KSDLIVENEWS

Real news for everyone

പ്രായപൂർത്തിയാകാത്ത മക്കൾക്ക് സ്കൂട്ടർ ഓടിക്കാൻ നൽകി; 3 അമ്മമാർക്കെതിരെ കേസ്: വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു

SHARE THIS ON

പൊയ്നാച്ചി: പ്രായപൂർത്തിയാകാത്ത മക്കൾക്ക് സ്കൂട്ടർ ഓടിക്കാൻ നൽകിയതിനു ബേക്കൽ, മേൽപറമ്പ് പൊലീസ് സ്റ്റേഷനുകളിലായി 3 അമ്മമാർക്കെതിരെ പൊലീസ് കേസെടുത്തു. സ്കൂട്ടറുകളും കസ്റ്റഡിയിലെടുത്തു. മേൽപറമ്പ് എസ്ഐ ടി.അഖിലിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ബെണ്ടിച്ചാലിൽ 15 വയസ്സുകാരനായ വിദ്യാർഥി സ്കൂട്ടറുമായി എത്തിയത്. പരിശോധനയ്ക്കിടെ പൊലീസ് സ്കൂട്ടർ ഓടിച്ചയാളുടെ ലൈസൻസ് ആവശ്യപ്പെട്ടപ്പോൾ ഇല്ലെന്ന മറുപടിയാണ് നൽകിയത്. തുടർന്ന് കുട്ടിക്ക് 15 വയസ്സാണെന്ന് തിരിച്ചറിഞ്ഞു. സ്കൂട്ടർ ഓടിക്കാൻ ആരാണ് തന്നതെന്നു പൊലീസ് ചോദിച്ചപ്പോൾ അമ്മയാണെന്നാണ് കുട്ടി പൊലീസിനു മൊഴി നൽകിയത്. തുടർന്നാണു കുട്ടിയുടെ അമ്മ, ബെണ്ടിച്ചാൽ സ്വദേശിനിക്കെതിരെ പൊലീസ് കേസെടുത്തത്. 

ബേക്കൽ എസ്ഐ യു.റോഷിത്തിന്റെ നേതൃത്വത്തിൽ വാഹന പരിശോധനയ്ക്കിടെയാണ് തിരുവാക്കോളി ജുമാമസ്ജിദ്, മൗവ്വൽ എന്നിവിടങ്ങളിൽ നിന്നു 17 വയസ്സുകാരായ 2 പേരെ സ്കൂട്ടർ ഓടിക്കുന്നതിനിടെ പിടികൂടിയത്. പൊടിപ്പള്ളം ഭാഗത്തുനിന്നു പാലക്കുന്ന് ഭാഗത്തേക്കു പോകുന്നതിനിടെയാണ് ഒരാളെ പിടികൂടിയത്. സംഭവത്തിൽ കുട്ടിയുടെ മാതാവായ ബേക്കൽ കണ്ണംകുളം സ്വദേശിനിക്കെതിരെ കേസെടുത്തു. മൗവ്വലിൽനിന്നു പിടികൂടിയ സ്കൂട്ടർ ഓടിച്ച കുട്ടിയുടെ മാതാവായ പെരിയ ബസാറിലെ യുവതിക്കെതിരെയും കേസെടുത്തു. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകുന്നതിനെതിരെ ബോധവൽക്കരണം നടക്കുമ്പോഴാണ് ഇത്തരം കേസുകൾ വർധിക്കുന്നത്. കുട്ടികൾ വാഹനം ഓടിക്കുമ്പോൾ പരിശോധനയ്ക്കിടെ പിടികൂടിയാൽ കാൽലക്ഷം രൂപയാണ് പിഴയായി ഈടാക്കുന്നത്.

error: Content is protected !!