ചരിത്രം കുറിച്ച് ഐ എസ് ആര്‍ ഒ; പിഎസ്‌എല്‍വി സി 53 വിക്ഷേപണം വിജയം, മൂന്ന് ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിച്ചു

ശ്രീഹരിക്കോട്ട: സിംഗപ്പൂരില്‍ നിന്നുള്ള മൂന്ന് ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി സി 53 ഐ.എസ്.ആര്‍.ഒ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്റെറിലെ രണ്ടാംവിക്ഷേപണത്തറയില്‍ നിന്നാണ് പി.എസ്.എല്‍.വി സി 53 വിക്ഷേപണം നടന്നത്.
മൂന്ന് ഉപഗ്രഹങ്ങളാണ് പി.എസ്.എല്‍.വി സി- 53 ഭ്രമണപഥത്തില്‍ എത്തിച്ചത്.
സിംഗപ്പൂരില്‍ നിന്നുള്ളതും റിപ്പബ്ലിക് ഒഫ് കൊറിയയുടെ സ്റ്റാരെക് ഇനിഷ്യേറ്റീവ് നിര്‍മ്മിച്ചതുമായ DS- EO, NeuSAR ഉപഗ്രഹങ്ങളും സിംഗപ്പൂരിലെ നന്യാംഗ് ടെക്നോളജിക്കല്‍ യൂണിവേഴ്സസിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച എസ് ക്യൂബ് -1 ഉപഗ്രഹവുമാണ് വിക്ഷേപിച്ചത്. നന്യാംഗ് യൂണിവേഴ്‌സിറ്റിയുടെ എസ് – ക്യൂബ് -1 ഉപഗ്രഹ നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിച്ചത് തിരുവനന്തപുരം അമ്ബലമുക്ക് സ്വദേശി അമല്‍ ചന്ദ്രനായിരുന്നു. സ്‌റ്റുഡന്റ് സാറ്റലൈറ്റ് സീരീസ് അഥവാ എസ് ക്യൂബ് എന്നാണ് ദൗത്യത്തിന് പേര്. രണ്ട് കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. ഏറോ സ്പേസ് എന്‍ജിനീയറായ അമല്‍ ചന്ദ്രന്‍ നന്യാംഗ് യൂണിവേഴ്‌സിറ്റിയിലെ സാറ്റലൈറ്റ് സെന്ററിന്റെ ഡയറക്‌ടറാണ്.
ഐ. എസ്. ആര്‍. ഒയുടെ വാണിജ്യവിഭാഗമായ ന്യൂ സ്പെയ്സ് ഇന്ത്യയുടെ രണ്ടാമത്തെ വാണിജ്യ വിക്ഷേപണമാണിത് . പി.എസ്.എല്‍.വിയുടെ 55-ാമത്തെയും പി.എസ്.എല്‍.വി കോര്‍ എലോണ്‍ റോക്കറ്റിന്റെ 15-ാമത്തെയും വിക്ഷേപണമാണ് ഇന്ന് നടന്നത്.

