KSDLIVENEWS

Real news for everyone

എഫ്ബി കമന്റ് ബോക്‌സ് തുറക്കാതെ ആലപ്പുഴ കലക്ടര്‍; ജനാധിപത്യ വിരുദ്ധമെന്ന് വിമര്‍ശനം

SHARE THIS ON

ആലപ്പുഴ: ശ്രീറാം വെങ്കിട്ടരാമന്‍ കലക്ടറായി ചുമതലയേറ്റ് രണ്ടു ദിവസം പിന്നിടുമ്ബോഴും കലക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ കമന്റ് ബോക്‌സ് ഇനിയും ആക്ടിവേറ്റാക്കിയില്ല. ശ്രീറാമിനെ കലക്ടറായി നിയമിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തുവന്നത് മുതല്‍ ആലപ്പുഴ ജില്ലാ കലക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്.

ഈ സമയം ശ്രീറാമിന്റെ ഭാര്യ ഡോ. രേണുരാജ് ആയിരുന്നു കലക്ടര്‍. വിമര്‍ശനം രൂക്ഷമായതോടെയാണ് കലക്ടര്‍ ഫേസ്ബുക്കിലെ കമന്റ് ബോക്‌സ് പൂട്ടിയത്. പിന്നീട് ഇടക്ക് രണ്ടു തവണ തുറന്നപ്പോഴും സ്ഥിതി സമാനമായിരുന്നു.

ഒടുവില്‍ ബുധനാഴ്ച ഉച്ചയോടെ ഫേസ്ബുക്കിലെ പ്രൊഫൈല്‍ ചിത്രം ശ്രീറാമിന്റേതാക്കാനായി പേജ് തുറന്നപ്പോഴും വിമര്‍ശനത്തിന് ഒരു കുറവുമുണ്ടായിരുന്നില്ല. ഇതിന് പിന്നാലെയാണ് കമന്റുകളെല്ലാം നീക്കം ചെയ്ത് കമന്റ് ബോക്‌സ് പൂട്ടിയത്.

ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ കമന്റ് ബോക്‌സ് പൂട്ടിയിടുന്നതിനെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്. വിവിധ വിഷയങ്ങള്‍ കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ സാധാരണക്കാര്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഉപയോഗിക്കാറുണ്ട്. കലക്ടര്‍ വ്യക്തിപരമായ കാരണങ്ങളാല്‍ ഔദ്യോഗിക പേജിന്റെ കമന്റ് ബോക്‌സ് പൂട്ടിയിടുന്നത് ജനാധിപത്യ വിരുദ്ധമാണെന്നാണ് വിമര്‍ശനം.

വന്‍ പൊലീസ് സംരക്ഷണത്തിലാണ് ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിക്കുന്നത്. ഇന്ന് വിവിധ സ്ഥലങ്ങളില്‍വെച്ച്‌ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രീറാമിനെ കരിങ്കൊടി കാണിച്ചു. കോണ്‍ഗ്രസും മുസ്‌ലിം ലീഗും ശ്രീറാം വെങ്കിട്ടരാമനെ ബഹിഷ്‌കരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!