നെയ്യാറ്റിന്‍കരയില്‍ അമ്പിളിയുടെ മൃതദേഹവുമായി എത്തിയ ആംബുലന്‍സ് നാട്ടുകാര്‍ തടഞ്ഞു, പ്രതിഷേധം

നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ ആത്മഹത്യാശ്രമത്തിനിടെ പൊള്ളലേറ്റ് മരിച്ച അമ്പിളിയുടെ മൃതദേഹം വീട്ടിലേക്ക് എത്തിച്ച ആംബുലൻസ് നാട്ടുകാർ തടഞ്ഞു. വീടിന് നൂറ് മീറ്റർ ദൂരെ വെച്ചാണ് ആംബുലൻസ് തടഞ്ഞത്.
രാജനും കുടുംബവും താമസിച്ചിരുന്ന സ്ഥലം ഒഴിപ്പിക്കാനെത്തിയ പോലീസുകാർക്കെതിരെ നടപടിയെടുക്കാതെ മൃതദേഹം സംസ്കരിക്കാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ആവശ്യം അംഗീകരിക്കുന്നതു വരെ മൃതദേഹം സംസ്കരിക്കാനാവില്ലെന്നും നാട്ടുകാർ പറയുന്നുണ്ട്.
പ്രതിഷേധം ശക്തമായതിനെ തുടർന്ന് നെയ്യാറ്റിൻകര ഡിവൈഎസ്പിയും സംഘവും സ്ഥലത്തെത്തി. നാട്ടുകാരുമായി സമവായചർച്ചകൾ നടത്തുന്നുണ്ട്. ആവശ്യങ്ങൾ അംഗീകരിക്കുമെന്ന ഉറപ്പ് എഴുതി നൽകണമെന്നാണ് നാട്ടുകാർ പറയുന്നത്.
രാജനും കുടുംബവും താമസിച്ചിരുന്ന സ്ഥലം കയ്യേറിയതാണെന്ന് പരാതിപ്പെട്ട അയൽവാസിയായ വസന്തയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നേരത്തെ നാട്ടുകാർ വസന്തയുടെ വീടിന് മുന്നിൽ വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തുടർന്ന് ക്രമസമാധാന നില കണക്കിലെടുത്ത് വസന്തയെ പോലീസ് കരുതൽ കസറ്റഡിയിലെടുത്തു.
നെയ്യാറ്റിൻകര അതിയന്നൂർ പഞ്ചായത്തിലെ പോങ്ങിൽ നെട്ടതോട്ടം ലക്ഷംവീട് കോളനിയിൽ രാജൻ സ്ഥലം കയ്യേറിയെന്ന് കാണിച്ച് അയൽവാസിയായ വസന്തയാണ് നെയ്യാറ്റിൻകര പ്രിൻസിപ്പൽ മുൻസിഫ് കോടതിയെ സമീപിച്ചത്. തുടർന്ന് കോടതി അഭിഭാഷക കമ്മിഷനെ നിയമിച്ച് അന്വേഷണം നടത്തി. ഇതിന്റെ അടിസ്ഥാനത്തിൽ കോടതി ഉത്തരവ് പ്രകാരം രാജനെയും കുടുംബത്തെയും സ്ഥലത്ത് നിന്ന് ഒഴിപ്പിക്കാനെത്തിയപ്പോഴാണ് രാജൻ ഭാര്യ അമ്പിളിയെ ചേർത്തുപിടിച്ച് ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യശ്രമം നടത്തിയത്. ഗുരുതരമായ പൊള്ളലേറ്റ രാജൻ ഞായറാഴ്ച രാത്രിയും അമ്പിളി തിങ്കളാഴ്ച രാത്രിയുമാണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവമുണ്ടായത്.
വസ്തു രാജന്റെ മക്കൾക്ക് വിട്ടുകൊടുക്കില്ലെന്ന് വസന്ത നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഒരു കുറ്റവും ചെയ്തിട്ടില്ല.തന്റെ വസ്തുവല്ലെന്നാണ് ഇപ്പോൾ എല്ലാവരും പറയുന്നത്. അത് തന്റേതാണെന്ന് തെളിയിക്കണം, നിയമത്തിന്റെ വഴിയിലൂടെ തന്നെ പോകുമെന്നും വസന്ത പറഞ്ഞു.

