മുൻ മിസ് ആന്ധ്രയുടെ ആത്മഹത്യ: കാമുകൻ അറസ്റ്റിൽ; നിർണായക വിവരങ്ങൾ ഡയറിയിൽനിന്ന്

ബെംഗളൂരു ∙ മുൻ മിസ് ആന്ധ്രയും മോഡലുമായ വിദ്യശ്രീയുടെ ആത്മഹത്യയിൽ, പ്രേരണാക്കുറ്റത്തിന് കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 21നാണ് വിദ്യശ്രീ (25) ചിക്കബനവറിനടുത്തുള്ള കെംപപുരയിലെ വീട്ടിൽ തൂങ്ങിമരിച്ചത്. അമ്മ ത്രിവേണിക്കും ഇളയ സഹോദരൻ മനോജിനുമൊപ്പമായിരുന്നു വിദ്യശ്രീ താമസിച്ചിരുന്നത്. പിതാവ് ആറ് വർഷം മുൻപ് മരിച്ചിരുന്നു. തിരച്ചിൽ എംസിഎ ബിരുദക്കാരിയായ വിദ്യശ്രീ മോഡലിങ്ങിനു പുറമെ അമേരിക്കൻ ബഹുരാഷ്ട്ര കമ്പനിയായ ബ്ലൂ യോണ്ടറിലെ ജീവനക്കാരി കൂടിയായിരുന്നു. ബസവേശ്വര നഗറിലെ ജിംനേഷ്യത്തിൽ പരിശീലകനായ അക്ഷയിനെ 2021ലാണ് വിദ്യശ്രീ പരിചയപ്പെടുന്നത്. ഫെയ്സ്ബുക് വഴിയുള്ള പരിചയം പിന്നീട് പ്രണയമായി വളർന്നു. മാണ്ഡ്യ സ്വദേശിയായ അക്ഷയ് തന്റെ മാതാപിതാക്കളോടൊപ്പം കെങ്കേരിയിലേക്ക് മാറിയതാണ്. കൂടുതൽ അടുത്തതോടെ ഡേറ്റിങ് ആരംഭിച്ച കമിതാക്കൾ പലപ്പോഴായി വിനോദയാത്ര പോയിരുന്നു. കല്യാണം കഴിക്കാമെന്ന് ഇരുവരും ധാരണയിലെത്തി. ഇതിനിടെ വിദ്യശ്രീയിൽനിന്നും അക്ഷയ് പണം കടം വാങ്ങുകയും ചെയ്തു. മൂന്ന് മാസം മുൻപ് അക്ഷയ് വിദ്യശ്രീയെ മനഃപൂർവം ഒഴിവാക്കാൻ ആരംഭിച്ചു. അവള് മരിച്ചാലും തനിക്കൊന്നുമില്ലെന്ന് പറയുകയും ഫോൺ കോളുകൾക്കും സന്ദേശങ്ങൾക്കും മറുപടി നൽകാതിരിക്കുകയും ചെയ്തു. ഇരുവർക്കുമിടയിൽ അഭിപ്രായ വ്യത്യാസം ആരംഭിച്ചത് വിദ്യശ്രീ പണം തിരികെ ചോദിച്ചതോടെയാണെന്ന് പൊലീസ് പറയുന്നു. പലതവണ പണം തിരികെ ആവശ്യപ്പെട്ടതോടെ സ്വകാര്യ ചിത്രങ്ങൾ പുറത്താക്കുമെന്ന് അക്ഷയ് ഭീഷണിപ്പെടുത്തി. വിദ്യശ്രീക്ക് അക്ഷയുമായുള്ള അടുപ്പം വീട്ടുകാർക്ക് അറിയാമായിരുന്നെങ്കിലും ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്താണെന്ന് അവർക്ക് ധാരണയുണ്ടായിരുന്നില്ല. വിദ്യശ്രീ സ്ഥിരമായി എഴുതിയിരുന്ന ഡയറിയിൽനിന്നാണ് കുടുംബത്തിന് കൂടുതൽ വിവരങ്ങൾ കിട്ടിയത്. അക്ഷയ് ആണ് തന്റെ മരണത്തിന് ഉത്തരവാദിയെന്ന് വിദ്യശ്രീ ഡയറിയിൽ കുറിച്ചിരുന്നു. 1.76 ലക്ഷം രൂപ തന്നിൽനിന്ന് അക്ഷയ് വാങ്ങിയെന്നും വിദ്യശ്രീ എഴുതിയിരുന്നു. പണം തിരികെ ചോദിച്ചപ്പോൾ ഫോൺ ഓഫ് ചെയ്തുവച്ചു. താൻ ഏറെ വിഷാദത്തിലാണെന്നും ജീവിക്കേണ്ടെന്നും ഡയറിക്കുറിപ്പിൽ പറയുന്നു. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതിനു പിന്നാലെ കുടുംബം ബുധനാഴ്ച പൊലീസിൽ പരാതി നൽകി. വ്യാഴാഴ്ചയാണ് അക്ഷയ് പൊലീസ് കസ്റ്റഡിയിലായത്.

