ഫായിസ് പകരുന്നത് ശുഭാപ്തി വിശ്വാസത്തിന്റെ ഉദാത്ത മാതൃക.
അഭിനന്ദനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം | ‘ചെലര്ത് റെഡ്യാവും, ചെലര്ത് റെഡ്യാവൂലാ, ന്റെത് റെഡ്യായില്യാ, അങ്ങനായാലും ഞമ്മക്കൊരു കൊയപ്പൂല്യാ’ എന്ന വാക്കുകളിലൂടെ ജനഹൃദയം കവര്‍ന്ന കൊച്ചു ഫായിസിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിനന്ദനം. സമൂഹത്തിന് ഒന്നടങ്കം മാതൃകയാവുന്ന വാക്കും പ്രവൃത്തിയുമാണ് നാലാം ക്ലാസുകാരന്‍ ഫായിസിന്റെതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. ശുഭാപ്തി വിശ്വാസമാണ് എന്ത് വലിയ പ്രശ്നങ്ങള്‍ക്ക് നടുവിലും തളരാതെ മുന്നോട്ടുപോവാന്‍ ഇന്ധനമായി മാറേണ്ടത്. പ്രതീക്ഷകള്‍ ഉയര്‍ത്തിപ്പിടിക്കുകയും നിശ്ചയദാര്‍ഢ്യത്തോടെ വെല്ലുവിളികളെ മറികടക്കുകയും ചെയ്യേണ്ട ഘട്ടത്തില്‍ നാം പരസ്പരം പ്രചോദിപ്പിക്കേണ്ടതുണ്ട്.
ആ ഉത്തരവാദിത്തം കുഞ്ഞുങ്ങളും ഏറ്റെടുത്തത് കാണുമ്ബോള്‍ സന്തോഷം തോന്നുന്നു.
ഫായിസിന്റെ നിഷ്‌കളങ്കമായ വാക്കുകള്‍ ഒരു സമൂഹത്തിന്റെ തന്നെ മുദ്രാവാക്യമായി മാറിയതായി മുഖ്യമന്ത്രി പറഞ്ഞു. തനിക്ക് കിട്ടിയ സമ്മാനത്തുകയുടെ ഒരുഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുകയും ബാക്കി നിര്‍ധന കുടുംബത്തിലെ പെണ്‍കുട്ടിയുടെ വിവാഹത്തിനായി നീക്കിവെക്കുകയും ചെയ്തതിലൂടെ ഫായിസ് തന്റെ ചിന്തകളെ പ്രാവര്‍ത്തികമാക്കുകയും ചെയ്തിരിക്കുന്നു. എല്ലാവരും പിന്തുടരേണ്ട ഉദാത്തമായ സാമൂഹിക പ്രതിബദ്ധതയാണ് ഫായിസ് സമൂഹത്തിന് നല്‍കുന്നത്. ഫായിസിനേയും അവന് പിന്തുണ നല്‍കിയ രക്ഷിതാക്കളേയും അഭിനന്ദിക്കുതായും മുഖ്യമന്ത്രി വ്യക്തമാക്കി.