KSDLIVENEWS

Real news for everyone

ചുട്ടുപൊള്ളി കാസർകോട്

SHARE THIS ON

കാസർകോട് ∙ വേനൽമഴ പെയ്തു തോർന്നെങ്കിലും ചൂടിൽ വിയർത്തു വലയുകയാണു ജില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശക്തമായ ചൂടാണ് സംസ്ഥാനത്തെമ്പാടും രേഖപ്പെടുത്തുന്നത്. കാർമേഘങ്ങളുണ്ടാകുന്നുണ്ടെങ്കിലും ചൂടു കൂടുന്നതല്ലാതെ മഴ പെയ്യുന്നില്ല. ഏപ്രിൽ മാസത്തിൽ സാധാരണ അനുഭവിക്കുന്നതിലും കൂടുതലാണ് ജില്ലയിൽ ഈ ദിവസങ്ങളിൽ അനുഭവപ്പെടുന്നത്. അന്തരീക്ഷ ആർദ്രത കൂടുതലായതിനാലാണു പകലും രാത്രിയും ചൂട് കൂടുതൽ അനുഭവപ്പെടുന്നത്. ഇതിനിടെ കഴിഞ്ഞ 2 ദിവസങ്ങളിലുണ്ടായ വൈദ്യുതി നിയന്ത്രണവും ജനങ്ങളെ വലച്ചു.

പകൽ‍ സമയത്ത് ഇടയ്ക്ക് കറന്റ് പോയാൽ ഓഫിസുകളിൽ കഴിയുന്നതു വലിയ പ്രയാസമാണ്. ഫാനോ എസിയോ ഇല്ലാതെ രാത്രി ഉറങ്ങാനാവാത്ത അവസ്ഥയാണ്. രാവിലെ 10നു ശേഷം കനത്ത ചൂട് അനുഭവപ്പെടുന്നുണ്ട്. സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴ ലഭിക്കുന്നുണ്ടെങ്കിലും ഭൂരിഭാഗം സ്ഥലങ്ങളിലും ചൂട് അസഹനീയമാണ്. സംസ്ഥാന വ്യാപകമായി മേയ് 20നു ശേഷം മഴ ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ.


വടക്കേ ഇന്ത്യയിൽ ഉഷ്ണ തരംഗം

45 ഡിഗ്രിയിലേറെ ഉയർന്ന ചൂടാണ് ന്യൂഡൽഹി ഉൾപ്പെടെ പല മേഖലകളിലും. 5 സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് 8 ജില്ലകളിൽ താപനില 35 ഡിഗ്രി കടന്നു. ജില്ലയിലുടനീളം ഈ ദിവസങ്ങളിൽ പതിവിലും 2–3 ഡിഗ്രി സെൽഷ്യസ് വരെ കൂടിയ താപനിലയാണ് അനുഭവപ്പെടുന്നത്. ഇതോടെ 37–38 ഡിഗ്രിക്കു മുകളിലാണു പലപ്പോഴും ചൂട്.

സൂര്യന്റെ ഉത്തരായന സമയമായതിനാൽ വരണ്ട കാലാവസ്ഥയിൽ താപനില ഉയരുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നുണ്ട്. ഏപ്രി‍ൽ പകുതിയോടെ വേനൽമഴ എത്തി ചൂട് കുറയുന്നതാണു പതിവു രീതി. ശരാശരിയിൽ നിന്ന് 33% മഴ കുറഞ്ഞതും വരണ്ട വടക്കു കിഴക്കൻ കാറ്റിന്റെ സ്വാധീനവും താപനില ഉയരാനുള്ള കാരണങ്ങളാ‍ണ്.

പുറംജോലി ചെയ്യുന്നവർ ജാഗ്രത പാലിക്കണം

ദേശീയപാതാ നിർമാണ ജോലികളുമായി ബന്ധപ്പെട്ട ഭൂരിഭാഗം തൊഴിലാളികൾക്കും കയറി നിൽ‍ക്കാൻ തണലിടം പോലുമില്ലാത്ത അവസ്ഥയാണ്. കനത്ത വെയിലിൽ ജോലി ചെയ്യുന്ന ജീവനക്കാർ മിക്കവരും ഇപ്പോൾ സൺഗ്ലാസുകൾ ഉപയോഗിക്കുന്നുണ്ട്. വലിയ മെഷീനുകളുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുമ്പോൾ മറ്റു വഴിയില്ലെന്നാണു ജീവനക്കാരും പറയുന്നത്. മേഘങ്ങളില്ലാതെ ആകാശം തെളിയുന്നതാണു സൂര്യനിൽ നിന്നുള്ള യുവി കിരണങ്ങളുടെ തീവ്രത വർധിച്ച് പൊള്ളലിലേക്ക് നയിക്കുന്നത്.

വെയിൽ ഏറ്റവും ശക്തമാകുന്ന 11 മുതൽ 3 മണി വരെ പുറത്തുള്ള ജോലികൾ നിയന്ത്രിക്കുകയാണു വേണ്ടത്. ഈ സമയത്ത് വിശ്രമം അനുവദിക്കണമെന്നു തൊഴിൽ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. പരിധിയിൽ കൂടുതൽ വെയിലേറ്റാ‍ൽ ത്വക്കിൽ ആദ്യം നീറ്റലും(സൂര്യാതപം) തുടർന്നു സൂര്യാഘാതവും ഉണ്ടാകാൻ സാധ്യതയേറെയാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!