യുക്രൈനിൽ ബലാത്സംഗങ്ങളും ആഗ്രഹിക്കാത്ത ഗർഭങ്ങളും ഏറുന്നു, ഗർഭനിരോധന ഗുളികകളെത്തിച്ച് സംഘടനകൾ

കീവ്: എല്ലാ യുദ്ധനീതികളെയും ലംഘിച്ചു കൊണ്ടാണ് യുക്രൈനിൽ റഷ്യന്‍ പട്ടാളത്തിന്റെ ലൈംഗിക പീഡനത്തിന് സ്ത്രീകൾ ഇരയാവുന്നത്. നിരവധി സ്ത്രീകൾ അവരാഗ്രഹിക്കാത്ത ഗർഭം ധരിക്കുന്നത് ഒഴിവാക്കാൻ ദിവസേന മൂവായിരത്തോളം ഗര്‍ഭനിരോധന ഗുളികകള്‍ യുക്രൈനിലേക്ക് എത്തിക്കുകയാണ് സന്നദ്ധ സംഘടനകള്‍. ദി ഇന്റര്‍നാഷണല്‍ പ്ലാന്‍ഡ് പാരന്റ്ഹുഡ് ഫെഡറേഷനാണ് (IPPF)ഇവിടേക്ക് ഗര്‍ഭനിരോധന ഗുളികകള്‍ എത്തിക്കുന്നത്. 24 ആഴ്ച്ചയ്ക്കുള്ളില്‍ ഉപയോഗിക്കാവുന്ന അബോര്‍ഷന്‍ ഗുളികകളും ഇവര്‍ വിതരണം ചെയ്യുന്നുണ്ട്.
“ബലാത്സംഗത്തിന് ശേഷം ഗര്‍ഭം ധരിക്കുന്നത് വളരെയധികം ട്രോമ നല്‍കുന്നതാണ്. ഇത് കൊണ്ട് തന്നെ ബലാത്സംഗം ചെയ്യപ്പെട്ട് 5 ദിവസത്തിനുള്ളില്‍ ഈ പില്‍ അവര്‍ക്ക് എത്തിക്കണം. സമയബന്ധിതമായി ഗുളിക എത്തിക്കുക എന്നത് വെല്ലുവിളി നിറഞ്ഞതാണ്”, സന്നദ്ധ സംഘടനാ പ്രവര്‍ത്തകയായ കരോളിന്‍ ഹിക്‌സന്‍ പറയുന്നു.
ഉഭയസമ്മതപ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് യുദ്ധകാലത്തെ സാമൂഹിക സാഹചര്യത്തിൽ കുട്ടികൾ വേണ്ടെന്ന നിലപാടാണെങ്കിൽ അവർക്കും ഈ ഗുളികകള്‍ ഉപയോഗിക്കാവുന്നതാണ്. യുദ്ധത്തിന് മുന്‍പ് ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ വിതരണം ചെയ്യുന്നത് എളുപ്പമായിരുന്നു. എന്നാല്‍ യുദ്ധ മുലം വിതരണ ശൃംഖല പ്രവര്‍ത്തനങ്ങള്‍ തകിടം മറിഞ്ഞിരിക്കുകയാണെന്നും ഹിക്‌സന്‍ കൂട്ടിചേര്‍ത്തു.

