KSDLIVENEWS

Real news for everyone

ആത്മീയ പ്രഭയിലലിഞ്ഞ് ഓണ്‍ലൈനായി പതിനായിരങ്ങള്‍;
മഅ്ദിന്‍ മുഹര്‍റം സമ്മേളനത്തിന് പ്രൗഢ സമാപനം

SHARE THIS ON

മലപ്പുറം : മുഹര്‍റം പത്തിന്റെ വിശുദ്ധിയില്‍ മലപ്പുറം സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച ആശൂറാഅ് ആത്മീയ സമ്മേളനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഓണ്‍ലൈനായി പതിനായിരങ്ങള്‍ സംബന്ധിച്ചു. മാനവിക ചരിത്രത്തിലെ നിരവധി സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ആശൂറാഇന്റെ പുണ്യം തേടി വിശ്വാസികള്‍ ഒരു പകല്‍ മുഴുവന്‍ ദിക്‌റുകളും പ്രാര്‍ഥനകളുമുരുവിട്ട് സംഗമിച്ചു.

മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. തിരിച്ചുവരവിന്റെയും പ്രതിസന്ധികളില്‍ നിന്നുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെയും പാഠമാണ് ഹിജ്‌റ വര്‍ഷത്തിലെ ആദ്യ മാസമായ മുഹര്‍റം നല്‍കുന്നതെന്ന് മുഖ്യപ്രഭാഷണത്തില്‍ അദ്ദേഹം ഉണര്‍ത്തി.

ആദി മനുഷ്യനായ ആദം നബിയോടൊപ്പം തന്നെ മനുഷ്യ ജീവിതത്തില്‍ പ്രതിസന്ധികളും പ്രശ്‌നങ്ങളും ആരംഭിച്ചിട്ടുണ്ട്. മനക്കരുത്തോടെയും അല്ലാഹുവിലുള്ള ഉറച്ച വിശ്വാസത്തോടെയും അവയെ നേരിട്ടാല്‍ വിജയം സുനിശ്ചിതമാണ്. പ്രവാചകരുടെയും മഹത്തുക്കളുടെയും ജീവിതാനുഭവങ്ങള്‍ ഇതാണ് പഠിപ്പിക്കുന്നത്. കൊവിഡ് അടക്കമുള്ള പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് മുഹര്‍റത്തിന്റെ വിശുദ്ധ വേളകളിലുള്ള പ്രാര്‍ഥനകള്‍. ഇസ്ലാമിക ചരിത്രത്തിലെ കറുത്ത അധ്യായമായ കര്‍ബലയെ മുന്‍നിര്‍ത്തി മുഹര്‍റം പത്തിന് വേദനയുടെയും വെറുപ്പിന്റെയും പരിവേഷമണിയിക്കുന്നത് സ്രഷ്ടാവിന്റെ അനുഗ്രഹങ്ങളെ നിഷേധിക്കുന്നതിന് തുല്യമാണെന്നും ഇത്തരം പുണ്യ ദിനങ്ങളില്‍ ദുഃഖാചരണത്തിന്റെ ഭാഗമായി നടക്കുന്ന ആഭാസങ്ങള്‍ക്ക് ഇസ്ലാമിന്റെ പിന്തുണയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിരവധി സയ്യിദന്മാരും പണ്ഡിതന്മാരും സംബന്ധിച്ച പരിപാടിയില്‍ പ്രവാചക പൗത്രന്‍ സയ്യിദ് ഹുസൈന്‍(റ) ആണ്ട് നേര്‍ച്ചയും നടന്നു. ഖുര്‍ആന്‍ പാരായണം, സ്വലാത്ത്, ഇഖ്‌ലാസ് പാരായണം, മുഹര്‍റം പത്തിലെ പ്രത്യേക ദിക്‌റുകള്‍, പ്രാര്‍ഥനകള്‍, ചരിത്ര സന്ദേശ പ്രഭാഷണം, തഹ്ലീല്‍, തൗബ എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. രാവിലെ 11ന് ആരംഭിച്ച ആശൂറാഅ് സമ്മേളനം നോമ്പുതുറയോടെയാണ് സമാപിച്ചത്. മുഹര്‍റം ഒന്ന് മുതല്‍ നടന്നുവന്ന ഹിജ്‌റ ക്യാമ്പയിന്‍ സമാപനം കൂടിയായിരുന്നു പരിപാടി.

സയ്യിദ് ഇസ്മാഈല്‍ ബുഖാരി കടലുണ്ടി, സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി കടലുണ്ടി, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് ഹബീബ് തുറാബ് തങ്ങള്‍ തലപ്പാറ, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സമസ്ത കേന്ദ്ര മുശാവറ അംഗം പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി, സമസ്ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേല്‍മുറി, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി മുസ്തഫാ മാസ്റ്റര്‍ കോഡൂര്‍, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി അരീക്കോട് എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!