KSDLIVENEWS

Real news for everyone

തൃശ്ശൂരില്‍ സുനില്‍ കുമാർ വലിയ ചലനമുണ്ടാക്കി’; നാലിൽ മൂന്ന് സീറ്റും ജയിക്കുമെന്ന വിലയിരുത്തലിൽ സിപിഐ

SHARE THIS ON

കോട്ടയം: സംസ്ഥാനത്ത് സി.പി.ഐ. മൂന്ന് സീറ്റില്‍ ജയിക്കുമെന്ന് പാര്‍ട്ടി വിലയിരുത്തല്‍. തൃശ്ശൂരും മാവേലിക്കരയും തിരുവനന്തപുരവുമാണ് പ്രതീക്ഷ. അതത് ജില്ലാ നേതൃത്വങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ട് പാര്‍ട്ടി സംസ്ഥാന എക്‌സിക്യുട്ടീവ് മേയ് രണ്ടിന് പരിഗണിക്കും. തിരഞ്ഞെടുപ്പ് അവലോകനവും അന്നുണ്ടാകും.


തൃശ്ശൂരില്‍ വി.എസ്. സുനില്‍കുമാര്‍ വലിയ ചലനമുണ്ടാക്കിയെന്നാണ് പാര്‍ട്ടി വിലയിരുത്തിയത്. നാട്ടുകാരന്‍, മന്ത്രിയും എം.എല്‍.എ.യുമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്നീ ഘടകങ്ങളും മണ്ഡലത്തിന്റെ ഇടത് അടിത്തറയും ഗുണകരമായി. കെ. കരുണാകരനും കെ. മുരളീധരനും തൃശ്ശൂരില്‍ സി.പി.ഐ. തിരിച്ചടി നല്‍കിയ ചരിത്രമുണ്ട്.

തിരുവനന്തപുരത്ത് ബി.ജെ.പി.യും കോണ്‍ഗ്രസും ജനങ്ങളുടെ മനസ്സിലേക്ക് എത്തിയില്ലെന്നും സാധാരണക്കാര്‍ക്ക് സമീപിക്കാവുന്ന പന്ന്യന്‍ രവീന്ദ്രനെന്ന സ്ഥാനാര്‍ഥി അംഗീകാരം നേടിയെന്നുമാണ് കണക്കാക്കുന്നത്. അവസാനം കോണ്‍ഗ്രസ് പ്രവര്‍ത്തനം മങ്ങിപ്പോയി.

എന്‍.ഡി.എ. വലിയ പണം ചെലവിട്ട് ആഡംബരം കാട്ടിയത് ഗുണമായില്ലെന്നുമാണ് സി.പി.ഐ. വിലയിരുത്തല്‍.

മാവേലിക്കരയില്‍ സി.എ. അരുണ്‍കുമാര്‍, യുവാവ് എന്ന നിലയില്‍ വലിയ മതിപ്പുണ്ടാക്കി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷിനെതിരേ മണ്ഡലത്തില്‍ വികാരമുണ്ടായിരുന്നു. എല്ലാ അസംബ്ലി മണ്ഡലങ്ങളിലും പാര്‍ട്ടി മുന്നിലെത്തുമെന്നാണ് കണക്ക്.

വയനാട്ടില്‍ ആനി രാജയുടെ സാന്നിധ്യം രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം കുറയ്ക്കും. രാഹുലിന് മുന്‍ പ്രകടനം ആവര്‍ത്തിക്കാനായിട്ടില്ലെന്നും രാഷ്ട്രീയമായി രാഹുലിനെ ഇടതുമുന്നണി വിമര്‍ശിച്ചത് ഗുണംചെയ്‌തെന്നുമാണ് വിലയിരുത്തല്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!