KSDLIVENEWS

Real news for everyone

കോവിഡ് പ്രതിരോധം സംസ്ഥാനത്തിനും, മഞ്ചേരി മെഡിക്കല്‍ കോളേജിനും അഭിമാനം ;
കോവിഡിനെ അതിജീവിച്ച്‌ 110 വയസ്കാരി ;

SHARE THIS ON

മഞ്ചേരി : കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ സംസ്ഥാനത്തിന് ഒരഭിമാന നിമിഷം കൂടി. കോവിഡ് ബാധിച്ച്‌ മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വിദഗ്ധ ചികിത്സയിലായിരുന്ന 110 വയസുകാരി കോവിഡ് മുക്തയായി. രണ്ടത്താണി വാരിയത്ത് പാത്തുവാണ് കോവിഡിനെ അതിജീവിച്ച്‌ ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയത്. സംസ്ഥാനത്ത് കോവിഡില്‍ നിന്ന് മുക്തി നേടിയ ഏറ്റവും പ്രായംകൂടിയ വ്യക്തിയാണ് ഇവര്‍.
പ്രായം തടസമാകാതെ വിദഗ്ധ ചികിത്സ നല്‍കി കോവിഡിന്റെ പിടിയില്‍ നിന്നും 110 വയസുകാരിയെ രക്ഷിച്ചത് അഭിമാനകരമായ കാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ നിന്നും 105 വയസുകാരി അഞ്ചല്‍ സ്വദേശിനി അസ്മ ബീവി, എറണാകുളം കളമശേരി മെഡിക്കല്‍ കോളേജില്‍ നിന്നും 103 വയസുകാരന്‍ ആലുവ മാറമ്ബള്ളി സ്വദേശി പരീദ് എന്നിവര്‍ അടുത്തിടെ കോവിഡ് മുക്തി നേടിയിരുന്നു.
ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ മെഡിക്കല്‍ കോളേജിലെ എല്ലാവരേയും അഭിനന്ദിക്കുന്നതായും മന്ത്രി വ്യക്തമാക്കി.
ഓഗസ്റ്റ് 18നാണ് പാത്തുവിന് രോഗം സ്ഥിരീകരിച്ചത്. മകളില്‍ നിന്ന് സമ്ബര്‍ക്കത്തിലൂടെയാണ് പാത്തു രോഗബാധിതയായത്. നേരിയ രോഗലക്ഷണങ്ങള്‍ മാത്രമാണ് ഇവര്‍ക്ക് ഉണ്ടായിരുന്നത്. പരിഭ്രമങ്ങളില്ലാതെ ശാന്തമായാണ് ഇവര്‍ ചികിത്സയോട് പ്രതികരിച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
രോഗമുക്തി നേടി പൂര്‍ണ ആരോഗ്യവതിയായി തിരിച്ചു വന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് പാത്തുവിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു. മികച്ച പരിചരണം നല്‍കിയ ആശുപത്രി ജീവനക്കാര്‍ക്കും സര്‍ക്കാരിനും ആരോഗ്യവകുപ്പിനും അവര്‍ നന്ദി രേഖപ്പെടുത്തി. ഇനി 14 ദിവസം കൂടി പാത്തു വീട്ടില്‍ നിരീക്ഷണത്തില്‍ തുടരും.
കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ. പി ഷിനാസ് ബാബു, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അഫ്‌സല്‍, ആര്‍എംഒമാരായ ഡോ. ജലീല്‍, ഡോ. സഹീര്‍ നെല്ലിപ്പറമ്ബന്‍ എന്നിവര്‍ ചേര്‍ന്നാണ് പാത്തുവിനെ യാത്രയാക്കിയത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!