സരള്‍ ബില്‍’ സഭയില്‍ പാസായി, കരാള ബില്ലെന്ന് ജി. സുധാകരന്, പിന്തുണച്ച് പിണറായി, പ്രതിപക്ഷം സഭ വിട്ടിറങ്ങി

തിരുവനന്തപുരം: കേരളത്തില്‍ വ്യവസായങ്ങള്‍ക്കുള്ള ലൈസന്‍സുകള്‍ വേഗത്തില്‍ ആക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന സരള്‍ ബിൽ പ്രതിപക്ഷ എതിര്‍പ്പിനിടെ സഭ പാസാക്കി. ബില്ലില്‍ പ്രതിഷേധം രേഖപ്പെടുത്തിയ പ്രതിപക്ഷം സഭ വിട്ട് ഇടങ്ങുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. അതേസമയം ബിൽ സംബന്ധിച്ച് ഭരണപക്ഷത്തും ഭിന്നതയുണ്ട്. അമ്പലപ്പുഴ എംഎല്‍എ ജി സുധാകരനാണ് ബില്ലിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നത്. സരൾ ബില്‍ സര്‍ക്കാരിന് ബാധ്യതയാകുമെന്നായിരുന്നു സുധാകരന്റെ മുന്നറിയിപ്പ്. വാദ പ്രതിവാദത്തിനല്ല താന്‍ പറയുന്നതെന്നും വനപ്രദേശം കുറയാന്‍ ഇത് കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് കരാള ബില്ലാണെന്നും എന്താണ് ഇതിന്റെ അര്‍ത്ഥമെന്നും അദ്ദേഹം ചോദിച്ചു.
വ്യവസായ അനുമതി സുഗമമാകുമ്പോള്‍ നെൽ വയലുകളിലും തണ്ണീര്‍ തടങ്ങളിലും നിലവിലുള്ള സംരക്ഷണം തുടരുമെന്ന് ഉറപ്പുണ്ടോ എന്നും എംഎല്‍എ ചോദിച്ചു. തണ്ണീര്‍ത്തടങ്ങളും തോടും കായലും സംരക്ഷിക്കാനുള്ള മുന്‍കരുതല്‍ ബില്ലില്‍ ഇല്ല. എന്ത് മുന്‍കരുതലാണ് എടുത്തിട്ടുള്ളത്. കുട്ടനാടില്‍ നെല്‍ സംരക്ഷണ സമിതി രൂപീകരിച്ച ആളാണ് താന്‍. ഇത് സംസ്ഥാനത്തിന് ദോഷം ചെയ്യുമെന്നും സുധാകരന് ചൂണ്ടിക്കാട്ടി. എന്നാല്‍ കരുതല്‍ ഉണ്ടാകുമെന്നും നെല്‍വയല്‍ ആണെങ്കില്‍ അത് തടയാന്‍ ജില്ലാ കളക്ടര്‍ക്ക് അധികാരം ഉണ്ടാകുമെന്നും വ്യവസായ മന്ത്രി വിശദീകരണം നല്കി. ഇതിന് മറുപടിയായി പ്രശ്നം ഇല്ല എന്ന് പറഞ്ഞാല്‍ മാത്രം പോരായെന്നും സംരക്ഷണം ബില്ലില്‍ എഴുതി വയ്ക്കണം എന്നുമായിരുന്നു സുധാകരന്റെ മറുപടി.
എന്നാല്‍ ജി സുധാകരനെ പരിഹസിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി വി ഡി സതീശന്റെ ഭാഗത്ത് നിന്നുണ്ടായത്. സുധാകരന് ആവര്‍ത്തിച്ചു പറയുമ്പോള്‍ തങ്ങള്‍ കരുതിയത് അദ്ദേഹത്തിന് ആശങ്ക കൊണ്ടാണെന്നാണ്. എന്നാല്‍ പുറക്കാട് പാടശേഖരം നികത്തി എയിംസ് സ്ഥാപിക്കണമെന്ന് രാവിലെ ശ്രദ്ധ ക്ഷണിച്ച ആളാണ് സുധാകരന് എന്നായിരുന്നു പരിഹാസം. തങ്ങള്‍ പാടശേഖരം നികത്തി ഒന്നും ചെയ്യില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കഴിഞ്ഞ 10 വര്‍ഷത്തെ ക്രെഡിറ്റ് എന്ന് പറയുന്നത് പൂട്ടിപ്പോയ പൊതുമേഖല സ്ഥാപനങ്ങളാണ് എന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. കടത്തില്‍ പോകാനുള്ള കാരണങ്ങളൊക്കെ അന്വേഷിക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം എത്ര സ്പിന്നിങ് മില്ലുകളാണ് പൂട്ടിപ്പോയതെന്നും ചോദിച്ചു. പഞ്ചായത്തിലെ ഒരു