക്കലും യോജിക്കാന്‍ കഴിയില്ലെന്ന് എം.എന്‍ കാരശ്ശേരി. പക്ഷെ, അതിന്റെ പേരില്‍ ഒരു സംഘടനയെ നിരോധിക്കുന്നത് ജനാധിപത്യപരമല്ല. ജനാധിപത്യത്തില്‍ ആശയങ്ങളെ നേരിടേണ്ടത് ആയുധം കൊണ്ടും അധികാരം കൊണ്ടുമല്ല. നിരോധിക്കപ്പെട്ട ഒരു സംഘടനയുടെ നേതാക്കളാണ് പി.എഫ്.ഐയിലെ എനിക്കറിയാവുന്ന നേതാക്കള്‍. നാളെ വേറെ കൊടി, വേറെ മുദ്രാവാക്യം, വേറെ ഓഫീസ് എന്നിവ ഉണ്ടാവാം. അവരുടെ അക്രമങ്ങളെ നിയമം കൊണ്ടും ആശയം കൊണ്ടുമാണ് നേരിടേണ്ടത്. അല്ലാതെ നിരോധനം ഫലവത്തായേക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

