2019 ലെ പുത്തുമല ദുരന്തം:
മർക്കസ് പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ “അലുംനി” നിർമ്മിച്ചു നൽകിയ വീടിന്റെ
ആദ്യ ഗൃഹപ്രവേശനം ഇന്ന് നടന്നു

മേപ്പാടി : കഴിഞ്ഞവർഷം പുത്തുമല ദുരന്തത്തിൽ മണ്ണിടിഞ്ഞ് വീടും സ്ഥലവും പൂർണമായി നഷ്ടപ്പെട്ട ഫാസിലിനും കുടുംബത്തിനും മർകസ് അലുംനി നിർമ്മിച്ചു നൽകിയ വീടിന്റെ ഗൃഹപ്രവേശം ഇന്ന് ഉച്ചക്ക് കൊവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് മേപ്പാടി കോട്ടനാട് നടന്നു. ആറു മാസക്കാലം കൊണ്ട് പണി പൂർത്തീകരിച്ച് കൈമാറുന്ന പുത്തുമലയിലെ ആദ്യത്തെ പ്രളയദുരിതാശ്വാസ ഭവനമാണ് ഇത്.
2019ലെ പ്രളയത്തിൽ സർവ്വതും നഷ്ടപ്പെട്ട നിസ്സഹായരായ ആസിഫിനും കുടുംബത്തിനും മർക്കസ് പൂർവ വിദ്യാർത്ഥി കൂട്ടായ്മയാണ് തുണയായത്. പത്ത് ദിവസം കൊണ്ട് പത്ത് ലക്ഷം രൂപ സ്വരൂപിച്ച് വീടിന്റെ പണി പൂർത്തീകരിച്ചു. ഉദാരമതികളായ നാട്ടിലും മറുനാട്ടിലും ഉള്ള സ്നേഹമനസ്കരുടെ സഹായത്തോടെയാണ് വീട് നിർമ്മാണം നടന്നത്.
കഴിഞ്ഞദിവസം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ വീടിന്റെ താക്കോൽദാനം ഔദ്യോഗികമായി നിർവഹിച്ചിരുന്നു. ഗൃഹപ്രവേശനത്തോട് അനുബന്ധിച്ചുള്ള ചടങ്ങിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, സ്ഥലം എം എൽ എ ശശീന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റ് സഹദ് മേപ്പാടി, വില്ലേജ് ഓഫീസർ ജയിംസ്, എസ് വൈ എസ് സാന്ത്വനം പ്രതിനിധി ഷറഫുദ്ദീൻ എസ്, മർകസ് അലുംനി സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ ഓൺലൈനിൽ സംബന്ധിച്ചു.