ക്ലര്‍ക്ക് വിചാരിച്ചാല്‍ വ്യവസായം തുടങ്ങാന്‍ വന്ന ഒരാളെ പുറത്തു നിര്‍ത്താന്‍ കഴിയുമെന്നും വി ഡി സതീശന് പറഞ്ഞു. മൂന്നര കൊല്ലം ഒരു അനുമതിയും ഇല്ലാതെ വ്യവസായം തുടങ്ങാന്‍ അനുവാദം നല്കിയവരാണ് സരള്‍ ബില്ലിനെതിരെ പ്രതിഷേധിക്കുന്നതെന്ന് വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി വിമര്‍ശനമുയര്‍ത്തി. ആവശ്യമില്ലാത്ത ഇടങ്ങളിലെ മുദ്രാവാക്യം വിളികളാണ് നാടിന്റെ പ്രശ്നമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജി സുധാകരനോട് അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും സുധാകരന് ഉന്നയിച്ച വിഷയങ്ങളോട് യോജിക്കുന്നു എന്നായിരുന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ നിലപാട്. തണ്ണീര്‍ത്തട നിയമം സംരക്ഷിക്കപ്പെടണം. ഈ ബില്ല് ത്രിതല കമ്മറ്റികളുടെ അധികാരം റദ്ദാകും. തദ്ദേശസ്ഥാപനങ്ങളുടെ അധികാര വികേന്ദ്രീകരണം കവര്‍ന്നെടുക്കും. യുഡിഎഫ് സര്‍ക്കാര്‍ ഒളിച്ചു കടത്തുന്നത് ജനവിരുദ്ധമായ ബില്ലാണെന്നും പിണറായി കുറ്റപ്പെടുത്തി. സിവില്‍ കോടതിയില്‍ പോലും സാധാരണ പൗരന് പോകാന്‍ കഴിയില്ല. പഴയ അടിയന്തരാവസ്ഥയ്ക്ക് സമാനമായ നിയമമാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി ഉള്‍പ്പെടെ രഹസ്യ അജണ്ടകളിലൂടെ ഇതിനെ ഒളിച്ചു കടത്താന്‍ ശ്രമിക്കുന്നു. ഇത് വലിയ സാമൂഹിക പരിസ്ഥിതി ആഘാതങ്ങള്‍ ഉണ്ടാകും. കേരളത്തിന്റെ ഓരോ മേഖലയും തകര്‍ത്തു കൊണ്ടിരിക്കുന്നു. ഇന്നലെ തീരദേശ മേഖലയുടെ പ്രശ്നമാണ് ഉയര്‍ന്നുവന്നതെങ്കില്‍ ഇന്ന് തണ്ണീര്ത്തടകളെയും നെല്‍ പ്രദേശത്തെയും ബാധിക്കുന്ന വിഷയം ആണ് ഉയര്‍ന്നത്. നെല്‍വയലുകള്‍ പലതും നെല്‍വയലുകള്‍ അല്ലാതെയാകുമെന്നും പിണറായി വിശദീകരിച്ചു.
പൂര്‍ണ്ണമായും എല്ലാ മാഫിയകള്‍ക്ക് തീര് എഴുതി കൊടുക്കുന്ന സ്ഥിതിയാണ് ഇപ്പോള്‍ ഉള്ളത്. ജനാധിപത്യവിരുദ്ധമായ നടപടിയാണ് ഇത്. സരള്‍ എന്നാണ് പേര് എങ്കിലും കരാള ബില്ലായി ഇത് മാറുന്നു എന്നും പ്രതിപക്ഷ നേതാവ് രൂക്ഷ വിമര്‍ശനമുയര്‍ത്തി. ഒരുതരത്തിലും ബില്‍ അംഗീകരിക്കാന്‍ കഴിയില്ല. നാടിന്റെ തനിമ തകര്‍ക്കാന്‍ ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നു. ശക്തമായ പ്രതിഷേധങ്ങളും ഇതിന്റെ ഭാഗമായി ഉയര്‍ന്നു വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. ത്രിതല കമ്മിറ്റി തന്നെയാണോ തീരുമാനം എടുക്കുന്നതെന്ന് സ്പീക്കര്‍ ചോദിച്ചിരുന്നു. എന്നാല്‍ ഇവിടെ ഉദ്യോഗസ്ഥ കമ്മിറ്റികള്‍ക്കാണ് അധികാരം കൈമാറുന്നത്. നെല്‍വയലുകള്‍ മാഫിയകള്‍ക്ക് തീറെഴുതുന്ന അവസ്ഥ വരുമെന്നും പിണറായി മുന്നറിയിപ്പ് നല്കി. ഏകജാലക സംവിധാനത്തിലൂടെ വ്യവസായങ്ങള്‍ തുടങ്ങുന്നതിനുള്ള സംവിധാനത്തെ അട്ടിമറിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

