കാഞ്ഞങ്ങാട് ഔഫ് കൊലപാതകം : മുഖ്യ പ്രതി ഇർഷാദിനെ കസ്റ്റഡിയിൽ കിട്ടാൻ ക്രൈംബ്രാഞ്ച് അപേക്ഷ നൽകി

കാഞ്ഞങ്ങാട് : കല്ലുരാവിയിലെ ഡി വൈ എഫ് ഐ പ്രവർത്തകൻ ഔഫ് അബ്ദുൾ റഹ്മാൻ കൊലക്കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി . എസ് പി കെ കെ മൊയ്തീൻകുട്ടി , ഡിവൈ എസ് പി കെ ദാമോദരൻ , ഇൻസ്പെക്ടർ സി എ അബ്ദുൾ റഹിം എന്നിവർ കൊല നടന്ന സ്ഥലം സന്ദർശിച്ചു . ഗൂഢാലോചന ഉണ്ടായിട്ടുണ്ടോ , കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നീ കാര്യങ്ങളാണ് ക്രൈംബ്രാഞ്ച് പ്രധാനമായും അന്വേഷിക്കുന്നത് . ഇതിനായി മുഖ്യ പ്രതിയും മുസ്ലീംയൂത്ത് ലീഗ് മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറിയുമായ ഇർഷാദിനെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകി . കൊലയ്ക്ക് ഉപയോഗിച്ച ആയുധവും കണ്ടെത്താനുണ്ട് . ഇത് കൊല നടന്ന സ്ഥലത്തിന് സമീപത്ത് തന്നെ ഉപേക്ഷിച്ചുവെന്നാണ് ഇർഷാദ് ലോക്കൽ പൊലീസിന് നൽകിയ മൊഴി . എന്നാൽ കത്തി കണ്ടെടുക്കാൻ കഴിഞ്ഞില്ല . ഇർഷാദിനെ കസ്റ്റഡിയിലെടുത്ത് സ്ഥലത്തെത്തിച്ചു . തെളിവെടുപ്പു നടത്തിയാൽ കത്തി കണ്ടെത്താൻ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്ക് കൂട്ടൽ . അതേസമയം കൊല നടന്ന ദിവസം മറ്റു രണ്ടു പ്രതികളായ ആഷിറും ഹസ്സനും എവിടെയായിരുന്നുവെന്ന് വ്യക്തമല്ല . ഇവർക്ക് മാറ്റാരെങ്കിലും സഹായം ചെയ്തിട്ടുണ്ടോയെന്നറിയാൻ സൈബർ സെല്ലിന്റെ സഹായം തേടാനും തീരുമാനിച്ചിട്ടുണ്ട്

